സിയയും സഹദ് ഫാസിലും. കടപ്പാട്: paval19 instagram
സിയയും സഹദും ഒരു സ്വപ്‌ന യാത്രയിലാണ്, സഹദിന്റെ ഉദരത്തില്‍ ഇവരുടെ കുഞ്ഞിന്റെ മിടിപ്പുകള്‍ സംഗീതം പോലെ അലയടിക്കുമ്പോള്‍ ആ കുഞ്ഞു പൈതലിനെ മാറോടണച്ച് താരാട്ട് പാടാനായി കാത്തിരിക്കുകയാണ് സിയ. ട്രാന്‍സ് കപ്പിളായ സിയയും സഹദും തങ്ങളുടെ സ്വന്തം കുഞ്ഞെന്ന് സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ്.
' ഞങ്ങളുടെ ജീവിതത്തിന് അര്‍ത്ഥം വരാനായി ഒരു കുഞ്ഞുകൂടെ വേണമെന്ന തോന്നല്‍ ഞങ്ങള്‍ രണ്ടാള്‍ക്കും ശക്തമായി വന്നത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. നടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല ഞങ്ങള്‍ ആഗ്രഹിക്കാന്‍ തുടങ്ങി. '- സിയ പറയുന്നു.
'ആ സമയത്ത് പാര്‍ടണര്‍ സഹദിന്റെ ബ്രസ്റ്റ് റിമൂവല്‍ മാത്രമാണ് നടന്നിരുന്നത്. ഗര്‍ഭപാത്രം ഉള്ളതിനാല്‍ പ്രാഥമികമായി പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് എടുത്തതിന്റെ ബുദ്ധിമുട്ടകളും ഗര്‍ഭധാരണത്തിനുണ്ടായിരുന്നില്ല. ഗര്‍ഭകാലയളവില്‍ സഹദിന്റെ ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് നിര്‍ത്തിവെയ്ക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം'.
'രണ്ടാമത്തെ ഗര്‍ഭധാരണമാണ് വിജയിച്ചത്. ആദ്യത്തെ പരാജയപ്പെട്ടപ്പോള്‍ മാനസികമായി തകര്‍ന്നു പോയി രണ്ടാമത്തേത് ശരിയായപ്പോള്‍ ഒത്തിരി സന്തോഷമായി. ഇതാരോടുമുള്ള വാശി തീര്‍ക്കലല്ല ഞങ്ങളുടെ കുഞ്ഞ് ജീവിതത്തിന്റെ സന്തോഷമാണ്' സിയയും സഹദും ഒരേ സ്വരത്തില്‍ പറയുന്നു. ഈ പ്രക്രിയയ്ക്ക് വളരെ റിസ്‌ക്കുണ്ട്, ആദ്യമേ അറിയാമായിരുന്നു - സഹദ് പറഞ്ഞു തുടങ്ങി.
ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ഒരു കുട്ടി വേണമെന്ന തോന്നല്‍ വന്നത്. സിയയ്ക്ക് എന്തായാലും അതിന് പറ്റില്ല, പറ്റുന്നതാകട്ടെ എനിക്കും. അതിനാല്‍ അച്ഛനായ ഞാന്‍ ഗര്‍ഭധാരണം നടത്താമെന്ന് തീരുമാനിച്ചു. ആദ്യകാലത്ത് ഇതുമൂലം ഉണ്ടായേക്കാവുന്ന സാമൂഹിക സമ്മര്‍ദ്ദത്തെ കുറിച്ച് വളരെയധികം ഭയപ്പെട്ടിരുന്നു പിന്നീടത് മാറി. എല്ലാത്തിനും ഒപ്പം എന്റെ സിയയുണ്ട്. ഞാന്‍ പുരുഷന്‍ തന്നെയാണ് ഈ പ്രകൃയയില്‍ എനിക്കാണ് റോള്‍ എന്നത് കൊണ്ട് ആ റിസ്‌ക് ഞാനേറ്റെടുത്തു അത്ര മാത്രം. കോഴിക്കോട് മെഡിക്കല്‍ കോളേിലാണ് ചികിത്സ. ഡോക്ടര്‍മാരെല്ലാം പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്- സഹദ് പറയുന്നു
'മുലപ്പാല്‍ നല്‍കുന്നത് പറ്റില്ല. എന്നാല്‍ മില്‍ക്ക് ബാങ്ക് വഴി മുലപ്പാല്‍ കുട്ടിക്കായി എത്തിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കാമെന്നാണ് വിചാരിക്കുന്നത്. എല്ലാം നല്ല രീതിയില്‍ തന്നെ വരുമെന്നാണ് വിശ്വാസം'- സഹദ് കൂട്ടിചേര്‍ത്തു.
കോഴിക്കോട് സ്വദേശനി സിയയുടെയും തിരുവനന്തപുരം സ്വദേശി സഹദിന്റെയും പ്രണയം പൂവിട്ടത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി. സഹദിന്റെ വീട്ടില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയുണ്ടെങ്കിലും സിയയുടെ വീട്ടില്‍ നിന്ന് ബന്ധുവായൊരു സഹോദരിയും പാര്‍ടണറും മാത്രമാണ് പിന്തുണ നല്‍കുന്നത്.
'എന്റെ വീട്ടില്‍ ആദ്യം പേടിയായിരുന്നു. അവരെയാരെയും ഞാന്‍ കുറ്റം പറയില്ല. സാധാരണക്കാരായ മത്സ്യതൊഴിലാളി കുടുംബമാണ് എന്റേത്. ഞാന്‍ പറയുന്നത് ഒന്നും അവര്‍ക്ക് പൂര്‍ണ്ണമായി മനസിലാവുന്നുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ അവര്‍ക്കെന്നില്‍ വിശ്വാസമുണ്ട്. ആ വിശ്വാസമാണ് എന്റെ ശക്തി'- സഹദ് പറയുന്നു
നൃത്താധ്യാപികയാണ് സിയ. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് സഹദ്. തങ്ങളുടെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ സ്വന്തമായൊരു വീടിന് വേണ്ടിയും ഇവര്‍ ശ്രമങ്ങള്‍ തുടരുകയാണ്.
കുഞ്ഞ് വളര്‍ന്ന് വരുമ്പോള്‍ നേരിടേണ്ടി വന്നേക്കാവുന്ന കളിയാക്കലുകളെ കുറിച്ച് ഇരുവര്‍ക്കും ആകുലതകളുണ്ട്. എന്നാല്‍ കുഞ്ഞ് തങ്ങളെ മനസിലാക്കി ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം. ഈ സമൂഹത്തില്‍ തലയുയര്‍ത്തി തന്നെ ഞങ്ങളുടെ കുഞ്ഞ് ജീവിക്കണം സിയയും സഹദും പറയുന്നു.
കുട്ടി ആണാവണോ പെണ്ണാവണോ എന്ന് ആഗ്രഹിച്ചിട്ടില്ല. നല്ലൊരു മനുഷ്യനാക്കി വളര്‍ത്തണം.
Content Highlights: Sahad and siya Transcouple Transmen pregnancy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..