ഇൻഡോർ: കാലൊടിഞ്ഞ അവസ്ഥയിലും സഹരോഗിക്കൊപ്പം സ്‌ട്രെച്ചര്‍ വരെ പങ്കുവെക്കേണ്ട ഗതികേടില്‍ സ്ത്രീ. ഇന്‍ഡോറിലെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലാണ് വേണ്ടത്ര സെട്രച്ചറുകളില്ലാത്തതിനാല്‍ പുരുഷനായ മറ്റൊരു രോഗിക്കൊപ്പം കാലൊടിഞ്ഞ സംഗീത എന്ന രോഗിക്ക് സ്‌ട്രെച്ചര്‍ പങ്കുവെക്കണ്ടേി വന്നത്. സ്‌കാനിങ്ങിനായി കൊണ്ടുപോകവേയാണ് ഒരാൾക്ക് കിടക്കാവുന്ന സ്ട്രെച്ചറിൽ മറ്റൈാരു രോഗിയെ കൂടി സംഗീതയോടൊപ്പം ചേര്‍ത്തത്. മനുഷ്യത്വത്തിന്റെ പേരിലാണ് തന്റെ സ്‌ട്രെച്ചര്‍ പങ്കുവെക്കാന്‍ അനുവദിച്ചതെങ്കിലും കാലൊടിഞ്ഞ അവസ്ഥയില്‍ തീരെ ബുദ്ധിമുട്ടിയാണ് സ്‌ട്രെച്ചറില്‍ കിടന്നതെന്ന് സംഗീത പറയുന്നു.

12 ദിവസം മുമ്പാണ് സംഗീതയെ കാലൊടിഞ്ഞ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 

"എല്ല് രോഗ വാര്‍ഡിലായിരുന്നു ഭാര്യ കിടന്നിരുന്നത്. സ്‌ട്രെച്ചറുകള്‍ ഇല്ലാത്തതിനാല്‍ സംഗീതയോടൊപ്പം മറ്റൊരു പുരുഷനായ രോഗിയെ കൂടെ കിടത്തി പരിശോധനയ്ക്കായി സ്‌കാനിങ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഞങ്ങള്‍ നിസ്സഹായരായിരുന്നു. കൂടെ ഉള്ള രോഗിക്ക് ചികിത്സ നിഷേധിക്കരുതെന്ന ഉദ്ദേശത്തില്‍ ഞങ്ങള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല", സംഗീതയുടെ ഭര്‍ത്താവ് ധര്‍മ്മേന്ദ്ര പറയുന്നു.

ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് താനങ്ങനെ കിടന്നതെന്നാണ് ചോദിച്ചപ്പോള്‍ സംഗീത ഭര്‍ത്താവിന് മറുപടി നല്‍കിയത്. വളരെ കഷ്ടപ്പെട്ടാണ് സ്‌ട്രെച്ചറില്‍ കിടന്നതെന്നും അവര്‍ പറയുന്നു.

വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍മാരോടും വാര്‍ഡ് ബോയ്‌സിനോടും നഴ്‌സുമാരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. സ്ട്രെച്ചറുകളുടെ അഭാവം ആശുപത്രിയിലുണ്ടെന്നും സൂപ്രണ്ട് സമ്മതിച്ചു.

നീതി ആയോഗ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം മെഡിക്കല്‍ രംഗത്തെ വികസനത്തില്‍ ഏറെ പുറകിലുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞയാഴ്ച ഒരു രോഗിയെ ബെഡ്ഷിറ്റില്‍ പൊതിഞ്ഞ് എക്‌സ്‌റേ റൂമിലെത്തിച്ചത് വലിയ വിവാദമായിരുന്നു.

മരിച്ചെന്ന് കരുതി രോഗിയെ ജീവനോടെ ഒരു ദിവസത്തോളം മോര്‍ച്ചറിയില്‍ കിടത്തിയ സംഭവവും മധ്യപ്രദേശില്‍ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

content highlights: lack of facilities, Man and women Man Forced To Share Stretcher In Indore Hospital