പ്രതീകാത്മക ചിത്രം | Reuters
കോഴിക്കോട് : കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ സോഷ്യല്‍ ഓഡിറ്റിങ് അവതാളത്തില്‍. സംസ്ഥാനത്ത് സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള രണ്ടാംഘട്ട ഫണ്ടാണ് ലഭിക്കാത്തത്. ഇതുമൂലം സോഷ്യല്‍ ഓഡിറ്റ് നിര്‍ത്തിവെക്കേണ്ട സാഹചര്യമാണുള്ളത്.
കിട്ടിയതുകയുടെ 60 ശതമാനം ചെലവഴിച്ചുകഴിഞ്ഞപ്പോള്‍ നവംബറില്‍ അടുത്ത ഗഡു ഫണ്ടിനുള്ള അപേക്ഷ നല്കി. ഇതിനൊപ്പം നല്കിയ പദ്ധതി ശുപാര്‍ശയെക്കുറിച്ചുള്ള വിശദീകരണംപോലും ഇതുവരെ ചോദിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഫണ്ടിന്റെ ലഭ്യതക്കുറവുമൂലം സോഷ്യല്‍ ഓഡിറ്റിങ്ങില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ശമ്പളത്തിന്റെ പകുതിമാത്രമാണ് കഴിഞ്ഞതവണ നല്‍കിയത്. അടുത്തമാസം ഇതിനുപോലുമുള്ള ഫണ്ടില്ലെന്നും അധികൃതര്‍ പറയുന്നു. വിഷയം സംസ്ഥാനസര്‍ക്കാരിന്റെയും ഗവേണിങ് വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഇ. ശ്രീകുമാര്‍ പറഞ്ഞു.
ആറുമാസം: 38,238 ക്രമക്കേടുകള്‍
ലോക്ഡൗണിനുശേഷം കഴിഞ്ഞവര്‍ഷം ജൂലായ് മുതല്‍ ഡിസംബര്‍വരെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ നടത്തിയ സോഷ്യല്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത് 38,238 ക്രമക്കേടുകളാണ്.
സാമ്പത്തികക്രമക്കേട്, ചെയ്യാത്ത പണികളുടെ പേരില്‍ തുക വകയിരുത്തല്‍, പണികളുടെ എണ്ണം പെരുപ്പിച്ചുകാട്ടല്‍, പണിചെയ്യാത്ത ആളുകളുടെ പേരില്‍ പണംവാങ്ങുക തുടങ്ങിയ ക്രമക്കേടുകളാണ് പ്രധാനമായും കണ്ടെത്തിയത്.
പാലക്കാട്- 7,143, എറണാകുളം- 6155, ഇടുക്കി- 5113, കണ്ണൂര്‍-4433, വയനാട്- 81, മലപ്പുറം- 462, കൊല്ലം- 476 എന്നിങ്ങനെയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സുതാര്യത ഉറപ്പാക്കാനും കൃത്യമായി ഗുണഭോക്താക്കളില്‍ പദ്ധതിയെത്തുന്നുണ്ടോ എന്നറിയാനുമാണ് സോഷ്യല്‍ ഓഡിറ്റ്. ഇതിന്റെ ഭാഗമായി പദ്ധതി അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്യും. പദ്ധതിയുടെ രേഖകളും രജിസ്റ്ററുകളും മറ്റും പരിശോധിക്കുകയും തുടര്‍ന്ന് പദ്ധതിയുടെ പ്രവൃത്തിസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പുനഃപരിശോധനയ്ക്കു വിധേയമാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..