ഇത് കേരളഹൗസ്, പക്ഷേ സാധാരണക്കാര്‍ക്ക് കയറണമെങ്കില്‍ പിന്‍വാതില്‍ തന്നെ ശരണം


സ്വന്തം ലേഖകൻ

കേരളഹൗസിലെത്തുന്ന സാധാരണക്കാർക്ക് പ്രവേശിക്കാനുള്ള പിൻകവാടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിലെ ഓണസദ്യ കഴിക്കാനെത്തിയവർ പിന്നിലെ ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നു

ന്യൂഡൽഹി: മനുഷ്യരെ ഒന്നായിക്കാണാൻ പഠിപ്പിച്ച മഹാബലിയുടെ ഓർമപുതുക്കുന്ന ഓണക്കാലത്തും ഡൽഹിയിലെ കേരളഹൗസിലെത്തുന്നവർ നേരിടുന്നത് കടുത്ത വിവേചനം. പ്രമുഖരല്ലെങ്കിൽ പിന്നിലെ ഗേറ്റിലൂടെ മാത്രമേ അകത്തുകയറാനാകൂ. അതും കാന്റീൻവരെ മാത്രം.

കേരളഹൗസിലെ മുഖ്യകെട്ടിടങ്ങളിലേക്ക് സാധാരണക്കാരായ മലയാളികൾക്കും പ്രവേശനമില്ല. കാന്റീനിലെത്തുന്നവർ മുഖ്യ കെട്ടിടത്തിന്റെ ഭാഗത്തേക്ക്‌ പോകാതിരിക്കാൻ എപ്പോഴും ഗേറ്റ് പൂട്ടിയിടും.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ജനങ്ങളെ അകറ്റുന്ന കേരള ഹൗസ് അധികൃതരുടെ നടപടികൾക്കെതിരേ ശക്തമായ പ്രതിഷേധമുയരുകയാണ്.

മലയാളികളേപ്പോലും അകറ്റുന്ന കേരളഹൗസ് അധികൃതരുടെ വിവിധ നടപടികൾക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഡൽഹി മലയാളി അസോസിയേഷൻ.

അടുത്തിടെ നിയമസഭയുടെ പ്രവാസിക്ഷേമകാര്യസമിതി കേരള ഹൗസിൽ നടത്തിയ യോഗത്തിലും വിവിധ സംഘടനകൾ പ്രതിഷേധമറിയിച്ചിരുന്നു. യോഗത്തിൽനിന്ന് ഡി.എം.എ. വിട്ടുനിൽക്കുകയും ചെയ്തു. 2018 മുതലാണ് കേരളഹൗസിൽ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. മുഖ്യമന്ത്രി പിണറായി വിജയനുനേരെ ഒരു മലയാളി യുവാവ് കത്തിയെടുത്തുകാണിച്ച സംഭവത്തിനു ശേഷമാണ് അന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

പിന്നീട് ഉന്നത ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് മാത്രമായി മുന്നിലെ ഗേറ്റിലൂടെ പ്രവേശനം. മറ്റുള്ളവർക്ക് പിന്നിലെ ഗേറ്റിലൂടെ സ്റ്റാഫ് കാന്റീൻവരെ മാത്രം പോകാം.

മുഖ്യബ്ലോക്കിലെ പ്രധാന കാന്റീൻ പൊതുജനങ്ങൾക്കും സംഘടനകൾക്കും മാധ്യമങ്ങൾക്കും നിഷേധിക്കുകയുംചെയ്തു. ഇപ്പോൾ സ്റ്റാഫ് കാന്റീനിൽ 350 രൂപയുടെ ഓണസദ്യ കഴിക്കാനെത്തുന്നവരും പിന്നിലെ ഗേറ്റിലൂടെ വേണം അകത്തുകയറാൻ.

ഭക്ഷണം കഴിച്ച് അതുവഴിതന്നെ പുറത്തുപോണം. മലയാളി സംഘടനകളുടെ നിരവധി പരിപാടികൾ കേരളഹൗസിലെ കോൺഫറൻസ് ഹാളിലായിരുന്നു പണ്ട് നടന്നിരുന്നതെങ്കിൽ പിന്നീട് സ്ഥിതിമാറി. കോൺഫറൻസ് ഹാൾ ലഭിക്കാൻ വളരേ പ്രയാസമാണെന്ന് മലയാളി സംഘടനകൾ പറയുന്നു.

ഇതോടെ മലയാളി സംഘടനകളും കേരളഹൗസിൽ നിന്നകന്നു. ഓണസദ്യ നടത്തുമ്പോൾപോലും കേരളഹൗസിൽ പ്രവേശിക്കാൻ മലയാളികൾക്ക് പിൻവാതിൽ വേണമെന്നത് ശരിയായ നടപടിയല്ലെന്ന് ദീർഘകാലം ഡി.എം.എ. പ്രസിഡന്റായിരുന്ന സി. ചന്ദ്രൻ പറഞ്ഞു.

അടിമത്തവും തൊട്ടുകൂടായ്മയും അവസാനിച്ചിട്ടുകൂടി ശ്രീനാരായണഗുരു ജനിച്ച കേരളത്തിലെ സർക്കാർ നടത്തുന്ന സ്ഥാപനത്തിലാണ് ഈ വിവേചനം. പിൻവാതിൽ പ്രവേശനം തെറ്റാണെന്ന് കേരളഹൗസ് അധികൃതരെ അറിയിച്ചെങ്കിലും ആന്ധ്രാഭവനിലും ഇങ്ങനെയാണെന്നായിരുന്നു മറുപടി. എന്നാൽ ആന്ധ്രാഭവനിലേത് സ്വകാര്യകാന്റീനാണ്.

മാത്രവുമല്ല അവിടെ കാന്റീനിലെത്തുന്നവർക്ക് മുഖ്യകെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ തടസ്സവുമില്ല. അവിടെ മുന്നിലെ മാർഗം അടച്ചിട്ടില്ലെന്നും സി. ചന്ദ്രൻ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന മലയാളികൾക്കും പിൻവാതിൽ പ്രവേശനം പ്രയാസമുണ്ടാക്കുന്നതായി ജാമിയയിലെ വിദ്യാർഥി പി. അസ്ഹറുദ്ദീൻ പറഞ്ഞു. നാട്ടിൽനിന്ന് വിട്ടുനിൽക്കുന്നവർ നാടിന്റെ ഭക്ഷണവും സംസ്കാരവും ലഭിക്കുന്ന ഇടമായി കാണുന്ന കേരളഹൗസിലെ ഈ വിവേചനം അവസാനിപ്പിക്കേണ്ടതാണെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.

ന്യായീകരിച്ച് കേരളഹൗസ്

കാന്റീനിലേക്ക് പ്രവേശനം പിൻഗേറ്റ് വഴിയാക്കിയത് ആളുകളുടെ സൗകര്യം കണക്കിലെടുത്താണെന്ന് കേരളഹൗസ് കൺട്രോളർ സി.എ. അമീർ പറഞ്ഞു. നിലവിലെ രീതിമാറ്റാൻ ആലോചിക്കുന്നില്ല. പ്രവേശനത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണ്. ഇതുസംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പിൻഗേറ്റിനടുത്താണ് സദ്യ നൽകുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് സദ്യ.

ആളുകൾ മുന്നിലൂടെ വന്നാൽ പരിശോധിച്ച് കടത്തിവിടാൻ പ്രയാസമുണ്ടാകും. ഒമ്പത്, പത്ത് തീയതികളിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മുൻവശത്ത് പന്തലൊരുക്കി സൗജന്യ ഓണസദ്യ നടത്തുന്നുണ്ടെന്നും കൺട്രോളർ പറഞ്ഞു.

മലയാളികൾക്ക് അപമാനം, മുഖ്യമന്ത്രിയെ അറിയിക്കും -ഡി.എം.എ.

:കേരളഹൗസിലെത്തുന്ന മലയാളികളെ പിൻവാതിലിലൂടെ പ്രവേശിപ്പിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡി.എം.എ. ജനറൽസെക്രട്ടറി കെ.ജെ. ടോണി പറഞ്ഞു. അതിൽ കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിക്കും. കേരളഹൗസ് അധികൃതരിൽനിന്ന് മലയാളി സംഘടനകൾക്കും മറ്റുള്ളവർക്കും പ്രയാസങ്ങൾ നേരിടുന്നുണ്ട്. എന്തെങ്കിലും ആവശ്യത്തിന് കേരളഹൗസിലെത്തിയാൽ വാഹനംപോലും അകത്തുകടത്താൻ സമ്മതിക്കില്ല. മുഖ്യബ്ലോക്കിലെ കാന്റീനിൽനിന്ന് ഭക്ഷണം നൽകുന്നില്ല. ഇതുകൊണ്ടൊക്കെയാണ് കേരളഹൗസിൽ നടത്തിയ നിയമസഭാ സമിതിയുടെ യോഗത്തിൽനിന്ന് ഡി.എം.എ. വിട്ടുനിന്നത്.

ഡൽഹി മലയാളികൾ വീടുപോലെ കരുതുന്ന കേരളഹൗസിലാണ് ഈ വിവേചനം നേരിടേണ്ടിവരുന്നതെന്നും ടോണി പറഞ്ഞു.

പിൻവാതിൽപ്രവേശനം പ്രയാസകരം -കേരള ക്ലബ്ബ്

:കാന്റീനിലേക്കുള്ള പിൻവാതിൽപ്രവേശനം അവസാനിപ്പിക്കണമെന്ന് കേരള ക്ലബ്ബ് പ്രതിനിധികൾ ആവശ്യപ്പെട്ടു.

എ.സി. മൊയ്തീൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ നിയമസഭയുടെ പ്രവാസിക്ഷേമസമിതി ഡൽഹിയിലെ മലയാളിസംഘടനകളെ വിളിച്ചുനടത്തിയ യോഗത്തിലാണ് ഇക്കാര്യം കേരള ക്ലബ്ബ് ചൂണ്ടിക്കാട്ടിയത്.

കേരളഹൗസ് കൂടുതൽ ജനസൗഹൃദമാകണമെന്നും കോൺഫറൻസ് ഹാൾ മലയാളി സംഘടനകളുടെ പരിപാടികൾക്ക് നൽകണമെന്നും കേരള ക്ലബ്ബ് നിർദേശിച്ചു.

Content Highlights: Kerala House entry to common people


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented