കോഴിക്കോട് :  കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാര്‍ശ പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി അംഗീകരിച്ചു. ആൺ പെൺ പ്രത്യേക സ്കൂളുകൾക്കെതിരേ മാതൃഭൂമിയുടെ നേതൃത്വത്തില്‍ വേണോ ആണ്‍-പെണ്‍ മതില്‍ എന്നൊരു കാമ്പയിന് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിപ്ലവകരമായ തീരുമാനത്തിന് മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍ തിരികൊളുത്തിയത്.

1920 ല്‍ സ്ഥാപിതമായ മടപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണക്കൂടുതല്‍ കാരണം മടപ്പള്ളി ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ഗവണ്‍മെന്റ് ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നിങ്ങനെ രണ്ടായി വിഭജിച്ചിരുന്നു.

പിന്നീട് ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സ് ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആയി മാറി. ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആയി മാറുകയും ചെയ്തു. ഈ സ്‌കൂളിലാണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നത്. പി ടി എയും അധ്യാപകരും പിന്തുണച്ചതോടെയാണ് മന്ത്രിതലത്തില്‍ തീരുമാനമായത്.

സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ലിംഗനീതിയും ലിംഗസമത്വവും ലിംഗാവബോധവും സംബന്ധിച്ചുള്ള പുരോഗമനപരമായ മുന്നേറ്റത്തിന്റെ മറ്റൊരു ചുവടുവെപ്പാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: madappally government girls school will allow permission for boys