ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ഏറ്റവും അധികം ധൈര്യവും ആര്‍ജ്ജവവും നല്‍കിയ മുന്നേറ്റമാണ് മിടൂ ക്യാമ്പയിന്‍.പണ്ട് പറയാന്‍ മടിച്ച, ഒളിപ്പിച്ചുവെച്ച, വര്‍ഷങ്ങളോളം തങ്ങളെ അലട്ടിയ ലൈംഗികാതിക്രമങ്ങള്‍ മിടൂ ഹാഷ്ടാഗിന്റെ പിന്തുണയോടെ സ്ത്രീകള്‍  വര്‍ഷങ്ങള്‍ക്കിപ്പുറം പങ്കുവെക്കുകയാണ്.  ഇത്തരമൊരു സന്ദര്‍ഭത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ പുതിയ ഇ മെയില്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് കേന്ദ്രവനിത കമ്മീഷന്‍. 

metoodew@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്ക് മീടൂവിലൂടെ പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്ന അനുഭവങ്ങള്‍ കേന്ദ്ര വനിത കമ്മീഷനെയും അറിയിക്കാം. പെട്ടെന്നുള്ള സഹായത്തിനായി 181 എന്ന ഹെല്‍പ് ലൈന്‍ നമ്പറും ഉപയോഗപ്പെടുത്താം.

മീടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുന്ന സ്ത്രീകളോട് തങ്ങള്‍ക്കെതിരായി നടന്ന ആക്രമണങ്ങള്‍ വനിത കമ്മീഷനിലും പോലീസിലും അറിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാനാ പടേക്കറിനെതിരെയുള്ള തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് ഇന്ത്യയില്‍ മീ ടൂ ക്യാംപെയിന്‍ ആരംഭിക്കുന്നത്. പിന്നീട് കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരേയും നടന്‍ അലോക്‌നാഥിനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു