മഴപെയതാല്‍ ഇവിടെ കുടിക്കാന്‍ ചെളിവെള്ളം


ആളിയാർ അണക്കെട്ട് തുറന്നതോടെ ചിറ്റൂർപ്പുഴയിൽ ഒഴുകിയെത്തിയ ചെളിയും ചണ്ടിയുമടിഞ്ഞ് പ്രവർത്തനം ഭാഗികമായി നിലച്ച കുന്നംകാട്ടുപതി ശുദ്ധജലപദ്ധതിയുടെ പമ്പിങ്‌സ്റ്റേഷൻ. ദിവസങ്ങൾക്കുശേഷം കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചു

പാലക്കാട്: ജലസമൃദ്ധമായ അണക്കെട്ടുകളുടെ സാന്നിധ്യമാണ് പാലക്കാട് ജില്ലയുടെ പ്രത്യേകത. ജലസേചനത്തിനുള്ള സംസ്ഥാനത്തെ വലിയ അണക്കെട്ടായ മലമ്പുഴമുതൽ ആളിയാർ വെള്ളം സംസ്ഥാനത്തേക്ക് കടത്തിവിടുന്ന മൂലത്തറ റെഗുലേറ്റർവരെ ഇതിലുണ്ട്.

ആനമലയിൽനിന്ന് പിറവിയെടുക്കുന്ന ഭാരതപ്പുഴയുടെ ജലസമ്പത്തിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ചെറുതും വലതുതുമായ 128 കുടിവെള്ള പദ്ധതികളുണ്ട് സംസ്ഥാനത്ത്. ഇതിൽ എൺപതിലേറെയും പാലക്കാട് ജില്ലയ്‌ക്ക്‌ സ്വന്തം.

മഴക്കാലത്ത് വെള്ളംനിറഞ്ഞ് അണക്കെട്ട് തുറന്നാൽ പുഴയിലൂടെ എത്തുന്ന ചെളിവെള്ളം ഈ കുടിവെള്ളപദ്ധതികൾക്ക് വലിയ ബാധ്യതയാണ്. മഴവെള്ളത്തോടൊപ്പം എത്തുന്ന ചണ്ടിയും ചെളിയും പ്രവർത്തനരഹിതമാക്കുന്ന പമ്പിങ് കേന്ദ്രങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ. ഭാരതപ്പുഴയിലെ കൈവഴികളെ ആശ്രയിച്ചുള്ള കുടിവെള്ളപദ്ധതികളുടെയും സ്ഥിതി മറിച്ചല്ല.

അണക്കെട്ടുകളിൽനിന്ന് തള്ളുന്നത് ചെളി

മലമ്പുഴ, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം, ശിരുവാണി, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി, മീങ്കര, ചുള്ളിയാർ, വാളയാർ എന്നീ ജില്ലയിലെ 11 അണക്കെട്ടുകളിലും ചെളി അടിഞ്ഞുകൂടി സംഭരണശേഷി കുറഞ്ഞിട്ട് വർഷങ്ങളായി. ചെളിനീക്കുന്നതിനെക്കുറിച്ച് ജലസേചനവകുപ്പ് പറഞ്ഞുതുടങ്ങിയിട്ട്‌ നാളുകളായെങ്കിലും നടപടികൾ ഏറെയും തുടങ്ങിയ ഇടത്താണ്.

ചെളിയും മണ്ണും നീക്കുന്നതിന് മംഗലം അണക്കെട്ടിലാരംഭിച്ച പണി ലക്ഷ്യത്തിലെത്താതെ പാതിവഴിയിലാണ്. മലമ്പുഴയിലും വാളയാറിലും വർഷങ്ങൾക്കുമുമ്പുനടന്ന ആഴപ്പെടുത്തലും പരാജയമായി. ചുള്ളിയാറിൽ ചെളിവാരാനുള്ള ഒരുക്കം അവസാനഘട്ടത്തിലാണെന്ന് അധികൃതർ പറയുന്നു.

അണക്കെട്ടുകൾ ആഴപ്പെടുത്തേണ്ടത് കുടിവെള്ളത്തിന് പുറമേ ജലസേചനത്തിനും അനിവാര്യമാണ്. സർക്കാർനടപടികളിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽനിന്നുള്ള സ്വകാര്യകമ്പനികളുടെ സഹകരണംതേടണമെന്ന് ആവശ്യപ്പെട്ട് കർഷകരും രംഗത്തുണ്ട്.

കൈവഴികൾക്കും മോചനമില്ല

ഭാരതപ്പുഴയുടെ പോഷകനദികളിലടക്കം അണക്കെട്ടുകൾ തുറക്കുന്നതുവഴി ഒഴുകിയെത്തിയ ചെളിയും ചണ്ടിയും ധാരാളമുണ്ട്. തൂതപ്പുഴ, കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ, അമ്പൻ‌കടവ്, തുപ്പാണ്ടിപ്പുഴ, ഗായത്രിപ്പുഴ, മംഗലംനദി, അയിലൂർപ്പുഴ, വണ്ടാഴിപ്പുഴ, മീങ്കരപ്പുഴ, ചുള്ളിയാർ, കൽ‌പ്പാത്തിപ്പുഴ, കോരയാർ, വരട്ടയാർ, വാളയാർ, മലമ്പുഴ, ചിറ്റൂർപ്പുഴ (കണ്ണാ‍ടിപ്പുഴ), പാലാർ, ആളിയാർ, ഉപ്പാർ എന്നിവയാണ് ഭാരതപ്പുഴയുടെ പോഷകനദികൾ. ഇവയിലേറെയും മഴക്കാലത്ത് കുടിവെള്ളസ്രോതസ്സുകളിലേക്ക് എത്തിക്കുന്നത് ചെളിവെള്ളമാണ്.

കലങ്ങിക്കലങ്ങി വെള്ളം

കുടിവെള്ള പ്ലാന്റുകളിൽ പതിവിൽക്കൂടുതൽ ശുദ്ധീകരിച്ചാലും പൂർണമായും തെളിഞ്ഞ വെള്ളം ഒറ്റപ്പാലംമേഖലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കാനാവുന്നില്ല. ഭാരതപ്പുഴയെ ആശ്രയിച്ച് രണ്ട്‌ പ്രധാന കുടിവെള്ളപദ്ധതികളാണ് ഇവിടെയുള്ളത്. വെള്ളം കലങ്ങിമറിഞ്ഞതോടെ ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്കും ക്ലോറിനേഷനും ജല അതോറിറ്റിക്കും ചെലവേറുകയാണ്.

ഷൊർണൂർ, ഒറ്റപ്പാലം ഭാഗത്ത് 65,000-ത്തോളം കുടുംബങ്ങളാണ് ഭാരതപ്പുഴയോരത്തെ കുടിവെള്ളപദ്ധതികളെ ആശ്രയിക്കുന്നത്.

പാഠമായി കുന്നങ്കാട്ടുപതി

ആളിയാർ അണക്കെട്ട് തുറന്നപ്പോൾ മൂലത്തറ റെഗുലേറ്റർവഴി ചിറ്റൂർപ്പുഴയിലേക്ക് മഴവെള്ളത്തിനൊപ്പമെത്തിയ മണ്ണും ചെളിയും കുന്നങ്കാട്ടുപതി കുടിവെള്ളപദ്ധതിയുടെ പമ്പിങ് സ്റ്റേഷനിലെ പൈപ്പുകളിൽ അടിഞ്ഞു. ഇതോടെ ജലശുദ്ധീകരണശാലയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു.

പുഴയിൽനിന്നും പ്ലാൻറിലേക്ക് വെള്ളംശേഖരിക്കുന്ന നാല്‌ പൈപ്പുകളിൽ മൂന്നും അടഞ്ഞു. ഇതോടെ മൂങ്കിൽമട കുടിവെള്ള ശുദ്ധീകരണശാല ഉൾപ്പെടുന്ന കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളവിതരണം ഒരാഴ്ചയോളം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു. പിന്നീട് പുഴയിലെവെള്ളം കുറഞ്ഞതോടെയാണ് പൈപ്പുകളിലെ തടസ്സംനീക്കി പ്രവർത്തനം പുനരാരംഭിച്ചത്.

എവിടെ നോക്കാം ഗുണനിലവാരം?

ജല അതോറിറ്റിയുടെ കൽമണ്ഡപത്തെ ജില്ലാ ലാബിനുപുറമേ നിയോജക മണ്ഡലാടിസ്ഥാനത്തിലടക്കം 30-ഓളം ജല ഗുണനിലവാരലാബുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും ജല ഗുണനിലവാര പരിശോധനാലാബുകൾ പ്രവർത്തിക്കുന്നുണ്ട്.

Content Highlights: muddy water from dams creates drinking water problem


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented