മൊയ്തുവിന്റെ റേഷൻ കട (കെ-സ്റ്റോറിന് മുമ്പ്)
മുൻഗണനാ റേഷൻകാർഡുടമയായ ചേർത്തല കണിച്ചുകുളങ്ങര കുറുപ്പശ്ശേരി രാജമ്മയുടെ വീട്ടിലെത്തി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ 15,782 രൂപ കൈമാറിയത് രണ്ടുമാസം മുൻപാണ്. രാജമ്മയെ കബളിപ്പിച്ച് റേഷൻ വ്യാപാരി തട്ടിയെടുത്ത ഭക്ഷ്യധാന്യത്തിനുള്ള നഷ്ടപരിഹാരത്തുകയായിരുന്നു അത്. രണ്ടുവർഷത്തോളം തട്ടിയെടുത്ത ഓരോ കിലോഗ്രാം ഭക്ഷ്യധാന്യത്തിന്റെയും വിപണിവില റേഷൻ വ്യാപാരിയിൽനിന്നുതന്നെ ഈടാക്കിയാണ് നൽകിയത്. മുമ്പായിരുന്നെങ്കിൽ നഷ്ടപരിഹാരം പോയിട്ട്, പരാതികേൾക്കാൻപോലും ആരുമുണ്ടാകുമായിരുന്നില്ല. ഇത് നിയമത്തിന്റെ ഗുണഫലം. എന്നാൽ മൊത്തത്തിൽ കേരളത്തിന് അത്ര ഭദ്രമല്ല കാര്യങ്ങൾ.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം കേരളത്തിൽ നിലവിൽവരുന്നത് 2016 നവംബറിൽ. അതിനുമുൻപ് റേഷൻ കാർഡുകളുടെ എണ്ണം 83 ലക്ഷത്തിൽ താഴെയായിരുന്നു. ഇപ്പോൾ 92.43 ലക്ഷമായി. ജനസംഖ്യാവർധനയും മാതൃകുടുംബത്തിൽനിന്നു മാറിത്താമസിക്കുന്നവരുടെ എണ്ണംകൂടിയതുമാണ് കാരണം.
ഗുണമേന്മയുള്ള ഭക്ഷ്യധാന്യം ലഭിച്ചപ്പോൾ, റേഷൻകടകളെ ആശ്രയിക്കുന്നവരും കൂടി. നിയമം നടപ്പാക്കുംമുമ്പ് 40 ശതമാനത്തോളം പേർ മാത്രമായിരുന്നു റേഷൻ വാങ്ങിയിരുന്നത്. ഇപ്പോൾ 80 മുതൽ 90വരെ ശതമാനമായി. ചിലമാസങ്ങളിൽ 90 ശതമാനവും കടന്നു. എന്നിട്ടും, ആനുപാതികമായി കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതം ഉയർത്തിയില്ല. മാത്രമല്ല, നിലവിലുണ്ടായിരുന്നതിൽ കൈയിട്ടുവാരുകയും ചെയ്തു. അർഹതപ്പെട്ട കുടുംബങ്ങൾപോലും ഭക്ഷ്യഭദ്രതയ്ക്കു പുറത്തായി.
നിയമം നടപ്പാക്കുംമുൻപ് ലഭിച്ചത് വർഷം 16.04 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ്. ഇപ്പോൾ 14.25 ലക്ഷമായി. 40.74 ലക്ഷം മുൻഗണനാ കാർഡുകാർക്ക് (മഞ്ഞ, പിങ്ക്) നൽകാൻ പ്രതിവർഷം ലഭിക്കുന്നത് 10.25 ലക്ഷം ടണ്ണാണ്. 51.69 ലക്ഷം പൊതുവിഭാഗം (നീല, വെള്ള) കാർഡുകൾക്കായി ലഭിക്കുന്നത് നാലുലക്ഷം ടൺ മാത്രം. 6,23,580 ടൺ അരി വേണ്ട സ്ഥാനത്താണിത്.
പൊതുവിഭാഗത്തിനുംകൂടി നിശ്ചിതയളവ് (കുറഞ്ഞത് 10 കിലോഗ്രാം വീതം) ഭക്ഷ്യധാന്യം ഉറപ്പാക്കണമെങ്കിൽ വർഷം 16.49 ലക്ഷം ടൺ വേണം. പക്ഷേ, ജനസംഖ്യാനുപാതികമായി വിഹിതം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. നേരത്തേ, എല്ലാവർക്കും ലഭിച്ചിരുന്ന റേഷൻ പഞ്ചസാര ഇപ്പോൾ എ.എ.വൈ. (മഞ്ഞ) കാർഡിനുമാത്രമാക്കി. മാസത്തിൽ കിട്ടിക്കൊണ്ടിരുന്ന മണ്ണെണ്ണ മൂന്നുമാസത്തിലൊരിക്കലുമായി. വിലയും കുത്തനെകൂട്ടി.
‘മുൻഗണന’യിൽ മലയാളികൾക്ക് മുൻഗണനയില്ല
പഴയ ബി.പി.എൽ. വിഭാഗത്തിനു സമാനമാണ് ഇപ്പോഴത്തെ മുൻഗണനാ വിഭാഗം. മഞ്ഞ, പിങ്ക് കാർഡുകളാണ് ഈ വിഭാഗത്തിൽ. 40.74 ലക്ഷം കുടുംബങ്ങളിലായി 1.54 കോടിയാളുകൾ. ആകെ ജനസംഖ്യയുടെ 43 ശതമാനം. ഗ്രാമീണ ജനസംഖ്യയുടെ 52.63 ശതമാനവും നഗരജനസംഖ്യയുടെ 39.50 ശതമാനവും. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽ ഇവർ മാത്രമേ വരുന്നുള്ളൂ. ബാക്കി 1.99 കോടിപ്പേരും (51.92 ലക്ഷം കുടുംബങ്ങൾ) പുറത്താണ്. കുറഞ്ഞനിരക്കിലുള്ള റേഷൻധാന്യം അവർക്കു കൊടുക്കുന്നില്ല.
മുൻഗണനയിൽ ഇടംനേടാൻ അർഹതയുള്ള ലക്ഷക്കണക്കിനു കുടുംബങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. അവർ അപേക്ഷിച്ചു കാത്തിരിക്കുന്നു.
മുൻഗണനാകാർഡുള്ളവരുടെ ജീവിതനിലവാരമുയരുമ്പോൾ അവരെ ഒഴിവാക്കി പകരം അർഹരായ അപേക്ഷകരെ ഉൾപ്പെടുത്തും. ഏതാനും വർഷമായി ഈ രീതി തുടരുന്നുണ്ട്. രണ്ടാംപിണറായി സർക്കാരിന്റെ കാലത്തുമാത്രം 2.55 ലക്ഷം പേർക്ക് മുൻഗണനാ കാർഡ് ലഭിച്ചു. എന്നാൽ, മുൻഗണനാപ്പട്ടികയിലുള്ള ആളുകളുടെ എണ്ണം 1.54 കോടിയിൽത്തന്നെ തുടരുകയാണ്.
എണ്ണം കൂട്ടാൻ കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ല. ബിഹാർ, അസം, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 80 ശതമാനത്തിലധികമാണ് മുൻഗണനയിലുള്ളവർ. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആളുകളുടെ ജീവിതനിലവാരം ഉയർന്നതാണ്. അതിനാൽ മുൻഗണനയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തേണ്ടെന്ന നിലപാടാണ് കേന്ദ്രത്തിന്.
റേഷനും പോയി; അനാഥർ വീണ്ടും അനാഥർ
അനാഥമന്ദിരങ്ങളും വൃദ്ധസദനങ്ങളുമുൾപ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും റേഷനുണ്ടായിരുന്നു. ഒരുഗുണഭോക്താവിന് മാസം 10.4 കിലോഗ്രാം അരിയും 4.5 കിലോ ഗോതമ്പുമുൾപ്പെടെ 15 കിലോ കണക്കാക്കിയായിരുന്നു വിഹിതം നിശ്ചയിച്ചിരുന്നത്. കേരളത്തിൽ 890 സ്ഥാപനങ്ങളിലായി 37,634 അന്തേവാസികൾക്ക് പ്രയോജനം ലഭിച്ചിരുന്നു.
എന്നാൽ, 2018 സെപ്റ്റംബറിനുശേഷം ഈ സ്കീമിൽ ഭക്ഷ്യധാന്യം കേന്ദ്രത്തിൽനിന്നു ലഭിച്ചില്ല. എന്നാൽ, സംസ്ഥാനം മറ്റുവിഹിതത്തിൽനിന്ന് വകമാറ്റി ഭക്ഷ്യധാന്യം നൽകി. പുതിയ നിയമമനുസരിച്ച് വകമാറ്റൽ അനുവദനീയമല്ല. കേന്ദ്രം ഇടഞ്ഞതോടെ ആരോരുമില്ലാത്തവരുടെ അന്നവും മുടങ്ങുന്ന സ്ഥിതിയായി.
പ്രതിമാസം 395 ടൺ അരിയും 169 ടൺ ഗോതമ്പുമാണ് ക്ഷേമസ്ഥാപനങ്ങൾക്കായി വേണ്ടത്. ഇത്രയും ഭക്ഷ്യധാന്യം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുക പ്രയാസമാണ്.
1000 ചതുരശ്രയടിയിൽ വീണവർ ഏറെ
മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിച്ച ചിലരുടെ വീടുകളിൽ സംസ്ഥാന ഭക്ഷ്യകമ്മിഷനംഗമായിരുന്ന ബി. രാജേന്ദ്രൻ (ഇപ്പോൾ വിരമിച്ചു) കാർഡുകിട്ടാത്തതിന്റെ കാരണമന്വേഷിച്ച് ഒരിക്കൽ പരിശോധനയ്ക്കുപോയി. കാലപ്പഴക്കം ചെന്ന് തകർന്നുവീഴാറായ പഴയതറവാടുകളിൽ കഴിയുന്നവർക്ക് മുൻഗണനാ കാർഡില്ല. ‘ഇത്രയും മോശം സാഹചര്യത്തിൽ കഴിഞ്ഞിട്ടും മുൻഗണനാ റേഷൻ കാർഡ് എന്തേ കിട്ടിയില്ല’ രാജേന്ദ്രൻ അവരോടു ചോദിച്ചു. ‘വീടിന് 1000 ചതുരശ്രയടിക്കുമുകളിൽ വലുപ്പമുണ്ടായിപ്പോയി സാറേ’ എന്നായിരുന്നു മറുപടി.
വിഷയം സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ കെ.വി. മോഹൻകുമാറിന്റെ മുന്നിലെത്തി. ഒടുവിൽ, വീടിന്റെ വലുപ്പവും ഭൂവിസ്തൃതിയും നോക്കി മാത്രം മുൻഗണനാ കാർഡ് നിഷേധിക്കരുതെന്നനിലപാടിൽ കമ്മിഷനെത്തി. ഭൂവിസ്തൃതിയും വീടിന്റെ വലുപ്പവുമല്ല, മതിപ്പുവിലയാണ് മാനദണ്ഡമാക്കേണ്ടതെന്നായിരുന്നു കമ്മിഷൻ നിലപാട്.
ഗ്രാമത്തിലെ ഒരേക്കറിനെക്കാൾ വില നഗരത്തിലെ അഞ്ചുസെന്റിനായിരിക്കും. അതിനാൽ, ആ മാനദണ്ഡം പ്രായോഗികമല്ലെന്നായിരുന്നു കമ്മിഷന്റെ നിരീക്ഷണം. അതൊന്നും അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 25,000 രൂപയ്ക്കുമുകളിൽ ശമ്പളം വാങ്ങുന്നവരുടെ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് നൽകരുതെന്ന ശുപാർശ മാത്രമാണ് അംഗീകരിപ്പെട്ടത്.
അർഹരായവർക്ക് ഭക്ഷ്യധാന്യം കിട്ടുന്നില്ലെങ്കിൽ ഇടപെടാനും നടപടിയെടുക്കാനും ഭക്ഷ്യഭദ്രതാ നിയമപ്രകാരം ചുമതലപ്പെടുത്തിയ കമ്മിഷനുപോലും ഒന്നും ചെയ്യാനാകാത്ത സ്ഥിതി.
മുൻഗണനാ കാർഡിന് അർഹതയില്ലാത്തവർ
• സർക്കാർ, അർധസർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻകാർ
• പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതലുള്ളവർ, ആദായനികുതി നൽകുന്നവർ
• സ്വന്തമായി 1000 ചതുരശ്രയടിക്കു മേൽ വിസ്താരമുള്ള വീട്/ഫ്ളാറ്റ് ഉള്ളവർ
• നാലുചക്ര വാഹനം ഉള്ളവർ (ഏക ഉപജീവനമാർഗമായ ടാക്സി ഒഴികെ)
• സ്വന്തമായി ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ (പട്ടികവർഗക്കാർ ഒഴികെ)
(തുടരും)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..