ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകളെ അദര്‍ പീപ്പിള്‍ എന്ന് വിശേഷിപ്പിച്ച മേനകാഗാന്ധി മാപ്പ് പറഞ്ഞു. മേനകാഗാന്ധിയുടെ പരാമർശവും ശരീര ഭാഷയും വ്യാപകമായി വിമർശിക്കപ്പെട്ടതിനു പുറകെയാണ് തന്റെ പ്രസ്താവനയിൽ അവർ ക്ഷമ ചോദിച്ചത്.

ലോക്സഭയില്‍ ആണ്  മേനകാഗാന്ധി വിവാദ പ്രസംഗം നടത്തിയത്. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവെയായിരുന്നു സംഭവം. പ്രസംഗമധ്യേ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ 'അദര്‍ പീപ്പിള്‍' എന്ന് വിശേഷിപ്പിച്ച മേനഗാഗാന്ധി അടക്കിപ്പിടിച്ച ചിരിയോടെയാണ് ലൈംഗിക തൊഴിലാളികളെപ്പറ്റി സംസാരിച്ചത്.  മേനകാ ഗാന്ധിയുടെ പ്രസംഗം കേട്ട് എം.പിമാര്‍ ഡെസ്‌ക്കില്‍ കയ്യടിച്ച് ചിരിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നും പൊതു സമൂഹത്തിൽ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് മാപ്പ് പറഞ്ഞത്. വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മേനകാഗാന്ധിയ്ക്ക് ട്രാന്‍സ്ജെന്‍ഡറുകളെയും ലൈംഗികതൊഴിലാളികളെയും അഭിസംബോധന ചെയ്തു സംസാരിക്കാന്‍ അറിയില്ലെന്നും മേനകാഗാന്ധി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 

അറിവില്ലായ്മ്മ മൂലമാണ് അദര്‍പീപ്പിള്‍ എന്ന് വിശേഷിപ്പിച്ചതെന്നും അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും,  പ്രസ്തുത വിശേഷണത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും മേനകാഗാന്ധി പറഞ്ഞു.  


'ഈ ബില്‍ മനുഷ്യക്കടത്തില്‍ അകപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ്. ലൈംഗിക തൊഴിലാളികളെ ഈ ഗണത്തിലേക്ക് പരിഗണിക്കാനാകില്ല. കാരണം സ്വയം ലൈംഗികവൃത്തി തിരഞ്ഞെടുത്തവരെ ഇരയായി പരിഗണിക്കാനാകില്ല. അവന്റെയൊ അവളുടെയൊ,അതായത് മറ്റുള്ളവരുടെയൊ(other ones) പ്രശ്നങ്ങള്‍ക്ക് ആരെയും കുറ്റപ്പെടുത്താനും ആകില്ല. അതുകൊണ്ട് തന്നെ ഈ ബില്‍ ലൈംഗിക തൊഴിലാളികളെ ഒരു രീതിയിലും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല', എന്നുള്ള പ്രസംഗമാണ് വിവാദത്തിനിടയാക്കിയത്.

Content Highlight: Maneka Gandhi Apologises After Calling Transgenders "Other Ones"