ന്യൂയോര്‍ക്ക്: പ്രമുഖ മജിഷ്യനും നാസ്തികനുമായിരുന്ന ജെയിംസ് റാന്‍ഡി(92) അന്തരിച്ചു. അതീന്ദ്രിയ, അമാനുഷിക, ശാസ്ത്ര വിരുദ്ധ അവകാശവാദങ്ങളെ വെല്ലുവിളിച്ചിരുന്ന റാന്‍ഡി ഒട്ടേറെ വേദികളില്‍ ഇത്തരം തട്ടിപ്പുകളെ തുറന്നു കാട്ടിയ പരിഷ്കർത്താവ് കൂടിയായിരുന്നു റാൻഡി.

പ്രേതം മുതല്‍ പറക്കും തളിക വരെയുള്ള ഊഹാപോഹങ്ങളെ യുക്തിപൂര്‍വ്വം ഖണ്ഡിച്ച റാന്‍ഡി അന്ധവിശ്വാസങ്ങളെ തുറന്നു കാട്ടാന്‍ ഉപയോഗപ്പെടുത്തിയ മാധ്യമമായിരുന്നു മാജിക്ക്.

1928 ല്‍ കാനഡയിലെ ടൊറന്റോയിലായിരുന്നു ജെയിംസ് റാന്‍ഡി എന്ന റാന്‍ഡല്‍ ജെയിംസ് സ്വിങ്ങിന്റെ ജനനം. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അതീന്ദ്രിയവിദ്യകള്‍ പ്രദര്‍ശിപ്പിച്ച്, അവയെല്ലാം പരിശീലനംകൊണ്ടു സാധിക്കുന്ന വിദ്യകള്‍ മാത്രമാണെന്നു അദ്ദേഹം ലോകത്തോട് പറഞ്ഞു. 1946 മുതല്‍ മജീഷ്യനായി തിളങ്ങി. എന്നാല്‍ ആ ജാലവിദ്യകളുടെ രഹസ്യവും വെളിപ്പെടുത്തി റാന്‍ഡി മറ്റള്ളവരില്‍ നിന്ന് മാറി നടന്നു.

നയാഗ്ര വെള്ളച്ചാട്ടത്തിനു മുകളില്‍ തൂങ്ങിക്കിടന്നു കൊണ്ട് കയ്യും മുഖവും കുരുക്കി അണിഞ്ഞ ജാക്കറ്റിനുള്ളിൽ നിന്ന് സാഹസികമായി രക്ഷപ്പെടുന്ന റാന്‍ഡിയുടെ പ്രകടനം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ തന്റെ ഇത്തരം പ്രകടനങ്ങൾ തന്ത്രങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണെന്നും അല്ലാതെ മാജിക്കല്ലെന്നും റാന്‍ഡി എല്ലായ്‌പ്പോഴും ഓര്‍മ്മിപ്പിച്ചു. 

അതിന്ദ്രീയ ശക്തിയുണ്ടെന്ന് അവകാശപ്പെട്ടവരെ തന്റെ ഷോകളിലൂടെ തുറന്നു കാട്ടിയ റാന്‍ഡി ഇവയെല്ലാം പരിശീലനം കൊണ്ടു സാധിക്കുന്ന വിദ്യകളാണെന്ന് ലോകത്തെ അറിയിച്ചു. 
അതിന്ദ്രീയ, അമാനുഷിക ശക്തികള്‍ അവകാശപ്പെടുന്ന ആളുകളെ തുറന്നു കാട്ടുന്നതിലേക്ക് പിന്നീടദ്ദേഹം തന്റെ പ്രവര്‍ത്തനമേഖല വികസിപ്പിച്ചു..

ടെലിവാഞ്ചലിസ്റ്റ് പീറ്റര്‍ പോപോഫ് ഉള്‍പ്പെടെയുള്ള വിശ്വാസം മുതലെടുത്ത് രോഗശാന്തി നടത്തുന്നവരെയും റാൻഡി തുറന്നുകാട്ടി. തന്റെ പ്രേക്ഷകരെക്കുറിച്ച് ദൈവത്തില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്ന അദ്ദേഹം ഇയര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്നതും തുറന്നു കാട്ടപ്പെട്ടു..

നിയന്ത്രിത സാഹചര്യങ്ങളില്‍ അമാനുഷിക ശക്തികള്‍ തെളിയിക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും റാന്‍ഡിയുടെ തന്നെ ഫൗണ്ടേഷന്‍ 10 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തു. 2015 ല്‍ ഫൗണ്ടേഷനില്‍ നിന്ന് റാണ്ടി വിരമിക്കുമ്പോഴേക്കും ആ തുക ആരും അവകാശപ്പെട്ട് എത്തിയിരുന്നില്ല. 

ഡേയ്വി പെനയാണ് റാന്‍ഡിയുടെ പങ്കാളി. 2013ലാണ് ഇരുവരും വിവാഹിതരായത്.

content highlights: Magician and sceptic James Randi dies