ന്യൂഡൽഹി: മതത്തിന്റെയോ നമസ്‌കാരത്തിന്റെയോ പേരില്‍ സാമൂഹിക അകലവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പാലിക്കാതിരിക്കുന്നത് ഹറാമാണെന്ന്(നിഷിദ്ധമാണെന്ന്) ജംഇയ്യത്ത് ഉലമെ ഹിന്ദ്‌ സെക്രട്ടറി ജനറല്‍ മൗലാന മഹ്‌മൂദ്‌ മദനി. ഇന്ത്യ ടുഡെക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മഹ്‌മൂദ്‌ മദനി നിലപാട് വ്യക്തമാക്കിയത്.

"ഇന്ത്യയില്‍ ലക്ഷക്കണക്കിന് പള്ളികളാണുള്ളത്. ഏതാണ്ട് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിച്ചിരുന്നവരുമാണ്. നാമെല്ലാം ഈ ഘട്ടത്തില്‍ ഒരുമിച്ചാണ്. ഇന്ത്യയിലെ 100 ശതമാനം മുസ്ലിങ്ങളും ഈ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പമാണ്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും." മൗലാന മദനി പറഞ്ഞു.

കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മുസ്ലിങ്ങളെ മതചടങ്ങുകളില്‍നിന്ന് മാറ്റി നിര്‍ത്താനാണ് ഇത്തരം കാര്യങ്ങളെന്നുമുള്ള തരത്തില്‍ ഓഡിയോ പ്രചരിച്ചിരുന്നു. തബ്‌ലീഗി ജമാഅത്ത് മര്‍ക്കസ് നേതാവിന്റേതാണെന്ന തരത്തിലായിരുന്നു ഓഡിയോ പ്രചരിച്ചത്. 

ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ മൗലാന മദനി പറഞ്ഞതിതാണ്: "ഓഡിയോയുടെ ആധികാരികത ബോധ്യപ്പെട്ടിട്ടില്ല. പക്ഷെ ഓഡിയോ സത്യമാണെങ്കില്‍ ആ സന്ദേശം തെറ്റാണെന്നു മാത്രമല്ല അത് കുറ്റകരവുമാണ്."

ഈ ഘട്ടത്തില്‍ പ്രതികാര നടപടികളിലേക്ക് പോകരുതെന്നും ആദ്യം തബ്‌ലീഗി ജമാഅത്ത് അംഗങ്ങള്‍ക്ക് സുരക്ഷിതമായി മുന്നോട്ടുവന്ന് ചികിത്സ തേടാനുള്ള സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ഇപ്പോൾ ചെയ്യേണ്ടതെന്നും മറ്റ് നിയമലംഘനങ്ങളും കുറ്റങ്ങളും ചുമത്തുന്ന പ്രക്രിയ പിന്നീട് ചെയ്യുന്നതാണ് നല്ലതെന്നും മൗലാന മദനി പറഞ്ഞു.

തബ്‌ലീഗ്‌ സമ്മേളനത്തില്‍ പങ്കെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയവര്‍ ഒളിച്ചിരിക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിക്കുകയും ക്വാറന്റൈനും ചികിത്സയ്ക്കും വിധേയരാവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ അപലപനീയമാണ്. കൊലപാതകത്തിനോളം പോന്ന ക്രിമിനല്‍ കുറ്റവുമാണ്. സാമൂഹിക അകലം പാലിക്കാതെ ഒളിച്ചിരിക്കുന്നത് സൃഷ്ടാവിനെ ദുഃഖിപ്പിക്കും. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടപ്പെടുത്തുന്നത് മുസ്ലിമിനെ സംബന്ധിച്ച് നിഷിദ്ധമാണ്‌." മൗലാന മഹ്‌മൂദ്‌ മദനി അഭിമുഖത്തില്‍ പറഞ്ഞു.

content highlights: not following social distancing will upset Allah,and its is haram, says Maulana Mahmood Madani