തിരുവനന്തപുരം:  കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില വേണ്ടാ ദീനങ്ങളെക്കുറിച്ച് താരദമ്പതിമാരായ ഇന്ദ്രജിത്തും പൂര്‍ണിമയും.  നീ കറുത്തതാ, നീ തടിയനാ, നീ മെലിഞ്ഞതാ തുടങ്ങിയ വേണ്ടാ ദീനങ്ങളൊന്നും കുട്ടികളോട് പറയരുത്. ഇതൊക്കെ അവരുടെയുള്ളില്‍ അപകര്‍ഷാ ബോധവും ആത്മവിശ്വാസക്കുറവും കുട്ടികളുടെ ഉള്ളില്‍ വളരാന്‍ ഇത് കാരണമാകും ഉണ്ടക്കണ്ണന്‍, കോന്ത്ര പല്ലി തുടങ്ങിയ പ്രയോഗങ്ങളും കുട്ടികളോട് നടത്തരുതെന്നും  ഇന്ദ്രജിത്തും പൂര്‍ണിമയും ഓര്‍മ്മപ്പെടുത്തുന്നു. വനിതാ ശിശു വികസന വകുപ്പിന്റെ  'നമുക്ക് വളരാം, നന്നായി വളര്‍ത്താം' എന്ന പാരന്റിംഗ് ബോധവല്‍ക്കരണ ക്യാംപെയ്‌ന്റെ ഭാഗമായുള്ള വീഡിയോയിലൂടെയാണ് കുട്ടികളോട് പറയാന്‍ പാടില്ലാത്ത വേണ്ടാ ദീനങ്ങളെക്കുറിച്ച് ഇരുവരും ഓര്‍മ്മപ്പെടുത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

 


കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയില്‍ പരിപാലിക്കാന്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ടതാണ്. എന്നാല്‍ പലപ്പോളും ഇക്കാര്യത്തില്‍ ശാസ്ത്രീയമായ അറിവ് ഭൂരിപക്ഷം അച്ഛനമ്മമാര്‍ക്കുമില്ല. ശരിയെന്ന രീതിയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും കുഞ്ഞുങ്ങള്‍ക്ക് ദോഷമായി മാറുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ വലിയൊരു മാറ്റം സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. 
ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 'നമുക്ക് വളരാം, നന്നായി വളര്‍ത്താം' എന്ന പാരന്റിംഗ് ബോധവല്‍ക്കരണ ക്യാംപെയ്ന്‍ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ചിരിക്കുന്നത്. എല്ലാവരും ആ ക്യാംപെയ്‌നില്‍ പങ്കാളികളാകണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ആ സന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. കുഞ്ഞുങ്ങള്‍ നാളെയുടെ വെളിച്ചമാണ്. അതു കെടാതെ കാക്കേണ്ടത് മുതിര്‍ന്നവരുടെ ചുമതലയാണ്. അതേറ്റവും ഭംഗിയായി എല്ലാവര്‍ക്കും നിര്‍വഹിക്കാനാവട്ടെ.
പിണറായി വിജയന്‍
മുഖ്യമന്ത്രി

Content Highlight: Namuk valaram Nannayi valartham campaign video