പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
കൊച്ചി: പ്രണയ പ്രശ്നങ്ങളെ തുടർന്ന് ഗൗരവമില്ലാത്ത കാര്യങ്ങളുടെ പേരിൽ ഫയൽ ചെയ്യുന്ന പോക്‌സോ കേസുകൾ കോടതികൾക്ക് അമിതഭാരമായി മാറുകയാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം (പോക്‌സോ ആക്ട്), ബാലനീതി, കുട്ടികളിലെ ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ കേരള ഹൈക്കോടതിയുടെ നേതൃത്വത്തിൽ മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരുടെ സമ്മേളനം ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിൽ കോടതികളിൽ എത്തുന്ന പോക്‌സോ കേസുകളിൽ 25 ശതമാനത്തോളം പ്രണയബന്ധത്തെ തുടർന്നുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം കേസുകളിൽ കൗമാരക്കാരായ ആൺകുട്ടികൾ തടവിലാകുന്ന അവസ്ഥയുണ്ട്- അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ താത്പര്യം സംരക്ഷിക്കുന്ന ചരിത്രപരമായ നിയമമായിരുന്നു പോക്‌സോ ആക്ട് എന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അഭിപ്രായപ്പെട്ടു.
നിയമത്തെക്കുറിച്ച് കുട്ടികൾ, മാതാപിതാക്കൾ, അധ്യാപകർ, അന്വേഷണ ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്കൊക്കെ ബോധവത്കരണം നടത്തണം- അദ്ദേഹം ഓർമിപ്പിച്ചു.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് അനു ശിവരാമൻ, കർണാടക ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് മുദഗൽ,ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഷാലിനി ഫൻസൽക്കർ ജോഷി, ഡോ. രാജേഷ് കുമാർ, ആന്ധ്രാഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി. രമേശ്, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആർ.എൻ. മഞ്ജുള, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ എന്നിവർ സംസാരിച്ചു.
Content Highlights: POCSO cases filed on the grounds of love problems
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..