സർക്കാർ ഓഫീസിലെ ഫയലുകൾ| ഫോട്ടോ: ഇ.എസ് അഖിൽ
കോഴിക്കോട്: ദേശീയ കുടുംബസഹായ പദ്ധതിപ്രകാരം സഹായധനത്തിനായി അപേക്ഷിച്ചവർ സർക്കാർഓഫീസുകൾ കയറിയിറങ്ങുന്നു. രണ്ടുവർഷമായി കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാത്തതുകാരണം സഹായധനം നൽകുന്നില്ല.
ദേശീയ കുടുംബക്ഷേമപദ്ധതിപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ മുഖ്യ സംരക്ഷക (സംരക്ഷകൻ) മരിച്ചുകഴിഞ്ഞാൽ ഒറ്റത്തവണ സഹായധനമായി 20,000 രൂപ നൽകുന്ന പദ്ധതിയാണിത്. തഹസിൽദാർ മുഖേന കളക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. കുടുംബത്തിലെ ഏത് വ്യക്തിക്കും അവകാശി എന്നനിലയിൽ ആ കുടുംബത്തിലെ അന്നദാതാവ് മരിച്ചാൽ ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം. മരിച്ചയാൾ 18-നും 59-നും ഇടയിൽ പ്രായമുള്ളവരും വരുമാനം ഉണ്ടാക്കി സംരക്ഷിച്ചുവരുന്നവരുമായിരിക്കണം.
രണ്ടുവർഷമായി ആയിരക്കണക്കിന് അപേക്ഷകളാണ് കളക്ടറേറ്റുകളിൽ കെട്ടിക്കിടക്കുന്നത്. ബി.പി.എൽ. അംഗവും തൊഴിലുറപ്പ് തൊഴിലാളിയുമായ തിരുവമ്പാടി കോഴിപ്പുറത്ത് മേരിയുടെ ഭർത്താവ് ആൻഡ്രൂസ് 2017-ൽ മരിച്ചതാണ്. ദേശീയ കുടുംബസഹായപദ്ധതിയിൽ അപേക്ഷ സമർപ്പിച്ച മേരി തിരുവമ്പാടി വില്ലേജ് ഓഫീസിലും താമരശ്ശേരി താലൂക്ക് തഹസിൽദാർ ഓഫീസിലും കളക്ടറേറ്റിലും പലതവണ കയറിയിറങ്ങിയിട്ടും സഹായധനം ലഭിച്ചില്ല.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട മുരിങ്ങപ്പള്ളിയാളിൽ ചന്ദ്രന്റെ ഭാര്യ സൗമിനിയും നാലുവർഷത്തിലേറെയായി കാത്തിരിപ്പുതുടരുന്നു. ഇങ്ങനെ ഒട്ടേറെപ്പേരാണ് സഹായധനത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്. എല്ലാം പാവപ്പെട്ട കുടുംബങ്ങൾ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനർഹർ കൈപ്പറ്റുന്നതായ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ ദേശീയകുടുംബസഹായപദ്ധതി ഫണ്ട് മുടങ്ങിയത് സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നാണ് അപേക്ഷകരുടെ ആവശ്യം. കേന്ദ്രസർക്കാർ ഫണ്ട് രണ്ടുവർഷമായി ലഭിക്കുന്നില്ലെന്നാണ് കോഴിക്കോട് കളക്ടറേറ്റിലെ സെക്‌ഷൻ ഹെഡ് ജെ.എസ്. ടി. നിഷ ഫറഞ്ഞു
അടിയന്തരപരിഹാരം വേണം
ദേശീയ കുടുംബസഹായ പദ്ധതിപ്രകാരം സഹായധനത്തിന് അപേക്ഷിച്ച അനേകംപേരാണ് കോഴിക്കാട് ജില്ലയിൽമാത്രമുള്ളത്. വർഷങ്ങളായി സർക്കാർഓഫീസുകൾ കയറിയിറങ്ങി ദുരിതം അനുഭവിക്കുകയാണിവർ. പരിഹാരം കാണണം.
എ.കെ. മുഹമ്മദ്
ബി.പി.എൽ. ജനകീയവേദി പ്രസിഡന്റ്
Content Highlights: National Family Benefit Scheme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..