പ്രതീകാത്മക ചിത്രം| മാതൃഭൂമി
കരിവെള്ളൂര്‍: മകന് മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ ക്ഷേത്രത്തില്‍ പൂരക്കളി പണിക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ആരോപണം. കരിവെള്ളൂര്‍ കുതിരുമ്മലെ എന്‍. വിനോദ് പണിക്കരാണ് ആരോപണവുമായി രംഗത്തുവന്നത്.
ഈ വര്‍ഷം കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലാണ് പണിക്കര്‍ കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. പൂരോത്സവം തുടങ്ങുന്നതിന് മുന്‍പ് ക്ഷേത്ര ആചാരക്കാരും ഭാരവാഹികളും ആചാരമുദ്രകളുമായി പണിക്കരുടെ വീട്ടിലെത്തി ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങുണ്ട്. എന്നാല്‍ മകനും ഭാര്യയും ഒപ്പം താമസിക്കുന്ന തന്റെ വീട്ടില്‍ വന്ന് കൂട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും അമ്മയുടെ വീട്ടില്‍നിന്ന് ചടങ്ങ് നടത്താമെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചതായി വിനോദ് പണിക്കര്‍ പറഞ്ഞു. അതിന് തയ്യാറാകാത്തതിനാലാണ് വിലക്കിയതെന്നും കഴിഞ്ഞവര്‍ഷം വാണിയില്ലം സോമേശ്വരി ക്ഷേത്രത്തില്‍നിന്നും ഇതേ അനുഭവമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും വാണിയില്ലം ക്ഷേത്രത്തിലും ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. വിശ്വാസത്തില്‍ അധിഷ്ഠിതമായി, നൂറ്റാണ്ടുകളായി തുടരുന്ന ക്ഷേത്രാചാരങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ലംഘിക്കാന്‍ കഴിയില്ല. ആചാരങ്ങള്‍ പാലിക്കാന്‍ തയ്യാറായാല്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തയ്യാറാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
മകന് മിശ്രവിവാഹം നടത്തിയതിന്റെ പേരില്‍ പൂരക്കളി പണിക്കര്‍ക്ക് ചില ക്ഷേത്രഭാരവാഹികള്‍ വിലക്കേര്‍പ്പെടുത്തിയത് സമൂഹം അംഗീകരിക്കില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: panicker being banned poorakkali , social, mathrubhumi latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..