പുത്തുമല ഗവ. എൽ.പി. സ്കൂൾ പ്രവർത്തിക്കുന്ന ഏലവയലിലെ കെട്ടിടം. ഇതിന്റെ ഒന്നാംനിലയിലാണ് വിദ്യാലയം
മേപ്പാടി: മൂന്നുവര്‍ഷം മുന്‍പത്തെ പ്രളയത്തോടെ അടച്ചിട്ട പുത്തുമല ഗവ. എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇപ്പോഴും പെരുവഴിയില്‍ത്തന്നെ. ഏലവയലിലെ വനിതാ പരിശീലന കേന്ദ്രത്തിലെ ഇത്തിരി സ്ഥലത്താണ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. കശ്മീരില്‍ എച്ച്.എം.എല്‍. വാഗ്ദാനംചെയ്ത അരയേക്കര്‍ ഭൂമിയില്‍ പുതിയകെട്ടിടം നിര്‍മിച്ച് വിദ്യാലയം ഇവിടേക്ക് മാറ്റാനോ, പുത്തുമല കുന്നിന്മുകളിലെ പഴയ കെട്ടിടങ്ങളില്തന്നെ സ്കൂളിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനോ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അവഗണനമാത്രം ബാക്കി
പ്രളയത്തില്‍ ഉപയോഗശൂന്യമായ ജില്ലയിലെ ഒട്ടുമിക്ക വിദ്യാലയങ്ങള്‍ക്കും നിലവിലുള്ള കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്താനോ പുതിയസ്ഥലം വാങ്ങാനും കെട്ടിടങ്ങള്‍ നിര്‍മിക്കാനും ഫണ്ട് പാസായ സാഹചര്യത്തിലും പുത്തുമല സ്കൂള്‍ അവഗണന നേരിടുകയാണ്.
2019 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്നാണ് ആദ്യം കശ്മീരിലെ വനംവകുപ്പിന്റെ കെട്ടിടത്തിലേക്കും പിന്നീട് ഏലവയലിലെ കെട്ടിടത്തിലേക്കും ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം മാറ്റിയത്. എത്രയുംപെട്ടെന്ന് അനുയോജ്യമായ ഭൂമി കണ്ടെത്തി കെട്ടിടം പണിയുമെന്നായിരുന്നു അന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പറഞ്ഞിരുന്നത്. പ്രദേശവാസികളുടെയും ഗ്രാമപ്പഞ്ചായത്തിന്റെയും അഭ്യര്‍ഥന മാനിച്ച് മേപ്പാടിചൂരല്‍മല പാതയോരത്ത് സ്കൂളിന് അരയേക്കര്‍ സ്ഥലം നല്കാന് എച്ച്.എം.എല്‍. സന്നദ്ധത അറിയിക്കുകയും എതിര്‍പ്പില്ലാരേഖ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി പതിച്ചുനല്‍കാതെ എതിര്പ്പില്ലാരേഖയുടെ പിന്‍ബലത്തില്‍മാത്രം കെട്ടിടഫണ്ട് അനുവദിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നാണറിയുന്നത്.
ഗ്രാമപ്പഞ്ചായത്തിലെ പ്രളയഫണ്ടില്‍ നിന്നുള്ള അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് ഏലവയലിലെ അങ്കണവാടിയോട് ചേര്‍ന്നുള്ള സ്ഥലത്ത് ഷെഡുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും ആദിവാസി സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതിനാല്‍ നടന്നില്ല. ദിവസങ്ങള്‍ക്കുമുമ്പ് നാട്ടുകാര്‍ കശ്മീരിലെ ഭൂമിയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റുകവും താത്കാലിക ഷെഡ് പണിയുന്നതിനുവേണ്ട സ്ഥലമൊരുക്കുകയും ചെയ്തിട്ടുണ്ട്.പ്രളയഫണ്ടുപയോഗിച്ച് ഇവിടെ ഷെഡ് നിര്‍മിക്കണമെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിക്കണം.
കഴിഞ്ഞവര്‍ഷം സ്കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് ഒരുകോടി രൂപ മാറ്റിവെച്ചെങ്കിലും ഭൂമി കിട്ടാത്തതിനാല്‍ ഈ തുക ലാപ്സായി. അനുയോജ്യമായ ഭൂമി ലഭിക്കുകയോ, ലഭിച്ച ഭൂമിക്ക് പൂര്‍ണമായ രേഖകള്‍ കിട്ടുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കുന്നില്‍മുകളിലെ പഴയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.
പ്രളയത്തില്‍ ഈ കെട്ടിടങ്ങള്‍ക്ക് ഒരുതകരാറും സംഭവിച്ചിരുന്നില്ല. കശ്മീരില്‍നിന്ന് പത്താം നമ്പര്‍ ബംഗ്ലാവ്മട്ടം റോഡ് ടാര്‍ചെയ്ത് ഗതാഗതയോഗ്യമാക്കിയാല്‍ ഇവിടേക്ക് അനായാസം എത്തിപ്പെടാം. ടാറിങ്ങിനായി റോഡ് ഗ്രാമപ്പഞ്ചായത്തിന് വിട്ടുനല്‍കാന്‍ എച്ച്.എം.എല്‍. കമ്പനിക്ക് എതിര്‍പ്പില്ലെന്നാണറിയുന്നത്. !
93 കുട്ടികളുടെ പഠിക്കുന്നിടം
ഇപ്പോള്‍ ഏലവയലില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെ 93 കുട്ടികളാണ് പഠിക്കുന്നത്. ഒരു ചെറിയ ഹാളിലും വരാന്തയിലുമായി ഷീറ്റുകൊണ്ട് മറച്ചാണ് അഞ്ചു ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്നത്. ബന്ധപ്പെട്ടവരുടെ അവഗണന തുടര്‍ന്നാല്‍ അധികംതാമസിയാതെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം ചരിത്രമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..