വന്നുപോയ മഹാപ്രളയത്തില്‍ നിന്നും കേരളം തിരികെ നടക്കുകയാണ്. പ്രളയബാധിതരുടെ പുനരധിവാസമാണ് പ്രധാന കടമ്പ. ഇതുമറികടക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം പോര. ഓരോ മലയാളിയും മനസുവെച്ചാല്‍ മാത്രമെ കേരളത്തിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകൂ.
ഒരോ ദിവസത്തെയും സമ്പാദ്യം സ്വരൂക്കൂട്ടിവെച്ചാകും പലരും വീട്ടിലേക്കുള്ള സാധനങ്ങള്‍ ഓരോന്നായി വാങ്ങിയിട്ടുണ്ടാകുക. അത് ചിലപ്പോള്‍ ടിവിയാകാം ഫ്രിഡ്ജ് ആകാം, അതുമല്ലെങ്കില്‍ ഒരു പുല്‍പ്പായ പോലുമാകാം. എല്ലാം വെള്ളത്തില്‍ കുതിര്ന്നുപോയവര്ക്ക് ഇനി ഒന്നില്‍ നിന്നും തുടങ്ങണം.
അവരെ നമുക്ക് സഹായിക്കാനാകും. പോംവഴി നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. ആവശ്യമുള്ളതും ഇല്ലാത്തതുമായ പല സാധനങ്ങളുടെയും ഗോഡൗണുകളാണ് നമ്മുടെ വീടുകള്‍. വാങ്ങിവച്ചശേഷം ഉപയോഗിക്കാത്ത നിരവധി സാധനങ്ങള്‍ ഒന്നു കണ്ണോടിച്ചാല്‍ കാണാനാകും. എല്ലാം നഷ്ടപ്പെട്ടുപോയവര്‍ക്ക് ഇവ മതി ആശ്വാസമാകാന്‍. നിങ്ങളുടെ വീടിന്റെ സ്ഥലം അനാവശ്യമായി അപഹരിക്കുന്ന ഇത്തരം സാധനങ്ങള്‍ പ്രളയബാധിതര്‍ക്ക് നല്കിക്കൂടെ..
സഹായിക്കണമെന്ന് ആഗ്രഹമുള്ളവരാകും പലരും. പക്ഷേ അപ്പോള്‍ മുന്നിലുള്ള വെല്ലുവിളി ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ ഇത് അര്‍ഹരായവരിലേക്ക് എത്തുമോയെന്ന ആശങ്കയാകും. ഇനി നേരിട്ടെത്തിക്കാമെന്നു കരുതിയാല്‍ ദൂരം,സമയം. ചിലവ് തുടങ്ങിയ അസൗകര്യങ്ങള്‍ ആഗ്രഹങ്ങള്‍ക്ക് വഴിമുടക്കും. നിരാശപ്പെടേണ്ട നിങ്ങളെ സഹായിക്കാനും വെബ്സൈറ്റ് ഉണ്ട്.
കൂടൊരുക്കാം ഡോട്ട് കോം
പ്രളയബാധിതരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയതാണ് കൂടൊരുക്കാം ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം . നല്കാന് ആഗ്രഹിക്കുന്ന സാധനം കൂടൊരുക്കാം ഡോട്ട് ഇന്‍ രേഖപ്പെടുത്തുക. വളണ്ടിയര്‍മാര്‍ വന്ന് സാധനം ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കും. വാഹനവും ഡെലിവറിയുമൊക്കെ ഫ്രീയായിരിക്കും.സാധനങ്ങള്‍ ആര്‍ക്കു നല്കി, എവിടെ എത്തി തുടങ്ങിവ വിവരങ്ങളും നിങ്ങള്‍ക്ക് അറിയാനാകും. വക്കുപൊട്ടിയത്, കാലൊടിഞ്ഞത്, കീറിയത് തുടങ്ങി പ്രളയബാധിതരെ അപമാനിക്കുന്ന ഒന്നും നിങ്ങള്‍ സംഭാവന ചെയ്യാതിരിക്കുക. പുതിയത്, അതുമല്ലെങ്കില്‍ അധികം കാലപ്പഴക്കമില്ലാത്തതും നിങ്ങള്‍ ഉപയോഗിക്കാത്തതുമായ സാധനങ്ങള്‍ മാത്രം നല്‍കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..