സുപ്രീം കോടതി | Photo: PTI
ന്യൂഡൽഹി: സമൂഹത്തിലെ ദുർബല വിഭാഗങ്ങളെയും സാമ്പത്തിക-സാമൂഹിക-പിന്നാക്ക വിഭാഗങ്ങളെയും സംരക്ഷിക്കാൻ നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമം അനിവാര്യമാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ നൽകിയ ഹർജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ഹർജിയിലെ ആവശ്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നുവെന്നും നിർബന്ധിത മതപരിവർത്തനം തടയാൻ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിലുണ്ട്.
ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം നടത്താനുള്ള അവകാശം നൽകുന്നില്ല. ഒരു വ്യക്തിയെ കബളിപ്പിച്ചോ പ്രേരിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ പാരിതോഷികങ്ങൾ നൽകിയോ മതപരിവർത്തനം നടത്താനാകില്ല. നിർബന്ധിത മതപരിവർത്തിനത്തിന്റെ ഗൗരവവശം ഉൾക്കൊള്ളണം.
സുപ്രീംകോടതിയുടെ നേരത്തേയുള്ള ഒരു ഉത്തരവിൽ ‘പ്രചരിപ്പിക്കുക’ എന്ന വാക്ക് ഒരു വ്യക്തിയെ മറ്റൊരു മതത്തിലേക്ക് പരിവർത്തനംചെയ്യാൻ അനുവദിക്കുകയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതത്തിന്റെ തത്ത്വങ്ങൾ ‘പ്രചരിപ്പിക്കുക’ എന്നതാണ് അതുകൊണ്ട് അർഥമാക്കുന്നത്.
മുൻ ചീഫ് ജസ്റ്റിസ് എ.എൻ. റായ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവിൽ പ്രചാരണം, ക്രമസമാധാനം എന്നീ വാക്കുകളെ വിശദീകരിച്ചിട്ടുണ്ട്. ആസൂത്രിതവും പ്രലോഭിപ്പിക്കുന്നതുമായ മതപരിവർത്തനം തടയാനുള്ള നടപടികളെ ആ ഉത്തരവിൽ സുപ്രീംകോടതി പ്രകീർത്തിച്ചിട്ടുണ്ട്.
നിർബന്ധിത മതപരിവർത്തനം തടയാൻ മധ്യപ്രദേശ്, ഒഡിഷ, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാണ എന്നീ ഒമ്പതു സംസ്ഥാനങ്ങളിൽ നിയമമുണ്ട്. സമാനനിയമം കേന്ദ്രതലത്തിലും അനിവാര്യമാണെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു.
നിർബന്ധിത മതപരിവർത്തനം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് ഹർജിയിലെ ആവശ്യം. മതപരിവർത്തനം തടയാൻ ബിൽ കൊണ്ടുവരണമെന്നും നിയമ കമ്മിഷനോട് റിപ്പോർട്ട് ആവശ്യപ്പെടണമെന്നും ഹർജിയിലുണ്ട്.മുമ്പ് ഹർജി പരിഗണിച്ചപ്പോഴും നിർബന്ധിത മതപരിവർത്തനം ഗുരുതര പ്രശ്നമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു.
Content Highlights: law prohibiting forced religion conversion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..