മുക്കടവിൽ വീടിന്റെ മട്ടുപ്പാവിലൂടെ റോഡിലേക്കിറങ്ങുന്ന നിധി
പത്തനാപുരം:റോഡ് വികസനത്തിനായി വീടിന്റെ പൊക്കത്തിൽ ഭിത്തികെട്ടി ഉയർത്തിയതോടെ വീട്ടിൽക്കയറാൻ വഴിയില്ലാതെ ഒരു കുടുംബം. നിർമാണം നടക്കുന്ന പുനലൂർ-മൂവാറ്റുപുഴ പാതയോരത്ത് പിറവന്തൂർ മുക്കടവിനുസമീപം താമസിക്കുന്ന നിധിയും അമ്മയുമാണ് മാസങ്ങളായി ദുരിതത്തിലായത്.
സ്ഥലം ഏറ്റെടുത്ത് റോഡിനു വീതി കൂട്ടിയപ്പോൾ വീടിന്റെ ഭിത്തിയിൽനിന്ന് ഒരുമീറ്ററോളംമാത്രം അകലത്തിലായി നാലുമീറ്ററോളം ഉയരമുള്ള റോഡിന്റെ സംരക്ഷണഭിത്തി. ഇതോടെ യുവതിക്കും വയോധികയായ അമ്മയ്ക്കും വീട്ടിലേക്കുള്ള വഴിയില്ലാതായി. അധികൃതരോടും കരാറുകാരനോടും പരാതിപ്പെട്ടതോടെ കരിങ്കൽഭിത്തിയിൽ ഒതുക്കുകല്ലുകൾവെച്ച് കരാറുകാരൻ കൈകഴുകി.
അമ്മയ്ക്കും മകൾക്കും അപകടകരമായ സാഹസയാത്ര കഴിയാതായതോടെ വീണ്ടും പരാതിയായി. ഇപ്പോൾ റോഡിൽനിന്നു വീടിന്റെ ടെറസിലേക്ക് കടക്കാൻ ഇരുമ്പുഷീറ്റ് െവച്ചുകൊടുത്തിരിക്കുകയാണ് അധികൃതർ. ടെറസിൽ കയറിയശേഷം വീടിന്റെ മുകളിൽ കയറാനായി സ്ഥാപിച്ചിരുന്ന പടികൾ ഇറങ്ങിവേണം ഇവർ വീട്ടിൽ പ്രവേശിക്കാൻ.
റോഡുപണിക്കാരായ ഇതരസംസ്ഥാനക്കാരുടെ ശല്യം പതിവായതോടെ സ്ത്രീകൾമാത്രം താമസിക്കുന്ന ഈ വീടിന്റെ ടെറസിൽ സി.സി.ടി.വി.ക്യാമറ സ്ഥാപിക്കേണ്ട അവസ്ഥയിലെത്തി കാര്യങ്ങൾ. വഴിയേ പോകുന്നവർക്കൊക്കെ ടെറസിലും താഴെയും എത്താമെന്നായതോടെ ഭയന്നു കഴിയുകയാണിവർ.
റോഡ് പണിയുമ്പോൾ വഴി നഷ്ടപ്പെടുന്നവർക്ക് വീട്ടിലേക്കുള്ള സഞ്ചാരപാത വാഹനം പ്രവേശിക്കുന്ന തരത്തിൽ കെട്ടിക്കൊടുക്കണമെന്ന വ്യവസ്ഥ മാസങ്ങളായിട്ടും പാലിക്കാത്തതാണ് പ്രശ്നമായത്. വീടിനോടു ചേർന്നുള്ള കരിങ്കൽഭിത്തിയുടെ വിടവുകളിൽ ഇഴജന്തുക്കൾ താവളമാക്കിയതോടെ അവയേയും ഭയക്കണം. മഴ ശക്തമായതോടെ ഭിത്തികൾ പലയിടത്തും തകർന്നുവീഴുന്നുമുണ്ട്. ഇതോടെ ഉറക്കമില്ലാത്ത സ്ഥിതിയാണെന്ന് വീട്ടുകാർ പറയുന്നു. പരാതികൊടുത്ത് വലഞ്ഞിരിക്കുകയാണ് അമ്മയും മകളും.
ഗതിമുട്ടി ഒട്ടേറെകുടുംബങ്ങൾ
:നിർമാണം നടക്കുന്ന പുനലൂർ-മൂവാറ്റുപുഴ പാതയുടെ മുക്കടവുമുതൽ പത്തനാപുരംവരെയുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ ദുരിതത്തിലായ ഒട്ടേറെപ്പേരുണ്ട്. റോഡിന്റെ വശത്തെ വീടുകളുടെ അസ്ഥിവാരത്തോടുചേർന്ന് മണ്ണെടുത്തുമാറ്റി വീതികൂട്ടിയപ്പോൾ വഴിയില്ലാതായതിനൊപ്പം ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലായ വീടുകളുണ്ട്. ഇവിടങ്ങളിൽ ഭിത്തികെട്ടി വീടുകൾ സംരക്ഷിച്ചിട്ടില്ല. താഴ്ചയിൽ താമസിക്കുന്നവർ വഴിയില്ലാത്ത അവസ്ഥയിലുമായി. താലൂക്ക് വികസനസമിതി യോഗത്തിൽ പരാതിപ്രളയമായതോടെ എം.എൽ.എ.യുടെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും കാര്യങ്ങൾ എങ്ങുമെത്തിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..