പ്രതീകാത്മക ചിത്രം | Photo: Gettyimage
ന്യൂഡൽഹി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർചെയ്യാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സ്വവർഗാനുരാഗികളായ രണ്ട് പുരുഷ ദമ്പതിമാർ നൽകിയ ഹർജികളിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ മറുപടിതേടി. സ്വവർഗരതി ക്രിമിനൽക്കുറ്റമല്ലാതാക്കി നാലുവർഷം മുൻപ് വിധിയെഴുതിയ ഭരണഘടനാബെഞ്ചിൽ അംഗമായിരുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചാണ് വെള്ളിയാഴ്ച കേന്ദ്രത്തിന് നോട്ടീസയച്ചത്. നാലാഴ്ചയ്ക്കകം സർക്കാർ മറുപടി പറയണമെന്നാവശ്യപ്പെട്ട സുപ്രീംകോടതി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ സഹായവുംതേടി.
ഉഭയസമ്മതത്തോടെയുള്ള സ്വവർഗരതി ക്രിമിനൽക്കുറ്റമല്ലെന്ന് 2018-ൽ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരുന്നു. ഇതോടൊപ്പം സ്വകാര്യത മൗലികാവകാശമാക്കിയ ഭരണഘടനാബെഞ്ചിന്റെ വിധികൂടി ചേർത്തുവായിക്കേണ്ടതാണെന്ന് സ്വവർഗദമ്പതിമാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു.
ഇഷ്ടമുള്ളയാളെ വിവാഹംകഴിക്കാനുള്ള അവകാശം സ്വവർഗാനുരാഗികൾക്കും ട്രാൻസ്ജെൻഡറുകൾക്കും നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. സ്പെഷ്യൽ മാരേജ് ആക്ടിനെ ലിംഗരഹിതമാക്കണം. ലൈംഗിക താത്പര്യത്തിന്റെ പേരിൽ വിവേചനം കാണിക്കരുതെന്നും ഹൈദരാബാദിലെ പുരുഷ സ്വവർഗാനുരാഗികളായ സുപ്രിയോ ചക്രബർത്തി, അഭയ് ഡങ് എന്നിവരുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി. സ്വവർഗവിവാഹം അനുവദിക്കാത്തത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് മറ്റൊരു പുരുഷ സ്വവർഗദമ്പതിമാരായ പാർഥ് ഫിറോസ് മെഹ്റോത്ര, ഉദയ് രാജ് എന്നിവരുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി. വിവാഹം അംഗീകരിക്കാത്തത് സ്വവർഗദമ്പതിമാരുടെ ദത്തെടുക്കൽ, വാടകഗർഭധാരണം തുടങ്ങിയ അവകാശങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ഹർജിക്കാർ പറഞ്ഞു. കേരളം, ഡൽഹി ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ ഇതേ വിഷയത്തിൽ ഹർജികൾ നിലവിലുണ്ടെന്ന് സുപ്രീംകോടതി വിലയിരുത്തി.
Content Highlights: Same-sex couples seek marriage recognition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..