മറിയം അമ്മ നിഷയോടൊപ്പം (Photo: nisha)
ആദ്യത്തെ കണ്‍മണി പോയ വിഷമം മാറാന്‍ നിഷയക്ക് കിട്ടിയ അനുഗ്രഹമായിരുന്നു രണ്ടാമത്തെ മകള്‍ മറിയം. നിഷയുടെ സന്തോഷത്തിന് രണ്ട് കൊല്ലം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു. പൊന്നുമകള്‍ക്ക് നിവര്‍ന്ന് നില്‍ക്കാനാകില്ലെന്ന് കണ്ടാണ് ഡോക്ടറെ കാണുന്നത്. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്.എം.എ)യാണ് മകള്‍ക്കെന്ന് ഡോക്ടര്‍ പറയുമ്പോള്‍ അതെന്താണെന്ന് പോലും നിഷയ്ക്ക് ആദ്യം മനസിലായില്ല. പൊന്നോമനയ്ക്ക് ഒന്ന് ഓടികളിക്കാന്‍ പോലുമാവില്ലെന്ന സത്യം നിഷ കണ്ണീരോടെയാണ് കേട്ടത്. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിഷ തന്റെ അഞ്ച് വയസുകാരി മകളുടെ ചികിത്സയക്കായി നട്ടം തിരിയുകയാണ്.
അഞ്ച് രൂപ മാസ്‌ക്ക് വിറ്റാണ് നിഷ കുടുംബം പോറ്റുന്നത് ഭര്‍ത്താവിന് ചായക്കടയിലാണ് ജോലി.സഹായിക്കാനായി വേറെയാരുമില്ല. പ്രമേഹം മൂലം കാഴ്ച്ചക്കുറവുള്ള മുത്തച്ഛനാണ് ജോലിക്ക് പോവുമ്പോള്‍ മകൾ മറിയത്തെ പരിചരിക്കുന്നത്.
''അച്ഛന് വയ്യ. സ്വന്തം വീടായത് കൊണ്ട് സാധനങ്ങള്‍ എവിടെ വെച്ചതാണ് അറിയാം. ചിലപ്പോളൊക്കെ തട്ടിതടഞ്ഞ് വീഴാറുണ്ട്. പക്ഷെ എന്ത് ചെയ്യാനാണ് മോളെ ഏൽപിക്കാൻ വേറെ ആരുമില്ലല്ലോ''- നിഷ പ്രതീക്ഷയറ്റ് പറയുന്നു
മറയിത്തിന്റെ വലത്തെ കാലിലെ എല്ല് വളയാന്‍ ആരംഭിച്ചതോടെ പാലാക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. വളവ് മാറിക്കഴിഞ്ഞാല്‍ പ്ലേറ്റ് നീക്കം ചെയ്യണം. ഇതിന്റെ കടം പോലും ഇവര്‍ക്ക് വീട്ടാന്‍ സാധിച്ചിട്ടില്ല.
കാല്‍ മടക്കാനാവാതെ മറിയത്തിന് അസ്വസ്ഥത വരാറുണ്ട്. ''വയ്യ ഉമ്മ... എന്നെ കൊണ്ട് പറ്റുന്നില്ലെന്ന് മാത്രം അവള്‍ പറയും... നിസ്സഹായതയോടെ നോക്കാനല്ലാതെ എനിക്കെന്ത് ചെയ്യാന്‍ പറ്റും.''. വിങ്ങലടക്കാനാവാതെ നിഷ പറയുന്നു.
75 ലക്ഷം രൂപയാണ് ഒരു കൊല്ലത്തെ ചികിത്സയ്ക്ക് വേണ്ടത്. രാവും പകലും മാസ്‌ക്ക് വിറ്റാലും നിഷയ്ക്ക് ആ പണം ഒറ്റയ്ക്ക് ഉണ്ടാക്കാന്‍ പറ്റില്ല. ഭര്‍ത്താവിന്റെ ചായക്കടയിലെ ജോലി കൊണ്ട് കിട്ടുന്ന വരുമാനം വീട്ടു ചിലവിന് തന്നെ തികയില്ല.
പല ജോലിക്കും ശ്രമിച്ച് പരാജയപ്പെട്ട കഥയാണ് നിഷ പറയുന്നത്. പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ്ങാണ് പഠിച്ചത്.''വേഗം ജോലി കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ 3000 രൂപയാണ് മാസശമ്പളം. പല ജോലി നോക്കി ഒന്നും ശരിയായില്ല. അവസാനം മാസ്‌ക്ക് വിറ്റാണ് ഇപ്പോള്‍ കഴിയുന്നത്. പൊരിവെയിലത്തും മഴയത്തും എന്റെ മകള്‍ക്ക് വേണ്ടി പണിയെടുക്കാന്‍ എനിക്ക് മടിയില്ല. പക്ഷേ ഒന്നും ശരിയാവുന്നില്ല'', നിഷ പറയുന്നു
''കോവിഡായത് കൊണ്ട് കഴിഞ്ഞ കൊല്ലം ഓണ്‍ലൈന്‍ ക്ലാസായിരുന്നു. പഠിക്കാന്‍ ഒത്തിരി ഇഷ്ടമാണ് അവള്‍ക്ക്.. ഒരിക്കല്‍ പറഞ്ഞാല്‍ നല്ല ഓര്‍മ്മയാണ്.. ഈ വര്‍ഷം മുതല്‍ സ്‌കൂളില്‍ പോവേണ്ടി വരുമെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ എങ്ങനെ പോവാനാണ് പത്ത് സ്റ്റെപ്പ് പിടിച്ച് നടന്നാല്‍ അവള്‍ പിന്നെ തളര്‍ന്ന് വിഴും. ബാത്ത്‌റൂമില്‍ പോവുന്നതും പ്രശ്‌നമാണ്.. അവള്‍ എന്നും ചോദിക്കും ഉമ്മ സ്‌കൂളില്‍ പോവേണ്ടതല്ലേ.. യൂണിഫോം വേണ്ടേ.. പുസ്തകം വേണ്ടേയെന്ന്... ചിരിച്ച് കൊണ്ട് ഞാന്‍ റെഡിയാക്കാമെന്ന് അവളോട് പറയും.. അവള്‍ക്കറിയില്ലല്ലോ അതൊന്നും പറ്റൂലാന്ന്'', വാക്കുകള്‍ മുഴുവനാക്കാതെ നിഷ വിതുമ്പി.
ഇപ്പോള്‍ മറിയത്തിന് നട്ടെല്ലിനും വളവ് ബാധിച്ചിട്ടുണ്ട്. അധികമായാല്‍ ശ്വാസകോശം ചുരുങ്ങുമെന്നതിനാല്‍ വേഗം തന്നെ ചികിത്സ ആരംഭിക്കേണ്ടതുണ്ട്.
വര്‍ഷങ്ങള്‍ എടുക്കുന്ന ചികിത്സയ്ക്ക് 5 കോടി രൂപയോളം വേണ്ടിവരും.5 രൂപയാണ് ഒരു മാസ്‌ക്കിന് വില. ഇതില്‍ നിന്ന് എങ്ങനെ താന്‍ അഞ്ച് കോടിയുണ്ടാക്കും എന്ന ആധിയിലാണ് നിഷ. മറിയ എസ്എംഎ ചികിത്സ സഹായ കമ്മിറ്റി രൂപികരിച്ച് നെന്മാറ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
MARIA SMA CHIKITHSA SAHAYA COMMITTEE
A/C NO: 0056073000003995
IFSC CODE: SIBLOOOOO56.
Branch: Nemmara
Content Highlights: mother seeking help for daughters treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..