Photo: Ajith panachikkal (Photo: Photo: Ajith panachikkal)
ചേര്‍ത്തല: ഇന്ത്യയിലെ കയര്‍വ്യവസായം കുതിക്കുകയാണെന്നാണ് കണക്ക്. 2020 -21 സാമ്പത്തികവര്‍ഷം കയറ്റുമതിയില്‍ 17.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. എന്നാല്‍, കയറിനെ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ച കേരളത്തിലെ പരമ്പരാഗത തൊഴിലാളികള്‍ ജീവിക്കാന്‍ പാടുപെടുകയാണ്. യന്ത്രവത്കൃത ഉത്പന്നങ്ങള്ക്കുമുന്നില് പിടിച്ചുനില്ക്കാന് പരമ്പരാഗത ഉത്പന്നങ്ങള്ക്കാകുന്നില്ല. ഒരുകാലത്ത് അഞ്ച്ആറ് ലക്ഷം പേര്‍വരെ ആശ്രയിച്ചിരുന്ന മേഖലയില്‍ അവശേഷിക്കുന്നത് 60,00070,000 പേര്മാത്രം.
കയര്‍ സമരം
ഓര്‍ഡര്‍ ഇല്ലാത്തതിലും കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങള്‍ ഏറ്റെടുക്കാത്തതിലും പ്രതിഷേധിച്ച് കയര്‍മേഖലയില്‍ ചെറുകിട ഉത്പാദകരുടെ സംഘടനകള്‍ !(സി.പി.എം., സി.പി.ഐ. അനുകൂല സംഘടനകള്‍ ഉള്‍പ്പെടെ) ഉത്പാദനം നിര്‍ത്തിവെച്ച് സമരത്തിലാണ്. ഓര്‍ഡര്‍ നല്‍കാത്ത കയറ്റുമതിക്കാര്ക്കെതിരേയാണ് സമരം. പ്രശ്നപരിഹാരത്തിന് കയര്‍വ്യവസായ മന്ത്രി പി. രാജീവ് കഴിഞ്ഞദിവസം വിളിച്ച യോഗം അവസാനനിമിഷം മാറ്റി.
തേങ്ങയുണ്ട്, ചകിരിയില്ല
കേരളത്തില്‍ ഓരോ വര്‍ഷവും 700 കോടി നാളികേരമാണ് ഉത്പാദിപ്പിക്കുന്നത്. പകുതി തൊണ്ട് ചകിരിയായി മാറിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴത്തേതിന്റെ നാലിലൊന്നിന്റെ തൊണ്ട് ചകിരിയായാല്പ്പോലും വ്യവസായത്തിന് ആവശ്യമായ ചകിരി കിട്ടും. എന്നാല്‍, അതിന് കേന്ദ്രീകൃത സംവിധാനങ്ങളില്ല. അതിനാല്‍ തൊണ്ട് കൂടുതലും മാലിന്യമായി തള്ളും. 10 ശതമാനത്തില്‍ താഴെ തൊണ്ട് മാത്രമാണ് ചകിരിയാകുന്നത്.
തമിഴ്നാടിന്റെ ആധിപത്യം
നാളികേര ഉത്പാദനത്തിലുണ്ടാക്കിയ വളര്‍ച്ചയിലൂടെ തമിഴ്നാട് ഘട്ടംഘട്ടമായി കയര്‍വ്യവസായം പിടിയിലാക്കി. ഇന്ന് രാജ്യത്തെ കയര്‍വ്യവസായത്തിന്റെ നിയന്ത്രണം തമിഴ്നാട്ടിലാണ്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതിനെക്കാള് വിലകുറച്ചാണ് തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്ക് കയര്‍ എത്തുന്നത്. കേരളത്തിലെ കയറ്റുമതിക്കാരില്‍ 65 ശതമാനവും തമിഴ്നാട്ടിലേക്ക് വ്യവസായം മാറ്റുകയാണ്.
പ്രതിസന്ധി
പരമ്പരാഗത മേഖലയിലെ ഉത്പന്നങ്ങള്‍ക്ക് വിപണിയില്ലാത്തതാണ് പ്രതിസന്ധി. 2020- 21ല്‍ 11,63,213 ടണ്‍ കയറുത്പന്നങ്ങളാണ് കയറ്റുമതിചെയ്തത്. പരമ്പരാഗത ഉത്പന്നങ്ങള്‍ കയര്കോര്പ്പറേഷന് വഴി കയറ്റുമതിക്കാരാണ് ഏറ്റെടുക്കുന്നത്.
ഉത്പാദനച്ചെലവ് കൂടുതലാണെന്നു കാട്ടി വ്യവസായികള്‍ ഇതിനെ ബാധ്യതയായാണു കാണുന്നത്. വ്യവസായികള്‍ സ്വന്തംനിലയില്‍ ഉത്പാദിപ്പിക്കുന്നവയാണ് 95 ശതമാനവും കയറ്റുമതി ചെയ്യുന്നത്. അഞ്ചുശതമാനത്തിന്റെ പരിഗണന മാത്രമാണ് പരമ്പരാഗത ഉത്പന്നങ്ങള്‍ക്കു നല്‍കുന്നത്.
മേഖല ഇങ്ങനെ
കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങളുടെ മൂല്യം
- കയർ കോർപ്പറേഷൻ - 20 കോടി
- ചെറുകിട ഉത്പാദകർ - 30 കോടി
- കയർ സംഘങ്ങൾ - 10 കോടി
- ഉത്പാദകർക്ക് കോർപ്പറേഷൻ നൽകാനുള്ളത് 20 കോടി.
- കയർഫെഡിൽനിന്നു സംഘങ്ങൾക്ക് കിട്ടാനുള്ളത് 15 കോടി
- പ്രവർത്തിക്കുന്ന ഉത്പന്ന നിർമാണത്തറികൾ 8500-9000 (തൊഴിലാളികൾ 15000-20000)
- കൂലി- 16 ചതുരശ്രയടി ഉത്പാദിപ്പിക്കുമ്പോൾ 640 രൂപ
- ആകെ കയർ സംഘങ്ങൾ 636 (പ്രവർത്തിക്കുന്നത് 370-390)
- സക്രിയമായുള്ള കയർപിരിത്തൊഴിലാളികൾ25,000-30,000
- കൂലി- 2100 മീറ്റർ കയർ പിരിക്കുമ്പോൾ 240 രൂപ (സർക്കാരിന്റെ ഇൻകം സപ്പോർട്ട് സ്കീം പ്രകാരം 110 രൂപയും)
- 2020-21 വർഷം ഇന്ത്യയിൽനിന്ന് ആകെ കയറ്റുമതി11,63,213 ടൺ (3,778.98 കോടി രൂപ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..