കേരളാ ഹൗസ്: നിയന്ത്രണമില്ലെന്ന് സർക്കാർ, പിന്നെ നിയന്ത്രിക്കുന്നതാര്?


സ്വന്തം ലേഖകൻ

പ്രമുഖർക്ക് മാത്രം പ്രവേശനമുള്ള കേരളഹൗസിന്റെ പ്രധാനകവാടം

ന്യൂഡൽഹി: ഡൽഹിയിലെ കേരളാ ഹൗസിൽ പൊതുജനങ്ങൾക്ക് പ്രവേശനനിയന്ത്രണമില്ലെന്ന് സർക്കാർ ഭാഷ്യം. അപ്പോൾപ്പിന്നെ ജനങ്ങളെ മുന്നിലെ ഗേറ്റിലൂടെ കടത്തിവിടാത്തതും മുഖ്യ കെട്ടിടത്തിലെ കാന്റീൻ നിഷേധിക്കുന്നതും ആരാണെന്ന ചോദ്യമുയരുന്നു.

കേരളാ ഹൗസിലെ വിവേചനത്തിനെതിരേ ഡൽഹിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ജനസംസ്കൃതിയും യൂത്ത് കോൺഗ്രസും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.

കേരളാ ഹൗസിലെ പിൻവാതിൽ പ്രവേശനത്തിനെതിരേ പരാതിപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് വിനീത് തോമസ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാരിന്റെ മറുപടി ലഭിച്ചത്.

പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണമില്ലെന്നാണ് കഴിഞ്ഞവർഷം മാർച്ച് 31-ന് കൺട്രോളറുടെ ഓഫീസ് നൽകിയ മറുപടി. ഔദ്യോഗിക ഭാഷ്യം ഇങ്ങനെയാണെന്നിരിക്കേ, കേരളാ ഹൗസിൽ വിവിധ നിയന്ത്രണങ്ങൾ തുടരുന്നത് ആരുടെ നിർബന്ധമാണെന്ന് ഡൽഹി മലയാളികൾ ചോദിക്കുന്നു. മുന്നിലെ ഗേറ്റിലൂടെ കടത്തിവിടാത്തതിനെതിരേ യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതിനൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് വിനീത് തോമസ് പറഞ്ഞു.

ഡൽഹി മലയാളികളുടെ സാംസ്കാരിക സംഘടനകളെ അകറ്റിനിർത്തുമ്പോഴും ചില രാഷ്ട്രീയ സംഘടനാ യോഗങ്ങൾക്ക് കേരളാ ഹൗസ് വിട്ടുനൽകിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാഷ്ട്രീയപാർട്ടികൾക്കും അനുബന്ധ സംഘടനകൾക്കും പരിപാടികൾ നടത്താൻ പ്രധാന കോൺഫറൻസ് ഹാൾ കൊടുക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ച്് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ഡി.വൈ.എഫ്.ഐ. യോഗത്തിന് അനുമതി നൽകിയതിനെതിരേ യൂത്ത് കോൺഗ്രസ് കഴിഞ്ഞവർഷം ഗവർണർക്ക് പരാതി നൽകിയിരുന്നു.

ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളിലേറെയും പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ വന്നിറങ്ങിയശേഷം അര കിലോമീറ്ററിലേറെ നടന്നാണ് കേരളാ ഹൗസിന്റെ മുൻകവാടത്തിലെത്തുന്നത്. എന്നാൽ, അവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നതോടെ, വളഞ്ഞുചുറ്റി പത്ത് മിനിറ്റോളം വീണ്ടും നടന്നുവേണം പിന്നിലെ ഗേറ്റിലെത്താൻ. വാഹനങ്ങൾ അകത്ത് കയറ്റിവിടുകയുമില്ല.

വിവിധ എം.പി.മാരുടെയും മന്ത്രിമാരുടെയും ജീവനക്കാരും കേരളാ ഹൗസിലെ വിവേചനത്തിൽ കടുത്ത അതൃപ്തിയുണ്ടെന്ന് ‘മാതൃഭൂമി’യോട് പറഞ്ഞു.

ഓണാഘോഷം: മലയാളി കേന്ദ്രമന്ത്രിമാർക്ക് ക്ഷണമില്ല

ന്യൂഡൽഹി: കേരളാഹൗസിന്റെ ഈവർഷത്തെ ഓണാഘോഷത്തിലേക്ക് മലയാളികളായ കേന്ദ്രമന്ത്രിമാർക്ക് ക്ഷണമില്ല. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഐ.ടി. വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരാണ് മലയാളികളായ കേന്ദ്രമന്ത്രിമാർ. ഇവരെ ക്ഷണിക്കാൻ ഔദ്യോഗികതലത്തിൽ തീരുമാനമുണ്ടായിരുന്നില്ലെന്ന് കേരളാഹൗസ് അധികൃതർ പറഞ്ഞു. മന്ത്രിമാരെത്തുമ്പോൾ സുരക്ഷാ പ്രശ്നങ്ങളുണ്ടായേക്കുമെന്നതിനാലാണിതെന്ന് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രിക്ക് ഉൾപ്പെടെ എല്ലാ കേന്ദ്രമന്ത്രിമാർക്കും കേരള സർക്കാരിന്റെ ഓണസമ്മാനം നൽകിയിട്ടുണ്ട്. മന്ത്രിമാരെ ഉൾപ്പെടുത്തണമെന്ന് ഉദ്ദേശിച്ചുള്ള പരിപാടിയല്ല ഇത്. പരിപാടിയിലേക്ക് ക്ഷണിക്കൽ പൂർത്തിയായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. തിരഞ്ഞെടുത്ത അതിഥികൾക്കായി വെള്ളി, ശനി ദിവസങ്ങളിലാണ് കേരളാഹൗസിൽ ഓണാഘോഷം നടത്തുന്നത്. അതിഥികൾക്ക് ഓണസദ്യയുമൊരുക്കുന്നുണ്ട്.

മലയാളി സംഘടനകളോട് നിഷേധാത്മക നിലപാട് -ജനസംസ്‌കൃതി

:കാന്റീനിലേക്ക് വരുന്നവരെ പിൻഗേറ്റിലൂടെ വിടുന്ന കേരളാഹൗസിലെ രീതി വിവേചനപരമാണെന്ന് ജനസംസ്‌കൃതി പറഞ്ഞു. എന്താവശ്യത്തിനായാലും ഡൽഹിയിലെത്തുന്ന എല്ലാ മലയാളികളുടെയും ഹബ്ബ് ആയി മാറേണ്ട സ്ഥലത്താണ് ഈ വിവേചനം. കേരളാഹൗസിലേക്ക് എല്ലാവർക്കും പ്രവേശനം ആവശ്യമാണ്. മുമ്പ് ഒരുപാടുതവണ ഇക്കാര്യത്തിൽ പരാതി അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. ഗവർണറും മുഖ്യമന്ത്രിയും എത്തുമ്പോഴുള്ള സുരക്ഷാകാരണങ്ങളുണ്ടാകാം. എന്നാൽ, അവർ ഇല്ലാത്തപ്പോൾ പ്രവേശനം അനുവദിക്കാവുന്നതല്ലേ? ഇതുമാത്രമല്ല, ഇപ്പോൾ പൊതുവിൽ കേരളാഹൗസ് മലയാളി സംഘടനകളോട് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കേരളാഹൗസിൽ നടത്തുന്ന സർക്കാരിന്റെ ആഘോഷ പരിപാടികളുടെ കാര്യത്തിൽ മലയാളി കൂട്ടായ്മകളോട് ആലോചിക്കാൻ പോലും തയ്യാറാകുന്നില്ല.എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളുമില്ലെന്നും ജനസംസ്‌കൃതി ജനറൽ സെക്രട്ടറി എ.കെ. പ്രസാദ് പറഞ്ഞു.

വി.വി.ഐ.പി.കൾക്ക് മാത്രമുള്ളതല്ല കേരളാ ഹൗസ്- എൻ.കെ. പ്രേമചന്ദ്രൻ

വി.വി.ഐ.പി.കൾക്ക് വന്ന് വിശ്രമിക്കാനുള്ള ഇടമായി മാത്രം കേരളാ ഹൗസ് പരിമിതപ്പെടരുതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. സാധാരണക്കാർക്കും പ്രധാന കവാടത്തിലൂടെ പ്രവേശിക്കാനാവണം.

പ്രവാസികൾക്ക് ആശ്വാസമായി മാറേണ്ട കേരളാ ഹൗസിൽ ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുറേക്കാലമായി മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലാണ് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയിൽ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത നിയന്ത്രണങ്ങളാണിത്. ഭരണനേതൃത്വത്തിന് വിശ്രമിക്കാനുള്ള സ്ഥലം എന്നതിലുപരി, പ്രവാസി മലയാളികൾക്ക് അവരുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമുള്ള കേന്ദ്രമാണിതെന്നും പ്രേമചന്ദ്രൻ പറഞ്ഞു

മുഖ്യമന്ത്രിക്ക് പരാതി നൽകും- ഡീൻ കുര്യാക്കോസ്

: കേരളാ ഹൗസിലെ വിവേചനപരമായ നിയന്ത്രണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.സാധാരണക്കാർക്ക് മുന്നിലെ വാതിലിലൂടെ പ്രവേശിക്കാനാവില്ലെന്നത് അപമാനകരമാണ്. ഇതിൽ കടുത്ത പ്രതിഷേധമുണ്ട്. സുരക്ഷാപ്രശ്‌നമുണ്ടായി എന്ന കാരണത്താൽ ജനങ്ങളുടെ അവകാശം നിഷേധിക്കരുത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ജന്മി- അടിയാൻ മനോഭാവം- ആനി രാജ

:ഡൽഹിയിൽ മലയാളി ജനതയുടെ ആശ്രയകേന്ദ്രമായ കേരളാ ഹൗസിൽ ഭക്ഷണം കഴിക്കാനെത്തുന്നവരെ മുൻ ഗേറ്റ് വഴി പ്രവേശിപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്ന് സി.പി.ഐ. നേതാവ് ആനി രാജ പറഞ്ഞു.

പഴയകാലത്തെ ജന്മി-അടിയാൻ മനോഭാവത്തെയാണ് ഇത് ഓർമിപ്പിക്കുന്നത്. ഇവരാരും മോഷ്ടിക്കാനോ ആക്രമണം നടത്താനോ വരുന്നതല്ല.അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് മാന്യമായി ഭക്ഷണം കഴിക്കാൻ വരുന്നതാണ്.സാധാരണക്കാരായ മലയാളികൾ കാന്റീനിലേക്ക് അടിമകളെപ്പോലെ പോകണമെന്ന നിലപാടിൽ ശക്തമായ എതിർപ്പറിയിക്കുന്നു.ഒരുമയുടെ സന്ദേശം നൽകുന്ന തിരുവോണത്തിനെങ്കിലും ഈ വേർതിരിവ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആനി രാജ പറഞ്ഞു.

Content Highlights: Kerala House commoners entry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented