ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകളെയും ലൈംഗികത്തൊഴിലാളികളെയും പരിഹസിച്ച് ലോക്സഭയില്‍ മേനകാഗാന്ധിയുടെ പ്രസംഗം. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കവെയാണ് പ്രസംഗമധ്യേ ട്രാന്‍സ്ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും പരിഹസിച്ച് മേനകാഗാന്ധി സംസാരിച്ചത്.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ 'അദര്‍ പീപ്പിള്‍' എന്ന് വിശേഷിപ്പിച്ച മേനഗാഗാന്ധി അപഹസിക്കുന്ന രീതിയിൽ അടക്കിപ്പിടിച്ച ചിരിയോടെയാണ് ലൈംഗിക തൊഴിലാളികളെപ്പറ്റി സംസാരിച്ചത്. മേനകാ ഗാന്ധിയുടെ പ്രസംഗം കേട്ട് എം.പിമാര്‍ ഡെസ്ക്കില്‍ കയ്യടിച്ച് ചിരിച്ചു.
വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മേനകാഗാന്ധിയ്ക്ക് ട്രാന്‍സ്ജെന്‍ഡറുകളെയും ലൈംഗികതൊഴിലാളികളെയും അഭിസംബോധന ചെയ്തു സംസാരിക്കാന്‍ അറിയില്ലെന്നും മേനകാഗാന്ധി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
''ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്, മനുഷ്യര്‍ തന്നെയാണ്. വിലകുറഞ്ഞ അംഗവിക്ഷേപത്തിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ഒന്നാകെ ആക്ഷേപിച്ച മേനകാഗാന്ധി മാപ്പ് പറയണം. ഒരു ക്യാബിനറ്റ് മന്ത്രിയില്‍ നിന്നുള്ള ഈ പെരുമാറ്റം അങ്ങേയറ്റം വേദനിപ്പിക്കുന്നതും,ലജ്ജിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്'' ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് മീര സംഗമിത്ര ട്വിറ്ററില്‍ കുറിച്ചു. മേനകാഗാന്ധിയുടെ പ്രസംഗത്തെ തമാശയായി ഏറ്റെടുത്ത എം.പിമാരെയും മീര രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
"ഈ ബില്‍ മനുഷ്യക്കടത്തില്‍ അകപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ്. ലൈംഗിക തൊഴിലാളികളെ ഈ ഗണത്തിലേക്ക് പരിഗണിക്കാനാകില്ല. കാരണം സ്വയം ലൈംഗികവൃത്തി തിരഞ്ഞെടുത്തവരെ ഇരയായി പരിഗണിക്കാനാകില്ല. അവന്റെയൊ അവളുടെയൊ,അതായത് മറ്റുള്ളവരുടെയൊ(other ones) പ്രശ്നങ്ങള്‍ക്ക് ആരെയും കുറ്റപ്പെടുത്താനും ആകില്ല. അതുകൊണ്ട് തന്നെ ഈ ബില്‍ ലൈംഗിക തൊഴിലാളികളെ ഒരു രീതിയിലും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല".
നിവൃത്തി കേട് കൊണ്ട് ലൈംഗിക വൃത്തിയിലേർപ്പെടുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ അപഹസിക്കുന്നതായിരുന്നു മേനകാ ഗാന്ധിയുടെ വാക്കുകൾ. മാത്രമല്ല ലോക്സഭയില്‍ ഈ വാക്കുകള്‍ പറയുമ്പോഴുള്ള മേനകാഗാന്ധിയുടെ ശരീര ഭാഷ ട്രാൻസ്ജെൻഡർ വിഭാഗത്തോടും ലൈംഗിക തൊഴിലിലേർപ്പെടുന്നവരോടുമുള്ള അവജ്ഞ വെളിവാക്കുന്നതായിരുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..