കോഴിക്കോട്: 2015നും 18നും ഇടക്ക് കേരളത്തിലെ സാമൂഹിക ക്ഷേമ ബോര്‍ഡിന്റ കീഴിലുള്ള സേവന കേന്ദ്രങ്ങളില്‍ ഫയല്‍ചെയ്യപ്പെട്ട 18,378 ഗര്‍ഹിക പീഡന കേസുകളനുസരിച്ച് 2482 സ്ത്രീകള്‍ ഭര്‍തൃ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് കണക്കുകള്‍. എന്നാല്‍ ഇതില്‍ ഒരു കേസില്‍ പോലും ഭാര്യയെ ബലാത്സംഗം ചെയ്തതിന് പുരുഷനെ നിയമം ശിക്ഷിച്ചിട്ടില്ല. കുറ്റവാളിയാണെന്ന് കെണ്ടത്തിയിട്ട് പോലുമില്ല.
 
2018നും 19നുമിടയിലെ കണക്കുകള്‍ പൂര്‍ണ്ണമല്ലെങ്കിലും ലഭ്യമായവയനുസരിച്ച് 5025 ഗാര്‍ഹിക പീഡന കേസുകളില്‍ 783 ഭര്‍തൃ ബലാല്‍സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് നാലു വര്‍ഷത്തിനിടെ 3265 സ്ത്രീകള്‍ ഭര്‍തൃ ബലാത്സംഗത്തിനിരയായി.
 

marital rape Kerala

 
 
ഇതില്‍ 2016-17ലെ കണക്കുകള്‍ മാത്രമാണ് പൂര്‍ണ്ണം. പ്രസ്തുത വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 6022 കേസുകളില്‍ 2097 കേസുകളും മദ്യം, ലഹരി വസ്തുക്കള്‍ എന്നിവയുടെ സ്വാധീനം മൂലമുണ്ടായ ഗാര്‍ഹിക പീഡനങ്ങളാണ്. ഇതേ വര്‍ഷം 4626 സ്ത്രീകള്‍ ശാരീരിക ഉപദ്രവത്തിന് ഇരയായിട്ടുണ്ട്.
 
2015നും 2017നുമിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12073 ഗാർഹിക പീഡന കേസുകളില്‍ 4445 കേസുകളിലും മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും സ്വാധീനം ഉണ്ടായിരുന്നു. മദ്യത്തിന്റയും ലഹരിമരുന്നിന്റെയും സ്വാധീനം ഭര്‍തൃ ബലാത്സംഗങ്ങളില്‍ വലിയ ഘടകമായിട്ടുണ്ടെന്ന് സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കൊടി പറയുന്നു. നമ്മള്‍ പ്രതീക്ഷിക്കുന്നതിനപ്പുറത്താണ് കണക്കുകളെന്നും അവര്‍ പറയുന്നു.
 
സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക പീഡന അഭയകേന്ദ്രങ്ങളിലെയും ഭര്‍തൃ ബലാത്സംഗ കണക്കുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അഭയകേന്ദ്രങ്ങള്‍, ഫാമിലി കൗണ്‍സിലിങ് സെന്ററുകള്‍, കുടുംബകോടതികള്‍ എന്നിവയിലെ കണക്കും ഇതിലൊന്നുംപെടാത്ത, അനുഭവിച്ചവയൊന്നും തുറന്നു പറയാതെ വീടുകളില്‍ കഴിയുന്ന സ്ത്രീകളുടെ കണക്കും കൂടിയാകുമ്പോള്‍ ബലാല്‍സംഗത്തിനിരയാവുന്ന ഭാര്യമാരുടെ എണ്ണം നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയോളം വരുമെന്ന് സാമൂഹിക ക്ഷേമ ബോര്‍ഡിന്റെ ഡിവി ആക്ട് പ്രൊജക്ട് മാനേജര്‍ മുഹമ്മദ് നിസാര്‍ പറയുന്നു.
 
മദ്യവും ലഹരിയും മാത്രമല്ല ആണധികാര ബോധവും ഭര്‍തൃ ബലാല്‍സംഗങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുെണ്ടന്ന് സര്‍വ്വേ ഫലങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.
 
ദേശീയ കുടുംബാരോഗ്യ സര്‍വ്വേ-4 കേരളത്തിലെ 
ഭര്‍ത്താക്കന്‍മാരെ കുറിച്ച് പറയുന്നത്
 
താന്‍ ആവശ്യപ്പെടുന്ന സമയത്ത് ഭാര്യ ലൈംഗികത നിഷേധിക്കുകയയാണെങ്കില്‍ ശകാരിക്കാനും ക്ഷുഭിതനാവാനുമുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് കേരളത്തിലെ 17.8% പേര്‍
 
എപ്പോഴെങ്കിലും ഭാര്യ തന്റെ ലൈംഗികാവശ്യം നിരാകരിക്കുകയാണെങ്കില്‍ അവള്‍ക്ക് നല്‍കേണ്ട സാമ്പത്തിക സഹായം  നല്‍കേണ്ടതില്ലെന്ന് കരുതുന്നവരാണ് കേരളത്തിലെ 6.4% ഭര്‍ത്താക്കന്‍മാര്‍. 
 
ഭാര്യ തന്റെ ലൈംഗികാവശ്യം നിഷേധിക്കുകയാണെങ്കില്‍ അവളെ ബലാല്‍സംഗം ചെയ്യാന്‍ അവകാശമുണ്ടെന്ന് കേരളത്തിലെ 4.3 % പുരുഷന്‍മാരും കരുതുന്നു. 
 
ഭാര്യ എപ്പോഴെങ്കിലും ഭര്‍ത്താവിന്റെ ലൈംഗികാവശ്യം നിഷേധിക്കുകയാണെങ്കില്‍ മറ്റ് സ്ത്രീകളുമായി ലൈംഗികബന്ധം ആവാമെന്ന് കരുതുന്നവരാണ് 6.6% പുരുഷന്‍മാരും. 
 
77.6 % പുരുഷന്‍മാര്‍ ഈ പ്രവൃത്തികളൊന്നും അംഗീകരിക്കുന്നവരല്ല. 
 
സ്ത്രീകള്‍ ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കില്‍ അവളെ അടിക്കാനോ മര്‍ദ്ദിക്കാനോ അവകാശമുണ്ടെന്നും കേരളത്തിലെ 13.7% പുരുഷന്‍മാര്‍ കരുതുന്നു.  98.7% സാക്ഷരരായ പുരുഷന്‍മാരുള്ള കേരളത്തിലെ  ഈ 13.7% പേരെയും കേരളം അവകാശപ്പെടുന്ന വിദ്യാഭ്യാസ നിലവാരവും സാക്ഷരതയും സാമൂഹിക വിദ്യാഭ്യാസവും നവ്വോത്ഥാനവും സ്വാധീനിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.
 
 
content highlights: Marital rapes in Kerala Statistics, Social welfare board report, domestic violence