പ്രതീകാത്മകചിത്രം | Mathrubhumi archives
തിരുവനന്തപുരം: സർക്കാർ അനുവദിച്ച ഭൂമി 15 വർഷത്തിനുശേഷം വിൽക്കാനും ബാങ്കിൽ പണയംവെച്ച് വായ്പവാങ്ങാനും പട്ടികജാതിക്കാർക്ക് അനുമതി. ഈ അവകാശങ്ങളടക്കമുള്ളവ ഉറപ്പാക്കി ഭൂരഹിത പട്ടികജാതിക്കാർക്കുള്ള പുനരധിവാസപദ്ധതി സർക്കാർ സമഗ്രമായി പരിഷ്‌കരിച്ചു. പട്ടികജാതിക്കാർക്കുള്ള രണ്ടാം ഭൂപരിഷ്‌കരണമാണ് നടപ്പാക്കുന്നതെന്നാണ് ഔദ്യോഗിക വിശേഷണം.
34 വർഷങ്ങൾക്കുശേഷമാണ് പദ്ധതിയുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നത്. സർക്കാർ കൈമാറുന്ന ഭൂമി പണയംവെക്കാൻ ഇതുവരെ അനുവാദമുണ്ടായിരുന്നില്ല.
വിദ്യാഭ്യാസം, പെൺകുട്ടികളുടെ വിവാഹം, വീടിന്റെ അറ്റകുറ്റപ്പണി, ചികിത്സ എന്നീ നാല് ആവശ്യങ്ങൾക്കായി കൈവശമുള്ള ഭൂമി ബാങ്കിൽ ഈടായി നൽകാമെന്നാണ് ഇപ്പോഴത്തെ ഭേദഗതി.
കൈവശഭൂമി 15 വർഷത്തേക്ക് കൈമാറാൻ പാടില്ല. ഈ കാലാവധി തീർന്നാൽ ഭൂമി വിൽക്കാനോ അനന്തരാവകാശികൾക്കു കൈമാറാനോ സാധിക്കും.
കിട്ടിയ ഭൂമി വാസയോഗ്യമല്ലെങ്കിൽ പുതിയ ഭൂമിക്ക് അപേക്ഷിക്കാൻ അവസരമുണ്ടാവും. ഗുണഭോക്താക്കളുടെ ഭൂമി സമയബന്ധിതമായി പോക്കുവരവ് നടത്തി കരമടച്ചെന്ന് ഉറപ്പാക്കേണ്ടത് നിർവഹണ ഉദ്യോഗസ്ഥരാണെന്നും ഭേദഗതിയിൽ നിർദേശിച്ചു.
ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്കെല്ലാം ഭൂമി നൽകുമെന്ന എൽ.ഡി.എഫ്. വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
ചൂഷണം തടയാൻ നടപടി
ഉപയോഗ്യമല്ലാത്ത ഭൂമി പട്ടികജാതിക്കാർക്ക് നൽകുന്നുവെന്ന് കാലങ്ങളായുള്ള പരാതി പരിഹരിക്കാനും വ്യവസ്ഥ ഏർപ്പെടുത്തി. ഇതു പരിഹരിക്കാൻ, പട്ടികജാതിക്കാർക്കു കൈമാറിയ ഭൂമിയിൽ പ്രശ്നങ്ങളോ പരാതിയോ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്വം നിശ്ചയിച്ചു. ഗുണഭോക്താവ് വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമി ഗുണഭോക്താവിന്റെതന്നെ സാന്നിധ്യത്തിൽ നിർവഹണ ഉദ്യോഗസ്ഥൻ നേരിട്ടു പരിശോധിക്കണം. ഭൂമി വീടുവെക്കാൻ അനുയോജ്യമാണെന്നും നിലം, ഡേറ്റാ ബാങ്ക് എന്നിവയിൽ ഉൾപ്പെട്ടതോ പാറക്കെട്ട്/വെള്ളക്കെട്ടുള്ള ഭൂമി എന്നിവയല്ലെന്നും ഉറപ്പാക്കണം.
മറ്റു വ്യവസ്ഥകൾ:
50 വയസ്സിലേറെ പ്രായമുള്ള അവിവാഹിതരായ വനിതകളെ പദ്ധതിയിൽ പരിഗണിക്കും
സ്വന്തംപേരിലുള്ള വസ്തു വിറ്റവരേയും അവകാശികൾക്ക് കൈമാറിയവരേയും വീണ്ടും പരിഗണിക്കില്ല
മിശ്രവിവാഹിതരായ ദമ്പതികൾ അഞ്ചുവർഷത്തിലേറെ വാടകയ്ക്കു താമസിക്കുന്നെങ്കിൽ ഭൂമിക്ക് അർഹത
Content Highlights: Permission to mortgage and sell land given by government to Scheduled Castes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..