കോഴിക്കോട് : ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും വളര്‍ത്തുമൃഗങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സിങും സംബന്ധിച്ച നടപടിക്രമങ്ങള്‍ എങ്ങുമെത്തിയില്ല. രജിസ്ട്രഷന്‍ ലൈസന്‍സിങ് നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉത്തരവിടണമെന്ന് ജൂലായ് 14 ന് കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ, ഇതുമായി ബന്ധപ്പെട്ട കാര്യമായ നീക്കങ്ങള്‍ ഒന്നും തന്നെയും ഇതുവരെ തുടങ്ങിയിട്ടില്ല. 

ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു വെബ്‌സൈറ്റ് പ്രാരംഭഘട്ടത്തിലാണെന്നും അപേക്ഷാ ഫോമുകള്‍ ഉടന്‍ തന്നെ കോര്‍പറേഷനില്‍ നിന്നു ലഭ്യമാകുമെന്നും കാലിക്കറ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വെറ്ററിനറി സര്‍ജന്‍ ഡോ. ശ്രീഷ്മ വി.എസ് പറഞ്ഞു. കന്നുകാലികള്‍ക്കും പൂച്ചകള്‍ക്കും 100 രൂപയും നായ്ക്കള്‍ക്കും കുതിരകള്‍ക്കും 500 രൂപയുമാണ് ലൈസന്‍സിനുള്ള ഫീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ബ്രീഡര്‍ ലൈസന്‍സിന്റെ ഫീസ് നായ്ക്കള്‍ക്ക് 1000 രൂപയും പൂച്ചകള്‍ക്ക് 500 രൂപയും ആയിരിക്കും. അപേക്ഷ ഫോം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ കോര്‍പറേഷനില്‍ നിന്നു ഒരു അന്വേഷണം ഉണ്ടാകും. ചുവടെ പറയുന്നവ പരിശോധിച്ച് ഉറപ്പ് വരുത്തും.

  • വളര്‍ത്തു മൃഗങ്ങളുടെ കൂടുകള്‍ അയല്‍വാസികള്‍ക്ക് ശല്യമാകുന്ന തരത്തില്‍ അല്ല.
  • നായ്കള്‍ക്ക് കൃത്യമായ സമയത്ത് റാബിസ് കുത്തിവയ്പ്പ് നല്‍കുന്നുണ്ട്.
  • വളര്‍ത്തുമൃഗത്തിന്  വീടിന്റെ അതിരുകള്‍ക്കുള്ളില്‍ ജീവിക്കാന്‍ ശരിയായ പരിശീലനം നല്‍കിയിട്ടുണ്ട്.
  • നായയുടെ കഴുത്തില്‍ കൃത്യമായി കോളര്‍ ധരിപ്പിച്ചിട്ടുണ്ട്.
  • വളര്‍ത്തുമൃഗങ്ങള്‍ക്ക് കളിക്കാനും വിഹരിക്കാനും മതിയായ ഇടമുണ്ട്.
  • അവരുടെ മാലിന്യം ശരിയായ രീതിയില്‍ സംസ്‌കരിക്കപ്പെടുന്നു

നിയമലംഘകരുടെ ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുമെന്ന് ശ്രീഷ്മ വി. എസ് അറിയിച്ചു. തുടര്‍ച്ചയായി നിയമം ലംഘിക്കുകയാണെങ്കില്‍, നായ്ക്കളെ സര്‍ക്കാര്‍ പിടിച്ചുകെട്ടി ലേലം ചെയ്യും. ലൈസന്‍സില്ലാതെ വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കുകയോ വളര്‍ത്തുകയോ ചെയ്താലും ശിക്ഷിക്കപെടും. ലൈസന്‍സിന്റെ സാധുത ഒരു വര്‍ഷത്തേക്കാണ്. നായ്ക്കളുടെ റാബിസ് വാക്‌സിനേഷന്റെ സാധുതയായിരിക്കും കണക്കിലെടുക്കുക.

ഉടമ എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കണം. ഇതുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കാനും, വളര്‍ത്തുമൃഗത്തെ വാങ്ങിയ ശേഷം മൂന്ന് മാസത്തെ സമയംകൊണ്ട് ലൈസന്‍സ് ലഭിക്കാനുമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഒരു വളര്‍ത്തുമൃഗത്തെ വില്‍ക്കുമ്പോൾ പുതിയ ഉടമ വീണ്ടും ലൈസന്‍സിന് അപേക്ഷിക്കണം. നായ്കള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കാനായുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. 

Petsആദ്യ ഘട്ടത്തില്‍ നായ്ക്കള്‍ക്കും ക്രമേണ മറ്റ് മൃഗങ്ങള്‍ക്കും ഇത് ഘടിപ്പിക്കും. മൈക്രോചിപ്പില്‍ 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. ഇതിലൂടെ വളര്‍ത്തുമൃഗത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. പ്രായമാകുമ്പോഴോ അസുഖം ബാധിക്കുമ്പോഴോ നായ്ക്കളെ ഉടമകള്‍ ഉപേക്ഷിക്കുന്നത് തടയാന്‍ മൈക്രോചിപ്പ് സഹായിക്കും.

മുമ്പ്, തെരുവുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടുകയും ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നുവെങ്കിലും, മൃഗങ്ങളെ  തിരിച്ചെടുക്കാന്‍ ഉടമകള്‍ മുന്നോട്ട് വരാത്തതിനാല്‍ മിക്ക കേസുകളിലും അവയെ ലേലം ചെയ്യുകയിരുന്നു പതിവ്. മറ്റ് മൃഗങ്ങളുടെ കാര്യത്തില്‍ ഇത്തരം നടപടികളൊന്നും എടുത്തിരുന്നില്ല.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ശ്മശാനം

വളര്‍ത്തുമൃഗങ്ങള്‍ക്ക് ഒരു ശ്മശാനം കേരളത്തില്‍ ഇതുവരെയും ഉണ്ടാക്കിയിട്ടില്ല. വളര്‍ത്തുമൃഗങ്ങള്‍ക്കായി ശ്മശാനം ലഭിക്കാന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കെന്നല്‍ ക്ലബ് കോഴിക്കോടിന്റെ പ്രസിഡന്റ് പ്രവീണ്‍ സി പറഞ്ഞു. ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവരും സ്വന്തമായി ഭൂമി ഇല്ലാത്തവരും തന്റെ അരുമ മൃഗത്തെ സംസ്‌കരിക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. ഫ്‌ലാറ്റുകളിലും വില്ലകളിലും സ്വന്തമായി ഭൂമി ഇല്ലാത്തവരും അയല്‍വാസികളെ ആശ്രയിക്കാറാണ് പതിവ്.