Representative image/PTI
മുംബൈ: സംസ്ഥാനത്ത് വിധവകളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നിര്‍ത്തലാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഗ്രാമവികസനമന്ത്രി ഹസന്‍ മുഷ്‌റിഫ് ആണ് ഇക്കാര്യം അറിയിച്ചത്.
കോലാപ്പുരിലെ ഹെര്‍വാദ് ഗ്രാമവും മാന്‍ഗാവ് ഗ്രാമവും വിധവകളുമായ ബന്ധപ്പെട്ട ആചാരങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നടപടി. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന ഇത്തരം ആചാരങ്ങള്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതാണെന്ന് മന്ത്രി പറഞ്ഞു.
ഭര്‍ത്താവിനെ ചിതയിലേക്കെടുക്കുംമുമ്പ് ഭാര്യയുടെ സിന്ദൂരം മായ്ക്കുന്നതും താലിയറക്കുന്നതും പച്ചകുപ്പിവളകള്‍ പൊട്ടിക്കുന്നതും പലയിടത്തും നിലനില്‍ക്കുന്ന ആചാരങ്ങളാണ്. നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനും മംഗളകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനും വിധവകള്‍ക്ക് വിലക്കുണ്ട്.
വിധവകള്‍ക്കെതിരേയുള്ള ഈ ദുഷ്പ്രവണതകള്‍ക്കറുതി വരുത്താനുള്ള ഹെര്‍വാദ്, മാന്‍ഗാവ് ഗ്രാമങ്ങളുടെ തീരുമാനം ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഹെര്‍വാദ് ഗ്രാമത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഭാര്യമാര്‍ നേരിടുന്ന ദുരവസ്ഥ കണ്ടറിഞ്ഞ ഗ്രാമവാസികള്‍ ഇനിയും ഇത്തരം ആചാരങ്ങള്‍ വെച്ചുപുലര്‍ത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മേയ് ആദ്യവാരം ചേര്‍ന്ന ഗ്രാമപ്പഞ്ചായത്ത് യോഗം അന്തിമതീരുമാനം കൈക്കൊണ്ടു.
ഹെര്‍വാദിനെ പിന്തുടര്‍ന്ന് മാന്‍ഗാവ് പഞ്ചായത്തും സമാനമായ തീരുമാനമെടുക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..