എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുസമീപത്തെ കേരള സ്റ്റേറ്റ് ഡിഫൻസ് ഹൗസിങ് സൊസൈറ്റി ലിമിറ്റഡിന്റെ പൂട്ടിയിട്ട ഓഫീസിനുമുന്നിൽ റിട്ട. ഹവിൽദാർ സി.പി. പൊന്നപ്പൻ
കൊച്ചി: പതിവുപോലെ റിട്ട. ഹവില്‍ദാര്‍ പൊന്നപ്പന് നാലുനിലക്കെട്ടിടത്തിന്റെ പടികയറി നാലാംനിലയിലെ ഡിഫന്‍സ് സഹകരണസംഘം ഓഫീസിന്റെ മുന്നിലെത്തി. രണ്ടുവര്‍ഷമായുള്ള ആ പതിവുതെറ്റിയില്ല, ഓഫീസ് പൂട്ടിയ നിലയില്‍ത്തന്നെ. ഓഫീസിനുമുന്നില്‍ ആ അറുപത്തിനാലുകാരന് ഇരുന്നു. ആരോടെന്നില്ലാതെ ചോദിച്ചു ''ഇനി എന്നുകിട്ടും എന്റെ ആധാരം?''
രാജസ്ഥാനിലെ ബിക്കാനീറും ജമ്മുകശ്മീരുമടക്കം അതിര്ത്തിപ്രദേശങ്ങളിലായിരുന്നു കുമ്പളങ്ങി സ്വദേശിയായ സി.പി. പൊന്നപ്പന് പട്ടാളത്തിലുണ്ടായിരുന്ന 20 വര്‍ഷവും ജോലിചെയ്തത്. 2014- ല്‍ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിന് അഞ്ചുസെന്റ് ഭൂമി പണയപ്പെടുത്തി കേരള സ്റ്റേറ്റ് ഡിഫന്‍സ് ഹൗസിങ് സൊസൈറ്റി ലിമിറ്റഡില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്തു. മുടക്കംവരുത്താതെ 2019 സെപ്റ്റംബറില്‍ പലിശയടക്കം 8,89,000 രൂപ തിരിച്ചടച്ചു. ആധാരം തിരിച്ചുചോദിച്ചതോടെ സംഗതിമാറി.
പൊന്നപ്പന് അറിയാതെ സൊസൈറ്റി ആധാരം എറണാകുളം ജില്ലാ സഹകരണബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. ആധാരം ഒരുമാസത്തിനകം എടുത്തുനല്‍കാമെന്ന് സൊസൈറ്റിക്കാര് ഉറപ്പുനല്‍കി. എന്നാല്‍, 2019 അവസാനം ആധാരമന്വേഷിച്ചെത്തിയ പൊന്നപ്പന് കണ്ടത് സൊസൈറ്റി ഓഫീസ് പൂട്ടിയ നിലയിലായിരുന്നു.
എറണാകുളം കളക്ടര്‍ക്കും സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്കി. ഫലമില്ലാത്തതിനെത്തുടര്‍ന്ന് 2021 ജൂലായ് 19-ന് മുഖ്യമന്ത്രിക്ക്
പരാതി നല്കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സഹകരണവകുപ്പ് മന്ത്രിയുടെ ഓഫീസിലേക്കു കൈമാറി. കണയന്നൂര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ അന്വേഷണം തുടങ്ങിയപ്പോഴാണ് സൊസൈറ്റിയുടെ കള്ളക്കളി പുറത്തറിയുന്നത്.
സംഘത്തിന് നിലവില്‍ ഭരണസമിതിയില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞെന്നും സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഫന്‍സ് സൊസൈറ്റിക്ക് സ്വന്തമായി ഫണ്ടില്ലാത്തതിനാല്‍ ജില്ലാ സഹകരണബാങ്കിന്റെ (ഇപ്പോള്‍ കേരള ബാങ്ക്) എറണാകുളം ശാഖയില്‍നിന്ന് ഓവര്‍ ഡ്രാഫ്റ്റ് വായ്പയെടുത്താണ് ഫണ്ട് കണ്ടെത്തിയിരുന്നത്. സൊസൈറ്റിക്ക് സ്വന്തം ആസ്തിയില്ലാത്തതിനാല്‍ വായ്പയ്ക്ക് ഈടായി, വാങ്ങുന്ന ആധാരങ്ങളാണ് കേരളബാങ്കില്‍ നല്‍കിയത്. ഇതില്‍ പൊന്നപ്പന്റെ ആധാരവും ഉള്‍പ്പെട്ടു.
കേരള ബാങ്കില്‍നിന്ന് എടുത്ത ഓവര്‍ ഡ്രാഫ്റ്റ് കൊണ്ട് ഡിഫന്‍സ് സൊസൈറ്റി ചില ബിസിനസുകള്‍ ചെയ്തെങ്കിലും ഫലംകണ്ടില്ല. വന്‍ സാമ്പത്തികബാധ്യതയാണുണ്ടായത്. ഇതോടെ ആധാരങ്ങള്‍ തിരിച്ചെടുത്ത് നല്‍കാനാകാത്ത സ്ഥിതിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൊസൈറ്റിയില്‍ ഉടന്‍ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുമെന്നും ആധാരങ്ങള്‍ തിരിച്ചെടുക്കാനുള്ള നടപടിയുണ്ടാകുമെന്നും എട്ടുമാസംമുമ്പ് കണയന്നൂര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ പൊന്നപ്പനെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. ''ഇവിടെനിന്ന് വായ്പയെടുത്തവരെല്ലാം പട്ടാളക്കാരാണ്. ഞങ്ങളെ ഇങ്ങനെ ചതിക്കരുതായിരുന്നു. ഇനി ഏതെല്ലാം വാതിലില്‍ മുട്ടണം എന്റെ അഞ്ചുസെന്റിന്റെ ആധാരം കിട്ടാന്‍?'' സൊസൈറ്റിയുടെ പൂട്ടുവീണ വാതിലില്നോക്കി പൊന്നപ്പന് ചോദിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..