പുല്ലങ്കടി ലക്ഷം വീട് കോളനിയിലെ വീട് ഫോട്ടോ : സി.ബിജു
കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ വലിയ പങ്കുവഹിച്ച ലക്ഷംവീട് പദ്ധതിക്ക് അമ്പതുവയസ്സായി. 1972-ലായിരുന്നു തുടക്കം. അരനൂറ്റാണ്ടാകുമ്പോള്‍ പദ്ധതിയില്‍ വീടു ലഭിച്ചവരുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണ്. സംസ്ഥാനത്തെ ഏതാനും കോളനികളില്‍ നടത്തിയ അന്വേഷണം
ചമ്പക്കുളം
കുട്ടനാട്ടിലെ ചമ്പക്കുളം പുല്ലങ്ങടിയിലുള്ള ലക്ഷംവീട് തേടിയാണ് യാത്ര. കായല്‍കൈവഴിയില്‍ ഒരു കാറിനു മാത്രം പോകാവുന്ന വീതിയില്‍ കുത്തനെയുള്ള ഇരുമ്പുപാലം. എതിര്‍വശത്തുനിന്ന് വണ്ടി കയറുന്നുണ്ടോയെന്നു നോക്കിയിട്ടുവേണം പാലത്തില്‍ കയറാന്‍. പാലത്തിലേക്കു വണ്ടിയോടിക്കാന്‍ പേടിയുള്ള ഒരു സ്ത്രീ സ്‌കൂട്ടര്‍ പാര്‍ക്കുചെയ്ത് പാലത്തിലൂടെ നടന്നുപോകുന്നതു കണ്ടു. വഴിപ്രശ്‌നം കുട്ടനാടിന്റെ പൊതുപ്രശ്‌നമാണ്. ഇവിടെനിന്ന് പിന്നെയും രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചാലേ ലക്ഷംവീട്ടിലെത്തൂ. റോഡില്‍നിന്ന് നടക്കാനുള്ള വഴിയേയുള്ളൂ. മഴയില്‍ വെള്ളംകയറി ചെളിനിറഞ്ഞുകിടക്കുന്ന വഴി. ഈ വഴിയിലുണ്ട് പോസ്റ്റോഫീസും ഒരു വായനശാലയും. എന്നിട്ടും ഏഴുവീടുകളുള്ള ലക്ഷംവീട്ടിലേക്ക് മഴക്കാലത്തു പോകണമെങ്കില്‍ നീന്തേണ്ടിവരും. തെരുവുവിളക്ക് ഇട്ടദിവസം മാത്രം കത്തി. ഇപ്പോള്‍ അന്ധകാരമെന്നു വീട്ടുകാര്‍. പരാതിപ്പെട്ടപ്പോള്‍ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു, ''നിങ്ങള്‍ സ്വന്തമായി വാങ്ങിയിട്'' -ലക്ഷംവീട്ടില്‍ ആദ്യമെത്തിയവരില്‍ ഒരാളായ വത്സല പറയുന്നു. ഇവിടെയുള്ള എല്ലാവരും ഒറ്റവീടുകളായി വീടു പുതുക്കിയിട്ടുണ്ട്. പഞ്ചായത്തില്‍നിന്നും മറ്റും ലഭിച്ച തുച്ഛമായ തുകയും പണിയെടുത്തുണ്ടാക്കിയ പണവുമാണ് ഉപയോഗിച്ചത്. വഴിയില്ലാത്തതിനാല്‍ പണിച്ചെലവു കൂടുതലാണ്. സാധനങ്ങള്‍ പിന്നിലുള്ള തോട്ടിലൂടെ വഞ്ചിയില്‍ കൊണ്ടുവന്നാലും ചുമട്ടുകൂലി അധികമാകും. ചമ്പക്കുളത്തെത്തി ബസു കയറണമെങ്കില്‍ ഒന്നുകില്‍ ബോട്ടുകയറിപ്പോകണം. അല്ലെങ്കില്‍ ഓട്ടോയില്‍ കൂലി പങ്കിട്ടുപോകണം.

കുറ്റ്യാടി
കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലേക്കു പോകാം. ചാലില്‍ നടുപ്പൊയിലിലെ മാധവേട്ടനു പറയാനുള്ളത് ലക്ഷംവീടു നിര്‍മാണത്തില്‍ പങ്കാളിയായതിന്റെയും പിന്നെയവിടെ താമസിക്കുന്നതിന്റെയും കഥയാണ്. നടുപ്പൊയില്‍ ലക്ഷംവീട് കോളനിയില്‍ 45 വര്‍ഷംമുമ്പാണ് തനിക്ക് വീട് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചെര്‍പ്പുളശ്ശേരിക്കാരി രമയെ വിവാഹം ചെയ്തതോടെ അവരും ഇങ്ങോട്ടെത്തി. 76-കാരനായ മാധവനൊപ്പം ഇവിടെ വീടു കിട്ടിയവരില്‍ നാലുപേര്‍മാത്രമേ ഇപ്പോഴിവിടെ താമസിക്കുന്നുള്ളൂ. 15 വീടുകളും 30 കുടുംബങ്ങളുമാണ് ഉണ്ടായിരുന്നത്. പലരും വീടുവിറ്റു പോയി. തനിക്കൊപ്പം വീട് ലഭിച്ചയാളില്‍നിന്ന് അത് വിലയ്ക്കുവാങ്ങി രണ്ടുനിലയാക്കി പരിഷ്‌കരിച്ച വീട്ടിലാണ് ഇപ്പോള്‍ മാധവന്റെ താമസം. രണ്ട് ആണ്‍മക്കളും ഒരു മകളും പേരക്കുട്ടികളുമൊക്കെയായി സന്തോഷത്തിലാണ് മാധവന്റെയും രമയുടെയും ജീവിതം.

എം.എന്‍. നയിച്ച മുന്നേറ്റം
1972-ല്‍ ഭവനവികസന മന്ത്രിയായിരുന്നു എം.എന്‍. ഗോവിന്ദന്‍ നായര്‍. ലോകംതന്നെ അദ്ഭുതത്തോടെ കണ്ട ലക്ഷംവീട് പദ്ധതിയുടെ പിതാവ്. സി. അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്താരംഭിച്ച പദ്ധതിക്ക് അമ്പതു വയസ്സായി. പാമ്പുകള്‍ക്കു മാളവും പറവകള്‍ക്ക് ആകാശവുമുള്ളപ്പോള്‍ ലക്ഷക്കണക്കിനു മനുഷ്യപുത്രര്‍ക്കു തലചായ്ക്കാനിടമില്ലെന്ന് ഇതിനും പത്തുവര്‍ഷംമുമ്പ് കെ.പി.എ.സി.ക്കുവേണ്ടി 'അശ്വമേധ'ത്തില്‍ വയലാര്‍ എഴുതിയിട്ടുണ്ട്. എമ്മെനെ ഇതു സ്വാധീനിച്ചിരിക്കാം. ഓരോ പഞ്ചായത്തിലും നൂറുവീടുകള്‍ എന്ന കണക്കില്‍ ഒരുലക്ഷംവീട് പണിയാനാണ് അദ്ദേഹം വിഭാവനം ചെയ്തത്. പണം, ഭൂമി, തടി, കല്ല് തുടങ്ങിയവയെല്ലാം സംഘടിപ്പിക്കണം. വസ്തു വാങ്ങാനുള്ള പണത്തിന്റെ ഒരുഭാഗം കേന്ദ്രത്തില്‍നിന്ന് സംഘടിപ്പിച്ചു. ബാക്കിയെല്ലാം ജനകീയമായി സമാഹരിക്കുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് ഒറ്റവീടുകളും ഇരട്ടവീടുകളുമായി 90,208 വീടുകളാണു പണിതത്. അതുവരെ കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ജനമുന്നേറ്റം. അമ്പതുവര്‍ഷത്തിനിപ്പുറം ലക്ഷംവീടുകളിലേക്ക് ഒന്നുകൂടി സഞ്ചരിച്ചപ്പോഴാണ് മുകളില്‍പ്പറഞ്ഞ കാഴ്ചകള്‍ കണ്ടത്.

അമ്പതുവര്‍ഷംകൊണ്ട് ജീവിതനിലവാരം മെച്ചപ്പെട്ടവരുണ്ട്. ഇരട്ടവീടുകള്‍ പൊളിച്ച് ഒറ്റവീടുകളാക്കിയവരുണ്ട്. ചിലതൊക്കെ ഇരുനിലവീടുകളായി. മക്കളും ചെറുമക്കളുമൊക്കെയായപ്പോള്‍ മറ്റുചിലര്‍ കൂടുതല്‍ സൗകര്യങ്ങള്‍തേടി മറ്റിടങ്ങളിലേക്കു പോയി. ഇപ്പോഴും സാഹചര്യങ്ങള്‍ മെച്ചപ്പെടാത്തവരുമുണ്ട്. ഇരട്ടവീടുകള്‍ ഒറ്റവീടുകളായതിന്റെയുള്‍പ്പെടെയുള്ള കൃത്യമായ കണക്കുകള്‍ പലയിടത്തുമില്ല. മറ്റിടങ്ങളിലേക്കു താമസംമാറിയവരുടെ കണക്കുമില്ല. ഇ.എം.എസ്. ഭവനപദ്ധതി വന്നതോടെ ലക്ഷംവീട് പുനരുദ്ധാരണ പദ്ധതികള്‍ മന്ദീഭവിച്ചു. ഇപ്പോള്‍ ലൈഫ് മിഷന്‍ പ്രകാരമാണ് വീടുകള്‍ അനുവദിക്കുന്നത്. ഇതോടെ പഴയ ലക്ഷംവീടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍നിന്ന് അകന്നു.
എം.എന്‍. ഗോവിന്ദന്‍ നായര്‍ നേരിട്ടെത്തിയാണ് 1972-ല്‍ തിരുവനന്തപുരം ചെറുവയ്ക്കല്‍ ലക്ഷംവീട് കോളനിയില്‍ 24 വീടുകള്‍ ഭവനരഹിതര്‍ക്ക് കൈമാറിയത്. പേയാട് സ്വദേശി സുകുമാരനാണ് അന്ന് വീടിന്റെ താക്കോല്‍ എം.എന്‍. കൈമാറിയത്. വീടിനുമുറ്റത്ത് ഒരു തെങ്ങിന്‍തൈയും നട്ടു. ആ വീട് ഇന്നില്ല; സുകുമാരന്റെ മകള്‍ സിന്ധു വീട് പൊളിച്ചുപണിതപ്പോള്‍ ആ തെങ്ങ് മുറിച്ചു. സിന്ധുവും ഭര്‍ത്താവ് മുരളിയുംചേര്‍ന്ന് നിര്‍മിച്ച ഇരുനിലവീടാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
( 10 - 5 - 2022 മാതൃഭൂമി പത്രത്തിലെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Laksham Veedu colonies and it's current situation, social, Mathrubhumi latest, MN govindan Nair


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..