തിരുവനന്തപുരം: ശ്രീജിത്ത് പണിക്കര്‍ക്കെതിരെ ആലപ്പുഴ പുന്നപ്ര പൊലീസില്‍ പരാതി നല്‍കി സന്നദ്ധ പ്രവര്‍ത്തക രേഖ പി മോള്‍.  കൊവിഡ് രോഗിയെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിച്ച സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് പരാതിക്കടിസ്ഥാനം. പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകയായ രേഖയും അശ്വിന്‍ കുഞ്ഞുമോനും ചേര്‍ന്ന് രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ബൈക്കില്‍ രോഗിയെ ആശുപത്രിയിലെത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെ പരിഹസിച്ച് ശ്രീജിത്ത പണിക്കർ ഇട്ട പോസ്റ്റാണ് പരാതിക്കാധാരം.

" ആംബുലന്‍സ് ഓടിയെത്താനുള്ള സമയമായ 10 മിനുട്ട് കാത്തിരുന്നാല്‍ രോഗി ജീവനോടെയിരിക്കില്ലെന്ന ഭയമാണ് ഞങ്ങളെ അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ബൈക്കില്‍ മരണാസന്നനായ രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നത്. കൊണ്ടു പോയില്ലായിരുന്നെങ്കില്‍ വിമര്‍ശിക്കുന്ന ഇതേ ആള്‍ മറ്റൊന്നായിരിക്കില്ലേ പറയുക", രേഖ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു.

എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാന്‍ എളുപ്പമാണ്. റിസ്‌കെടുത്താണ് ഞങ്ങള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നോട്ടു വരുന്ന സ്ത്രീകളെ ആകമാനം അപമാനിക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായത്. ഞങ്ങളുടേത് നാട്ടിന്‍ പ്രദേശമാണ്. ഞങ്ങളെ വിശ്വസിച്ചാണ് വീട്ടിലെ കുട്ടികളെ സന്നദ്ധപ്രവര്‍ത്തനത്തിനായി രക്ഷിതാക്കള്‍ വിടുന്നത്.

നാളെ തന്റെ വീട്ടിലെ കുട്ടികളെ പറ്റിയും ഇങ്ങനെ പറയുമോ എന്ന വേവലാതി അവര്‍ക്കുണ്ടാകും. കേരളത്തെ ഇന്ന് താങ്ങി നിര്‍ത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ മനോവീര്യത്തെ തകര്‍ക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്‌. അതിനാലാണ് പോസ്റ്റിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചത്", രേഖ കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ പുന്നപ്ര പഞ്ചായത്തിലെ കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ഡിസിസി സെന്ററില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്തിനു കീഴിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ എത്തിയതായിരുന്നു ഡിവൈഎഫ്ഐ അംഗങ്ങളായ അശ്വിന്‍ കുഞ്ഞുമോനും രേഖയും. ഈ സമയമാണ് പെട്ടെന്നൊരു രോഗിക്ക് ശ്വാസം കിട്ടാത്ത നിലവന്നത്.

കേന്ദ്രത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ വിവരമറിയിച്ചെങ്കിലും ആംബുലന്‍സ് എത്താന്‍ പത്തുമിനുട്ട് താമസിക്കുമെന്നതിനാല്‍ ഒട്ടും സമയം പാഴാക്കാതെ രോഗിയെ ബൈക്കിലിരുത്തി രേഖയും അശ്വിനും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആ നിമിഷം ആംബുലന്‍സിനായി കാത്തിരുന്നുവെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടമായേനെ എന്ന ബോധ്യത്തില്‍ നിന്നാണ് ഇവരുടെ പ്രവൃത്തിയെ മുഖ്യമന്ത്രിയടക്കം സമൂഹത്തിലെ നാനാതുറകളിലെയാളുകള്‍ പ്രശംസിച്ചിരുന്നു. അതിനിടെയാണ് സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വരുന്നത്. 

"ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.  വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം.ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും", എന്ന തരത്തിലുള്ള പരിഹാസ്യമായ പോസ്റ്റ് ആണ് ശ്രീജിത്ത്‌ പണിക്കര്‍ പങ്കുവെച്ചിരുന്നത്.

അതേസമയം ശ്രീജിത്ത് പണിക്കരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്‌. ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ നിന്നും ചില ഇടത് നിരീക്ഷകര്‍ മാറി നില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്‌. ഡോ.പ്രേംകുമാര്‍, രശ്മിത രാമചന്ദ്രന്‍ എന്നിവര്‍ ഇതിനകം ശ്രീജിത്തിനൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കില്ലായെന്ന് നിലപാട് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.