അഹമ്മദാബാദ്: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ചൊവ്വാഴ്ച അഹമ്മദാബാദിലെ ദരിയപുരിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ മര്‍ദിച്ചത്.

സ്ത്രീയെ ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവര്‍ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ ഇവരെ ചവിട്ടുന്നതും വസ്ത്രം കീറുന്നതും ദൃശ്യങ്ങളില്‍ കാണാം.

പിന്നീട് ചില ആളുകള്‍ ഇടപെട്ട് ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരെ ആള്‍ക്കൂട്ടം മര്‍ദിച്ച വിവരം മറച്ചുവെക്കാനാണ് പോലീസ് ശ്രമിച്ചത്. ജനങ്ങള്‍ ഇടപെട്ട് ഇവരെ പോലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

നേരത്തെയും നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ആള്‍ക്കൂട്ട ആക്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് 2018 ജൂണില്‍ ശാന്തി ദേവിയെന്ന സ്ത്രീയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. 

content highlights: Mentally unwell woman beaten by mob in Ahmedabad