പ്രതീകാത്മക ചിത്രം | ഫോട്ടോ:വിജേഷ് വിശ്വം
തൃശ്ശൂര്‍: സ്കൂള്‍ തുറക്കാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും മതിയായ അധ്യാപകരുണ്ടോ എന്നുറപ്പിക്കാനായില്ല. സംസ്ഥാനത്ത് രണ്ടായിരത്തോളം അധ്യാപകര്‍ വിരമിച്ച ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ കുട്ടികളെത്തുമ്പോള്‍ ചില സ്കൂളുകളില്‍ അധ്യാപകരില്ലാത്ത സ്ഥിതിയുണ്ടാവും.
കോവിഡിനു മുമ്പുവരെ എല്ലാ വര്‍ഷവും കൃത്യമായി നടത്തിയിരുന്ന സ്ഥലംമാറ്റം ഇത്തവണ നടക്കാത്തതാണ് പ്രധാന പ്രതിസന്ധി എല്‍.പി., യു.പി., ഹൈസ്കൂള്‍ ക്ലാസുകളില്‍ ഉണ്ടാക്കുക. വിരമിച്ച ഒഴിവുകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവും വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
എല്‍.പി. മുതല്‍ ഹൈസ്കൂള്‍ വരെയുള്ള സ്കൂളുകളില്‍ കോവിഡിനു മുമ്പ് എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ അധ്യാപകരില്‍നിന്ന് ഓണ്‍ലൈനില്‍ സ്വീകരിച്ചിരുന്നത്. മാര്‍ച്ച് അവസാനത്തോടെ കരട് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ അധ്യാപകര്‍ക്ക് സ്ഥലംമാറ്റം കിട്ടുന്ന സ്കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കാനും സൗകര്യമായിരുന്നു. വിരമിക്കല്‍ മൂലമുള്ള ഒഴിവുകളിലേക്ക് അധ്യാപകരെ എത്തിക്കാനും ഇതുമൂലം കഴിഞ്ഞിരുന്നു.
ഇത്തവണ ഇതുവരെ അപേക്ഷപോലും വിളിച്ചിട്ടില്ല. അപേക്ഷ വിളിക്കാതിരിക്കാന്‍ കഴിഞ്ഞ രണ്ടു കൊല്ലം കോവിഡായിരുന്നു കാരണം പറഞ്ഞിരുന്നത്.
അധ്യാപകക്ഷാമം ഉള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണം. അല്ലെങ്കില്‍ താത്കാലിക അധ്യാപകര്‍ക്ക് കൊടുക്കേണ്ട ശമ്പളം ട്രഷറിയില്‍നിന്ന് കിട്ടില്ല. ഉത്തരവില്ലാത്തതിനാല്‍ ജില്ലകളിലെ ഉപഡയറക്ടര്‍മാര്‍ താത്കാലിക നിയമനത്തിന് അനുമതി നല്‍കിയിട്ടില്ല. കൊല്ലം ജില്ലയിലെ ഉപഡയറക്ടര്‍ സ്വന്തം നിലയില്‍ താത്കാലിക അധ്യാപക നിയമനത്തിന് ഉത്തരവിറക്കിയെങ്കിലും അതിന് സാധുതയില്ലെന്നാണ് സര്‍വീസ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..