കാഞ്ഞങ്ങാട് തോയമ്മൽ ലക്ഷം വീട് കോളനിയിലെ പുതിയ വീടുകളിലൊന്ന്
ലക്ഷംവീട് കോളനികളിലെ സന്ദര്‍ശനം വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. വീടുകളുടെ സ്ഥിതി മിക്കയിടത്തും മെച്ചപ്പെട്ടിട്ടുണ്ട്. ആലപ്പുഴ മുഹമ്മ, തലവടി പഞ്ചായത്തിലെ എട്ടാംവാര്‍ഡ്, ചമ്പക്കുളം പുല്ലങ്ങടി എന്നിവിടങ്ങളിലെല്ലാം കണ്ടത് മാറ്റങ്ങളുടെ കാഴ്ചയാണ്.
വികസനം വന്നതോടെ വിലകൂടിയ കാഴ്ചയാണ് കാഞ്ഞങ്ങാട് തോയമ്മല്‍ ലക്ഷംവീട് കോളനിയിലുള്ളത്. കോളനിയുടെ മുന്‍ഭാഗം ദേശീയ പാതയോരത്താണ്. ഇവിടെ ജില്ലാ ആശുപത്രികൂടി സ്ഥാപിതമായതോടെ സ്ഥലത്തിനും വിലയേറി. ചില വീട്ടുകാരെ സ്വാധീനിച്ചും പണം നല്‍കിയും കെട്ടിടലോബിയും കുറച്ച് സ്ഥലം സ്വന്തമാക്കി. കോളനി അനുവദിക്കുമ്പോള്‍ പട്ടയം കൈപ്പറ്റിയവരോ അവരുടെ തലമുറയില്‍പ്പെട്ടവരോ ആയി വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇപ്പോഴുള്ളൂ.
ഇവിടെയുള്ള നാരായണനും ഭാര്യ ജാനകിക്കും പറയാന്‍ കണ്ണീരിന്റെയും സന്തോഷത്തിന്റെയും അനുഭവങ്ങള്‍ ഒത്തിരിയുണ്ട്. 80 കഴിഞ്ഞു നാരായണന്. കോളനിയില്‍ വീടുലഭിക്കുമ്പോള്‍ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു പിറന്നിരുന്നു. നാരായണന്‍ കൂലിപ്പണിയെടുത്തും ജാനകി ബീഡിതെറുത്തും കുടുംബം പോറ്റി. മക്കളും ചെറുമക്കളുമൊക്കെയായി കോണ്‍ക്രീറ്റ് വീട്ടില്‍ കഴിയുമ്പോഴും ആ ബീഡിതെറുപ്പ് വേണ്ടെന്നുവെക്കാന്‍ ജാനകി തയ്യാറല്ല. ഇവിടെ 40 കുടുംബങ്ങള്‍ക്കാണ് വീട് ലഭിച്ചത്. മറ്റിടങ്ങളിലും കാണുന്നത് സമാനസ്ഥിതിയാണ്. മക്കളും ചെറുമക്കളുമൊക്കെയായപ്പോള്‍ കുടുംബങ്ങള്‍ വലുതായി. ജോലിലഭിച്ചവര്‍ നഗരങ്ങളിലേക്കു ചേക്കേറി. അധ്വാനിച്ചുണ്ടാക്കിയ പണത്തിനൊപ്പം വിവിധ പദ്ധതികളിലൂടെ ലഭിച്ച ചെറിയ സഹായവുമൊക്കെക്കൊണ്ട് വീടുകള്‍ പരിഷ്‌കരിച്ചവരാണ് ഏറെയും. പക്ഷേ, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് മിക്കയിടത്തെയും പ്രശ്‌നം.
പാലക്കാട്
പാലക്കാട് പുതുനഗരം ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാര്‍ഡിലാണ് മാങ്ങോട് ലക്ഷംവീട് കോളനി. അമ്പതുകൊല്ലംമുമ്പ് ഫൗജാമ്മയുടെ പിതാവിന്റെപേരിലാണ് ലക്ഷംവീട് പദ്ധതിയില്‍ സ്ഥലവും വീടും കിട്ടിയത്. സഹോദരബന്ധുക്കളടക്കം ഒട്ടേറെ കുടുംബങ്ങള്‍ ഈ വീട്ടില്‍ താമസിച്ചിരുന്നെങ്കിലും ഇപ്പോള്‍ ദാവൂദും ഭാര്യ ഫൗജാമ്മയും മൂന്നുമക്കളുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഭിന്നശേഷിയുള്ള മകളും വിദ്യാര്‍ഥികളായ മറ്റ് രണ്ടുമക്കളുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. വീടിന്റെ ചുമരെല്ലാം വിണ്ടുകീറി. പൊട്ടിയ ഓടുകളിലൂടെ മഴവെള്ളം വീഴാതിരിക്കാന്‍ ഓലകൊണ്ടും പ്ലാസ്റ്റിക് കവറുകള്‍കൊണ്ടും മറച്ചിട്ടുണ്ട്. മേല്‍ക്കൂരയില്ലാത്ത, ചുമരുകള്‍ ഇടിഞ്ഞുവീഴാറായ അടച്ചുറപ്പില്ലാത്ത ശൗചാലയം. സാമ്പത്തിക പരിഹാരത്തെക്കാള്‍ അടച്ചുറപ്പുള്ള വീടാണ് വേണ്ടതെന്ന് ഇവര്‍ പറയുന്നു.
കൊല്ലം
കൊല്ലം ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലെയും ലക്ഷംവീടുകള്‍ ഒറ്റവീടുകളായിട്ടുണ്ട്. ഓടുവീടുകള്‍ കോണ്‍ക്രീറ്റ് വീടുകളുമായിമാറി. പട്ടയ പ്രശ്‌നമാണ് ഇവിടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം തേവര്‍കാട് അരുണോദയം കോളനികളില്‍ കുടിവെള്ളപദ്ധതിയില്ല. വെള്ളം ഒഴുകുന്നതിനുള്ള സൗകര്യവുമില്ല. ഇടപ്പാളയം നാലുസെന്റ്, എട്ടുസെന്റ്, പത്തുസെന്റ് കോളനികളില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യവുമില്ല.
പൂതക്കുളം പഞ്ചായത്തിലെ അഞ്ചു കോളനികളിലായി 110-ഓളം കുടുംബങ്ങളാണുള്ളത്. വീടുകള്‍ പൊളിഞ്ഞുവീഴാറായനിലയിലാണ്. ചാക്കും ടാര്‍പാളിനും മേല്‍ക്കൂരയില്‍ മറച്ചാണ് ചോര്‍ച്ച ഒഴിവാക്കുന്നത്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ലക്ഷംവീടുകള്‍ അനുവദിച്ച പഞ്ചായത്തുകളിലൊന്നാണ് ചിറക്കല്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളവയിലൊന്നും. പഞ്ചായത്തില്‍ എഴുപത്തിയഞ്ചോളം ലക്ഷംവീടുകളുണ്ട്. ഏറ്റവും കൂടുതലുള്ളത് പത്താം വാര്‍ഡായ ഓണപ്പറമ്പില്‍ -അമ്പതോളം.
374 ഇരട്ടവീടുകളാണ് മലപ്പുറത്തുണ്ടായിരുന്നത്. അമ്പതു വര്‍ഷത്തിനുള്ളില്‍ അതില്‍ 144 വീടുകള്‍ മാത്രമാണ് ഒറ്റവീടുകളാക്കിയത്. ബാക്കിയുള്ള 230 വീടുകളില്‍ 212-ഉം ശോച്യാവസ്ഥയിലാണെന്ന് 2020-ല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും ജില്ലയിലെ ലക്ഷംവീടുകളില്‍ നടന്നിട്ടുമില്ല.
തൊടുപുഴ മുട്ടം തോട്ടങ്കര കോളനി. 1972-ല്‍ ഭര്‍ത്താവ് ജോസഫിന്റെ കൈയുംപിടിച്ച് കോളനിയിലേക്കു കടന്നുവരുമ്പോള്‍ 27-കാരി മേരിയുടെ സ്വപ്നങ്ങള്‍ക്ക് നിറങ്ങളേറെയായിരുന്നു. മക്കളുടെ വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതം, സുരക്ഷിതത്വം അങ്ങനെ പലതും. എന്നാല്‍, 50 വര്‍ഷം പിന്നിടുമ്പോള്‍ പഴയ മേരി പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് ഒരുതരി വെളിച്ചത്തിനുവേണ്ടി മാത്രം ജീവിക്കുന്നു. അന്ന് കയറിവന്ന ഇരട്ടമുറിവീടിന് വൈദ്യുതിവെളിച്ചം വന്നെന്നല്ലാതെ 77-കാരിയുടെ ജീവിതത്തില്‍ മറ്റൊരു മാറ്റങ്ങളുമില്ല. ഇന്നും കഴിയുന്നത് മറ്റൊരു കുടുംബത്തിനു പാതി പകുത്തുകൊടുത്ത ഇരട്ടമുറി വീട്ടില്‍ത്തന്നെ. അറ്റകുറ്റപ്പണികള്‍പോലും നടത്താന്‍ വകയില്ലാതെ വീട് ഇപ്പോള്‍ പൊളിഞ്ഞുവീഴുമെന്ന അവസ്ഥ. ഭര്‍ത്താവ് മരിച്ചുപോയി. അമ്പതോളം കുടുംബങ്ങള്‍ പാര്‍ക്കുന്ന കോളനിയിലെ 10 വീടുകള്‍ ഇപ്പോഴും ഇരട്ടമുറികളാണ്, 20 കുടുംബങ്ങള്‍. കുറെപ്പേര്‍ മെച്ചപ്പെട്ട ജീവിതം തേടിപ്പോയി. വീടുകളില്‍ ഭൂരിഭാഗവും ഇന്ന് വാടകക്കാരാണ് താമസിക്കുന്നത്.
എറണാകുളം
എറണാകുളം ജില്ലയില്‍ ലക്ഷംവീട് കോളനികളുടെ നവീകരണത്തിനായി പദ്ധതി നടപ്പാക്കുന്നുണ്ട്. കോളനികളുടെ ഇപ്പോഴത്തെ അവസ്ഥയും നവീകരണത്തിനുള്ള അപേക്ഷയും അറിയിക്കണമെന്നാവശ്യപ്പെട്ട് ഹൗസിങ് ബോര്‍ഡ് പഞ്ചായത്തുകള്‍ക്ക് കത്തയച്ചിരുന്നു. നവീകരണത്തിനാവശ്യമായ പണം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. 54 പഞ്ചായത്തുകള്‍ക്കാണ് കത്തയച്ചത്. ഇതില്‍ 22 പഞ്ചായത്തുകളില്‍നിന്നാണ് ഇപ്പോള്‍ ഗുണഭോക്താക്കളുടെ പട്ടിക ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് 472 ഗുണഭോക്താക്കളുടെ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത് തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ തുടര്‍നടപടികളൊന്നുമായിട്ടില്ല.
മറക്കരുത്, ചരിത്രത്തിന്റെ ഭാഗമായവരെ
ഭവനപദ്ധതികള്‍ പിന്നീടു പലതും വന്നപ്പോള്‍ കേരളത്തിന്റെ സാമൂഹികചരിത്രത്തില്‍ ഇടംനേടിയ ലക്ഷക്കണക്കായ ആളുകളെ മറക്കാതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
ലക്ഷംവീടു കിട്ടിയവരില്‍ ഇപ്പോഴും ദുരിതാവസ്ഥയില്‍ തുടരുന്നവര്‍ക്ക് ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാസയോഗ്യമല്ലാത്ത വീടുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് ഈ പദ്ധതി. ലക്ഷംവീട് സന്തതിപരമ്പരകള്‍ക്ക് കൈമാറുകയാണ് ആളുകള്‍ ചെയ്യുന്നത്. ഇതിനു തടസ്സമില്ല. എന്നാല്‍, വീടുലഭിച്ച ഒരാള്‍ക്ക് അതാവശ്യമില്ലാതെവന്നാല്‍ അതു തിരിച്ച് തദ്ദേശഭരണ വകുപ്പിനു കൈമാറണമെന്നാണ് നിയമം. എന്നാല്‍, ഇതിനു തയ്യാറാകാതെ ആളുകള്‍ വില്‍ക്കുന്നുണ്ടെന്നത് സത്യമാണെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നു. ലക്ഷംവീടുകളുടെ പുനരുദ്ധാരണം ഇപ്പോഴും ഭവനനിര്‍മാണവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കുന്ന പ്രക്രിയയാണിത്. ഇ.എം.എസ്. ഭവനപദ്ധതി പ്രഖ്യാപിച്ച സമയത്ത് ലക്ഷംവീട് പുനരുദ്ധാരണവും ഉണ്ടായിരുന്നു. അതിനു തുടര്‍ച്ചയായ നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
(അവസാനിച്ചു)
( 11 - 5 - 2022 മാതൃഭൂമി പത്രത്തിലെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Laksham Veedu colonies, current situation of housing projects, social, Mathrubhumi latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..