കെഎസ്ആര്‍ടിസി: ശമ്പളവുമില്ല, ജീവിതവുമില്ല, ഇത് ഇവര്‍ക്ക് കണ്ണീരോണം


കെ.എസ്.ആർ.ടി.സി

കൃത്യമായി ശമ്പളം കിട്ടുന്നവര്‍പോലും മാസാവസാനം കിതയ്ക്കുന്ന കാലമാണിത്. പി.എഫ്., ഗ്രാറ്റ്വറ്റി, എല്‍.ഐ.സി., വായ്പകള്‍ എല്ലാം പിടിച്ചുകഴിഞ്ഞാല്‍ അക്കൗണ്ട് വെളുക്കും. കേരളത്തിലെ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജോലിക്കാരുടെയും അവസ്ഥയിതാണ്. അപ്പോള്‍ രണ്ടുമാസമായി ശമ്പളമേ കിട്ടിയില്ലെങ്കിലോ...? അതുകൊണ്ട് ജീവിതം നടുക്കടലിലായവരാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍.

ഒമ്പതുമാസമായി അവരുടെ വകുപ്പിതര സാമ്പത്തിക ഇടപാടുകളുടെ അടവുപോലും കോര്‍പ്പറേഷന്‍ അടച്ചിട്ടില്ല. വായ്പകളും എല്‍.ഐ.സി. പ്രീമിയങ്ങളുമെല്ലാം മുടങ്ങി. ആറുവര്‍ഷമായി തൊഴിലാളികള്‍ക്ക് നല്‍കേണ്ട യൂണിഫോം, ഷൂ അലവന്‍സുകള്‍ നല്‍കിയിട്ടില്ല.

ഓണത്തിന് മക്കള്‍ക്ക് നല്ല വസ്ത്രങ്ങള്‍ വാങ്ങാന്‍, സദ്യയൊരുക്കാന്‍, കുടുംബമൊത്തൊരു സിനിമയ്ക്ക് പോകാനൊക്കെ ഇവര്‍ക്കും ആഗ്രഹങ്ങളുണ്ട്. പക്ഷേ, കുട്ടികളുടെ ഫീസടയ്ക്കാതെ, വായ്പമുടങ്ങിയതിന് സമാധാനം പറയാനാവാതെ, കേബിളും പത്രവുംപോലും നിലനിര്‍ത്താനാവാതെ എന്ത് ഓണാഘോഷം. കുടുംബത്തോടൊപ്പം ഓണസദ്യയുണ്ട് ഏമ്പക്കമിടുമ്പോളെങ്കിലും അധികൃതര്‍ ഇവരുടെ കഥയൊന്നു കേള്‍ക്കണം.

മക്കളുടെ ഫീസടയ്ക്കാന്‍ പോലുമാകാതെ

കാഞ്ഞങ്ങാട് ജിത്തുനിവാസില്‍ എസ്. പവിത്രന് വീട്ടില്‍ 75 വയസ്സായ അച്ഛനും 70 വയസ്സായ അമ്മയും ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായ പവിത്രന്റെ വരുമാനമായിരുന്നു ഏക ആശ്രയം. കഴിഞ്ഞദിവസം പ്ലസ്ടുവില്‍ പഠിക്കുന്ന മകള്‍ സങ്കടം പറഞ്ഞു. അടുത്തദിവസം സ്‌കൂളില്‍ ഓണാഘോഷമാണ്. എല്ലാവരും പുതിയ ഉടുപ്പിട്ടുവരും. എനിക്കുമാത്രം പുതിയതൊന്നുമില്ല. എന്തു മറുപടി പറയണമെന്നറിയാതെ ഒറ്റയ്ക്കിരുന്ന് കരയുകയാണ് പവിത്രന്‍. ഡിഗ്രിക്ക് പഠിക്കുന്ന മകന്റെ ഫീസടയ്ക്കാന്‍ പണമില്ല. കടംവാങ്ങിയവര്‍ ചോദിക്കാന്‍ തുടങ്ങി. ബാങ്കില്‍ 12,000 രൂപ ലോണടയ്ക്കണം. എല്‍.ഐ.സി. ശമ്പളത്തില്‍നിന്നാണ് പിടിച്ചിരുന്നത്. അതും മുടങ്ങി. പവിത്രന്‍ നെഞ്ചുപൊട്ടി പറയുന്നു.

മരുന്നു വാങ്ങാന്‍പോലും ഗതിയില്ല

പാലക്കാട് ചിറ്റൂര്‍ ഡിപ്പോയിലെ ഡ്രൈവറായ കണ്ണന്റെ ഭാര്യ തളര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഒരാഴ്ച 1175 രൂപയുടെ മരുന്നുവേണം. ശമ്പളം കിട്ടിയിരുന്നപ്പോള്‍ തട്ടിമുട്ടി ഒപ്പിച്ചുപോയിരുന്നു. രണ്ടുമാസത്തെ ശമ്പളമില്ലാതായതോടെ മരുന്നുപോലും വാങ്ങാനാവാത്ത സ്ഥിതിയായി. ഒരു ശസ്ത്രക്രിയ നടത്തിയാല്‍ കുറെ മാറ്റമുണ്ടാവുമെന്നാണ് പറയുന്നത്. എന്നാല്‍, അതിന് പത്തുലക്ഷം രൂപവേണം. അതത് ദിവസം മുന്നോട്ടുപോകാന്‍ പൊരുതുന്ന ഞാന്‍ എങ്ങനെ ഈ ഭാരം താങ്ങുമെന്നാണ് കണ്ണന്‍ ചോദിക്കുന്നത്.

വീടുവിറ്റ് വാടകവീട്ടിലേക്ക്

ബാങ്ക് വായ്പയെടുത്ത് പണിത വീട്ടില്‍നിന്ന് വാടകവീട്ടിലേക്കു മാറേണ്ടിവന്ന കഥയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവറായ എ.പി. സിദ്ദിഖ് അലിയുടേത്. 12 ലക്ഷം രൂപ വായ്പയെടുത്താണ് വീടുവെച്ചത്. 12,400 രൂപവേണം മാസത്തവണയടയ്ക്കാന്‍. ശമ്പളം കിട്ടാതായതോടെ ആറ് അടവു മുടങ്ങി. പലിശയ്ക്കുമേല്‍ പലിശയായി. അവസാനം, മോഹിച്ചുണ്ടാക്കിയ വീട് വിറ്റു. ശമ്പളം കിട്ടുന്നില്ലെങ്കിലും ജോലിക്കുപോകുന്നുണ്ട്. മകന്‍ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയാണ്. ഹോസ്റ്റല്‍ ഫീസ് രണ്ടുമാസമായി കൊടുത്തിട്ട്. പുറത്താക്കല്‍ ഭീഷണിയുയര്‍ന്നെങ്കിലും കൈയും കാലും പിടിച്ച് അപേക്ഷിച്ച് ഒരു മാസംകൂടി സാവകാശം നേടി. എസ്.എസ്.എല്‍.സി. വിദ്യാര്‍ഥിനിയായ മകളാകട്ടെ ട്യൂഷന്‍ നിര്‍ത്തി.

ജീവനക്കാരുടെ കൂട്ടായ്മ സുപ്രീംകോടതിയിലേക്ക്
കൊല്ലം: ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ കൂട്ടായ്മയായ ഫോറം ഫോര്‍ ജസ്റ്റിസ് സുപ്രീംകോടതിയെ സമീപിക്കുന്നു. കൂട്ടായ്മയുമായി സഹകരിക്കുന്ന ജീവനക്കാരില്‍നിന്ന് ചെറിയതോതില്‍ സാമ്പത്തികസമാഹരണം നടത്തിയാകും കോടതിച്ചെലവിനുള്ള തുക കണ്ടെത്തുക.ശമ്പളം ലഭിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

കൂപ്പണ്‍വാങ്ങാന്‍ ആരുമെത്തിയില്ല

കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളത്തിനുപകരം കൂപ്പണ്‍ നല്‍കാനുള്ള നീക്കം തുടക്കത്തിലേ പാളി. ശനിയാഴ്ചയാണ് കൂപ്പണ്‍ നല്‍കാമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, ഇത് തൊഴിലാളികള്‍ പൂര്‍ണമായും തള്ളി. ഒരാള്‍പോലും കൂപ്പണ്‍ കൈപ്പറ്റിയില്ല. ജൂലായ്, ഓഗസ്റ്റ് മാസത്തിലെ മുടങ്ങിയ ശമ്പളത്തിന്റെ ഒരുഭാഗം സാധനങ്ങള്‍ വാങ്ങാനുള്ള കൂപ്പണായെങ്കിലും നല്‍കണമെന്ന് ഹൈക്കോടതിയാണ് നിര്‍ദേശിച്ചത്. കെ.എസ്.ആര്‍.ടി.സി. ചീഫ് ഓഫീസിനുമുന്നില്‍ ജീവനക്കാര്‍ കൂപ്പണ്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.

മനഃപൂർവം തകർക്കുന്നു

കെ.എസ്.ആർ.ടി.സി.യെ മനഃപൂർവം തകർക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. സ്ഥാപനം മാസം 200 കോടിയോളം വരുമാനമുണ്ടാക്കുന്നുണ്ട്. ടിക്കറ്റിതര വരുമാനം വേറേയും. അതെല്ലാം മുൻകാലത്തെ കടങ്ങൾ തീർക്കാൻ ഉപയോഗിക്കുകയാണ്. 2885 ബസുകളാണ് കോവിഡിന്റെ മറവിൽ പിൻവലിച്ചത്. അങ്ങനെ ജീവനക്കാർക്ക് പണിയില്ലാതായി. ഇപ്പോൾ ജീവനക്കാർ അധികമാണെന്നായി നിലപാട്.

നസീർ അയമോൻ,കെ.എസ്.ടി. വർക്കേഴ്‌സ് യൂണിയൻ(ഐ.എൻ.ടി.യു.സി.) മലപ്പുറം ജില്ലാ പ്രസിഡന്റ്

ഗതാഗതമന്ത്രിയെ തടയാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍
കൂപ്പണ്‍ വേണ്ട ശമ്പളം മതിയെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജുവിനെ വഴിയില്‍ തടയാന്‍ശ്രമിച്ചു. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരായ രണ്ടുപേര്‍ അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി സുരേഷ്, ഒളവണ്ണ സ്വദേശി നിര്‍മല്‍രാജ് എന്നിവരെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് ചാത്തമംഗലം കട്ടാങ്ങല്‍ അങ്ങാടിയിലാണ് സംഭവം.മന്ത്രിക്കെതിരേ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലത്തും പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു.

Content Highlights: KSRTC Salary Issue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented