തിരുവനന്തപുരം : ഫുട്‌ബോള്‍ കമ്പം മൂത്ത് നാടുവിട്ട 14 കാരനെ 46 ദിവസങ്ങള്‍ക്ക് ശേഷം പോലീസ് കണ്ടെത്തി. 46 ദിവസമായി കാണാനില്ലായിരുന്ന 14 കാരനെയാണ് ശിശുദിനം ആഘോഷിക്കുന്ന ദിനം കണ്ടെത്തിയത്. കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലാണ് കാണാതായ കുട്ടിയെ കണ്ടെത്തിയ കഥ പങ്കുവെച്ചത്.

46 ദിവസം മുമ്പ് കാണാതായ 14 കാരനെ കണ്ടെത്താന്‍ വേണ്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചിരുന്നു. നീണ്ട ദിവസങ്ങളിലെ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തുന്നത്. 

കേരളം , തമിഴ്‌നാട് , കര്‍ണ്ണാടക , ഗോവ , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി അനാഥാലയങ്ങളിലും , ഫുട്‌ബോള്‍ ക്ലബുകള്‍ , വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒരു ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ ഫുട്‌ബോള്‍ കളിക്കാനായി എത്തിയ കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തുന്നത് . പല സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകള്‍ , വിവിധങ്ങളായ സോഷ്യല്‍ മീഢിയ കൂട്ടായ്മകള്‍ എന്നിവയുമായി സഹകരിച്ച് പോലീസ് അന്വേഷണം തുടരുകയായിരുന്നു. എന്നാല്‍ ഇതൊന്നുമറിയാതെ കൂളായി വൈകുന്നേരം പാനിപൂരി കടയില്‍ ജോലിയും രാവിലെ ഫുട്‌ബോള്‍ കളിയുമായി കഴിയുകയായിരുന്നു ഈ ഫുട്‌ബോള്‍ കമ്പക്കാരന്‍.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോജി , സിവില്‍ പോലീസ് ഓഫീസര്‍മാരായ നിയാസ് മീരാന്‍ , സുനില്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍.

content highlights: missing child found , police surprised to see his football love, Kerala police facebook page