"പുരുഷമേധാവിത്വം നിലനിര്‍ത്താനുളള ഒരുപായമാണ് വിവാഹം"; സ്ത്രീകളുടെ സ്വത്തവകാശത്തിനായി പോരാടിയ ജീവിതം


ശ്രുതി ലാല്‍ മാതോത്ത്Image: Mathrubhumi Archives

മേരി റോയ്, എഴുത്തുകാരി അരുന്ധതി റോയുടെ അമ്മ. ഇതിനപ്പുറം മേരി റോയ് എന്ന വ്യക്തിയെ കേരളത്തിലെ പുതിയ തലമുറയില്‍ എത്ര പേര്‍ക്കറിയാം? അവരെ ഒരിക്കല്‍പ്പോലും കണ്ടില്ലെങ്കിലും വായിച്ചില്ലെങ്കിലും, അവനവന്റെ അവകാശങ്ങളെക്കുറിച്ചും ആത്മാഭിമാനമുള്ള ജീവിതത്തെക്കുറിച്ചും സംസാരിക്കാനും അതിനായി ശബ്ദമുയര്‍ത്താനും കേരളത്തിലെ സ്ത്രീകള്‍ക്ക് ഒരു അടിത്തറയുണ്ടാക്കിയതില്‍ മേരി റോയ് വഹിച്ച പങ്ക് ചെറുതല്ല. നീതിനിഷേധത്തിന്റെയും വിവേചനത്തിന്റെയും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തെ മാറ്റിയെഴുതാന്‍, പുതിയ പാത വെട്ടിത്തെളിക്കാന്‍ മുന്നേ നടന്ന, അനേകായിരം കരുത്തുറ്റ സ്ത്രീകള്‍ക്കൊപ്പം തന്റെ പങ്ക് കൃത്യമായി നിര്‍വ്വഹിച്ചാണ് മേരി റോയി വിട പറയുന്നത്.

ഒരു വ്യക്തിയുടെ ജീവിതത്തിലെ 16 വര്‍ഷം ചെറിയ കാലയളവല്ല. ഒന്നുമില്ലായ്മയില്‍നിന്ന്, ഒന്നര പതിറ്റാണ്ട് നിര്‍ണായക നിയമയുദ്ധം നടത്തി ക്രിസ്ത്യന്‍ പിന്തുടര്‍ച്ചവകാശ നിയമത്തില്‍ മാറ്റം വരുത്തിയത് മേരി റോയ് ആയിരുന്നു. പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തിയ വിധിക്കാണ് ആ പോരാട്ടം വഴിയൊരുക്കിയത്. പിതൃ സ്വത്തില്‍ ആണ്‍മക്കളുടെ പങ്കിന്റെ വെറും കാല്‍ഭാഗമോ അയ്യായിരം രൂപയോ ഇതില്‍ ഏതാണോ കുറവ് അതിനു മാത്രം അവകാശമുള്ള 1916-ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921-ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവുമാണ് അവർ നേടിയെടുത്ത ചരിത്രവിധിയിലൂടെ ഇല്ലാതായത്. സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ വിധി 1986-ലാണ് മേരി റോയ് സുപ്രീം കോടതിയില്‍നിന്നു നേടിയെടുത്തത്. അതിനാൽ തന്നെ കേരളത്തിലെ ലിംഗസമത്വ പോരാട്ട ചരിത്രത്തിന്റെ സുപ്രധാന കണ്ണികളിലൊരാളായി അടയാളപ്പെടുത്തേണ്ട പേരാണ് മേരി റോയിയുടേത്.

നിയമയുദ്ധത്തിന്റെ നാളുകള്‍

മിശ്രവിവാഹവും പിന്നാലെയുണ്ടായ ദാമ്പത്യത്തകര്‍ച്ചയുമാണ് മേരി റോയിയുടെ ജീവിതത്തിലെ വഴിത്തിരിവ്. കൊല്‍ക്കത്തയില്‍ വളര്‍ന്ന മേരി റോയ് അവിടെ വെച്ചാണ് ചണമില്ലില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന, ബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയെ പരിചയപ്പെടുന്നത്. രാജീബിനെ പിന്നീട് മേരി വിവാഹം ചെയ്തു. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മേരി, മുപ്പതാമത്തെ വയസ്സിൽ മകന് അഞ്ചും മകള്‍ക്ക് മൂന്നും വയസുള്ളപ്പോള്‍ കുഞ്ഞുങ്ങളുമായി അദ്ദേഹത്തെ വിട്ട് സ്വന്തമായി ജീവിക്കാന്‍ തീരുമാനിച്ചു. മക്കളായ ലളിതും അരുന്ധതിയുമൊത്ത് ഊട്ടിയില്‍ പൂട്ടിക്കിടന്ന അച്ഛന്റെ വീട്ടിലേക്കാണ് മേരി പോയത്. 350 രൂപ ശമ്പളത്തില്‍ ഒരു ജോലിയും ലഭിച്ചു.

"പുരുഷമേധാവിത്വം എന്നെന്നേയ്ക്കുമായി നിലനിര്‍ത്താനുളള ഒരുപായമാണ് വിവാഹം. സന്തോഷപ്രദമായ ദാമ്പത്യജീവിതം സാധ്യമല്ലെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെയുളള അനേകം ബന്ധങ്ങള്‍ ലോകത്തുണ്ട്. പക്ഷേ, അതിനു സ്ത്രീ ശക്തയാവണം. പരസ്പരം ബഹുമാനം ആര്‍ജ്ജിക്കുന്ന ഒരു ബന്ധമാവണം അത്" എന്നായിരുന്നു പില്‍ക്കാലത്ത് മേരി റോയി പറഞ്ഞിരുന്നത്.

മേരി റോയി വീടു സ്വന്തമാക്കിയാലോ എന്ന ഭയം കൊണ്ട് സഹോദരന്‍ ജോര്‍ജ് ഗുണ്ടകളുമായെത്തി, കതകു ചവിട്ടിപ്പൊളിച്ചു മേരി റോയിയെയും കുട്ടികളെയും പുറത്താക്കി. അന്നാണ് കുടുംബസ്വത്തിലെ തന്റെ ഭാഗത്തെ കുറിച്ച് മേരി അന്വേഷിക്കുന്നത്. ഊട്ടിയിലെ വീടിനുമേല്‍ മറ്റുളളവര്‍ക്കൊപ്പം തുല്യാവകാശമുണ്ടെങ്കിലും പിതാവിന്റെ കേരളത്തിലുളള സ്വത്തിന്മേല്‍ മകനു ലഭിക്കുന്ന വീതത്തിന്റെ നാലിലൊന്നോ അയ്യായിരം രൂപയോ ഏതാണ് കുറവ് അത്രമാത്രമേ തനിക്കു ലഭിക്കുന്നുളളൂ എന്ന് അന്നാണ് മനസിലാക്കുന്നതും. അങ്ങനെയാണ് മേരി റോയി 1916-ലെ തിരുവിതാംകൂര്‍ ക്രിസ്തീയ പിന്‍തുടര്‍ച്ചാവകാശ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് നിയമയുദ്ധം ആരംഭിക്കുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

1984-ലാണ് മേരി റോയ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ പിതാവിന്റെ സ്വത്തില്‍ സഹോദരന്മാര്‍ക്കൊപ്പം തനിക്കും അവകാശമുണ്ടെന്ന് മേരി റോയ് വാദിച്ചു. വില്‍പത്രം എഴുതിവയ്ക്കാതെ മരിക്കുന്ന പിതാവിന്റെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്തിന്മേല്‍ തുല്യാവകാശമാണെന്ന് 1986-ല്‍ സുപ്രീം കോടതി വിധിച്ചു. പെണ്‍കുട്ടികളുടെ സ്വത്തവകാശ വിഷയത്തില്‍ ചരിത്രപരവും ലിംഗസമത്വത്തെ പരിപോഷിപ്പിക്കുന്നതുമായ വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നതും. ഭരണഘടനയിലെ 14-ാം വകുപ്പ് അനുശാസിക്കുന്ന സമത്വവ്യവസ്ഥയുടെ ലംഘനമാണെന്ന വാദം അംഗീകരിച്ചുകൊണ്ടായിരുന്നു വിധി.

വിധിക്കു ശേഷവും മേരി റോയിക്ക് കുടുംബത്തില്‍നിന്നു ചില്ലിക്കാശു പോലും ലഭിച്ചില്ല. സുപ്രീം കോടതി വിധിപ്രകാരം തന്റെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ സബ് കോടതി, ഹൈക്കോടതി, വീണ്ടും കീഴ്ക്കോടതി... അങ്ങനെ കയറി ഇറങ്ങേണ്ടി വന്നു അവര്‍ക്ക്. ഒടുവില്‍ അവര്‍ അവകാശപ്പെട്ട സ്വത്ത് നേടിയെടുത്തു. ശേഷം സഹോദരന് തന്നെ ആ വീട് നല്‍കി. താന്‍ തന്റെ അവകാശത്തിനായാണ് പോരാടിയതെന്നും സ്വത്തിനായല്ലെന്നും വ്യക്തമാക്കുകയും ചെയ്തു.

"എനിക്കു വേണ്ടി മാത്രമായിരുന്നില്ല ഞാന്‍ കോടതിയില്‍ പോയത്. അനീതിക്കെതിരെയായിരുന്നു എന്റെ പോരാട്ടം. രാജാവിന്റെ കാലത്ത് സ്ഥാപിത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ നിയമം, സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്ക് ആയ ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്! എന്നാല്‍ പിന്നെ ശ്രീലങ്കയിലെയോ ഇന്തോനേഷ്യയിലെയോ നിയമങ്ങളും ഇവിടെ ബാധകമാക്കിക്കൂടേ? സ്ത്രീകള്‍ എന്തിന് ഈ അസമത്വം സഹിക്കണം?" മേരി പിൽക്കാലത്ത് പറഞ്ഞു

സുപ്രീം കോടതി വിധിയോടെ ക്രിസ്തീയ സമുദായം തകരുമെന്നായിരുന്നു അന്ന് പലരും പ്രചരിപ്പിച്ചിരുന്നത്. പളളിയും രാഷ്ട്രീയക്കാരും വളരെ സമര്‍ത്ഥമായി ഇടപെട്ടു. പളളികളില്‍ വിളിച്ചുചൊല്ലലുകള്‍ ഉണ്ടായി. ക്രിസ്ത്യാനി സ്ത്രീകളൊക്കെ തങ്ങളുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ കോടതിയില്‍ പോകുമെന്നും മുന്‍കാല പ്രാബല്യമുളളതുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തപ്പെട്ട പല ആധാരങ്ങളും അസ്ഥിരപ്പെടുമെന്നും മറ്റും പ്രചരണമുണ്ടായിരുന്നു. എന്നാല്‍, അങ്ങനെയൊന്നുമുണ്ടായില്ല. അക്കാലത്ത് സമുദായത്തില്‍ നിന്നുണ്ടായ അവഗണനകളെയും അവര്‍ അതിജീവിച്ചു.

ഈ വിധിയ്‌ക്കൊപ്പം മേരി റോയിയെ അമ്പരിപ്പിച്ച വസ്തുത, ക്രിസ്തീയ സമൂഹത്തിലെ 99 ശതമാനം സ്ത്രീകള്‍ക്കും പിതാവിന്റെ സ്വത്തിന്റെ ന്യായമായ വിഹിതമല്ല വേണ്ടത്, സ്ത്രീധനമാണ് എന്നതാണ്. സ്വത്തിന്റെ ഭാഗം ലഭിക്കുക പിതാവിന്റെ മരണശേഷമാണ്‌. സ്ത്രീധനം ഇപ്പോള്‍ തന്നെ ലഭിക്കും എന്നതാണ് അതിന് കാരണം. ഇതോടെ മേരി സ്ത്രീധന സമ്പ്രദായത്തിന് എതിരേയും സ്വത്തില്‍ പെണ്‍മക്കള്‍ക്കുള്ള അവകാശങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനായി സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

പിന്നീട് സ്ത്രീയുടെ അന്തസ്സും അവകാശവും ഒരിക്കല്‍ക്കൂടി ഉയര്‍ത്തിപ്പിടിച്ച് ഹിന്ദു സ്ത്രീകളുടെ സ്വത്തവകാശത്തില്‍ പൂര്‍വ്വിക സ്വത്തിന്റെ ന്യായയുക്തവും നീതിപൂര്‍വ്വകവുമായ വിതരണത്തിന് ആണ്‍-പെണ്‍ വ്യത്യാസം ഒരിക്കലും തടസ്സമാകരുത് എന്ന് നിഷ്‌കര്‍ഷിക്കുന്ന വിധിയും മുസ്ലിം സമൂഹത്തിലെ വിവാഹമോചിതകളുടെ ദൈന്യത രാജ്യത്തിന്റെ സജീവശ്രദ്ധയിലേക്ക് കൊണ്ടുവന്ന ഷാബാനു കേസുമെല്ലാം ഈ നിരയിലേക്ക് എത്തുന്നതും നാം കണ്ടു.

പുതിയ കാലത്തിനനുസരിച്ച്, സ്ത്രീ- ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെയും സംഘടനകളുടെയും സമ്മര്‍ദ്ദമുയരുന്നതിനനുസരിച്ച്, പുതിയകാല നിയമങ്ങള്‍ ധാരാളം ഉണ്ടായി വരുന്നു. തൊഴിലിടങ്ങളിലെ സമത്വം, തുല്യവേതനം, അസംഘടിത തൊഴിലാളിക്ഷേമം, ലൈംഗികത്തൊഴിലാളികളുടെ അവകാശം ഇവയ്‌ക്കൊക്കെയായി പുതിയ നിയമങ്ങളുണ്ട്. സ്ത്രീധന നിരോധന നിയമവും ഗാര്‍ഹിക പീഡന നിയമവും പൊതു വിടങ്ങളിലെ സ്ത്രീപീഡന നിരോധന നിയമങ്ങളും ഏറെ മുമ്പു മുതലേ പ്രാബല്യത്തിലുണ്ട്. എന്നിട്ടും നീതി പലപ്പോഴും സ്ത്രീക്ക് അകലെയാണ്. മേരി റോയിമാരാകാന്‍ സ്ത്രീകള്‍ തയ്യാറാവാത്തതും ഇതിനൊരു കാരണമാണ്‌. തന്റെ ജീവിതത്തിലൂടെ അവര്‍ പറഞ്ഞ രാഷ്ട്രീയം അതിജീവനത്തിന്റെയും സ്ത്രീശക്തിയുടേതുമായിരുന്നു. പ്രണാമം മേരി റോയ്, നിങ്ങള്‍ പകര്‍ന്ന ഊര്‍ജ്ജമേറ്റു വാങ്ങിയവര്‍ വരുംതലമുറകളിലേക്കും അത് പകരട്ടെ.

Content Highlights: Mary Roy Life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented