കാവുംവട്ടം യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ജെൻഡർ ന്യൂട്രൽ യൂണിഫോമുമായി
യൂണിഫോമില്‍ തുല്യതയുടെ പാത പിന്തുടര്ന്ന് കൊയിലാണ്ടി കാവുംവട്ടം യു.പി സ്കൂളും. കോവിഡ് കാലം, ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി സാഹചര്യങ്ങള്‍ അനുകൂലമായതോടെയായിരുന്നു യൂണിഫോമിലെ സമ്പൂര്‍ണ്ണ മാറ്റം. തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലായ് അഞ്ചിന് ബഷീര്‍ ദിനത്തില്‍ സ്കൂള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാതൃക സ്വീകരിച്ചതായി പ്രധാന അധ്യാപിക കൂടിയായ സുധ പ്രഖ്യാപിച്ചു.രണ്ട് വര്‍ഷത്തോളമായി ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരുന്നതിനാല്‍ പുതിയ യൂണിഫോം മാതൃക നടപ്പാക്കാമെന്ന തീരുമാനം സ്വീകരിക്കുകയായിരുന്നുവെന്ന് സുധ പറയുന്നു. മാറ്റത്തിനുള്ള നിര്‍ദേശം പി.ടി.ഐയില്‍ വെച്ചതോടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്കി. ജനറല്‍ ബോഡിയില്‍ എല്ലാവരും അംഗീകരിച്ചതോടെ കാവുംവട്ടം സ്കൂളും തുല്യതയുടെ യൂണിഫോം അണിഞ്ഞു.
ജൂണില്‍ സ്കൂള്‍ തുറക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നതിനാലാണ് ഇത്ര വൈകിയതെന്ന് സ്കൂളിലെ സംസ്കൃത അധ്യാപകന് കൂടിയായ സായൂജ് ശ്രീമംഗലം പറയുന്നു. " വിദ്യാര്‍ത്ഥിനികള്‍ പുതിയ രീതിയോട് പൊരുത്തപ്പെടുമോ എന്നാദ്യം സംശയങ്ങള്‍ നിലനിന്നിരുന്നെങ്കിലും മാറ്റത്തെ ആവേശത്തോടെയാണ് അവരും വരവേറ്റത്. യൂണിഫോമിലെ മാറ്റങ്ങള്‍ വിദ്യാര്‍ഥിനികള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ആശങ്കയുണ്ടായിരുന്നു. പാന്റ്സും ഷര്‍ട്ടും എന്ന് കേട്ടതോടെ അവര്‍ക്കും ആവേശമായി. എന്റെ മകളും ഈ സ്കൂളിലാണ് പഠിക്കുന്നത്, അവളും പറഞ്ഞത് ഞാന്‍ ഇനി ചുരിദാര്‍ ഇടില്ല, ഷര്‍ട്ടേ ഇടൂ എന്നാണ്", സായൂജ് മാഷ് കൂട്ടിച്ചേര്‍ത്തു.
കൊയിലാണ്ടി നടേരിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മാറ്റങ്ങളെ എന്നും ഇരുകൈയ്യോടും കൂടി സ്വീകരിക്കുന്ന പ്രദേശവാസികളും സ്കൂളിന്റെ പുതിയ മാതൃകയെ സ്വാഗതം ചെയ്യുകയായിരുന്നുവെന്നും സുധ പറയുന്നു. വളരെ പണ്ട് കാലത്ത് തന്നെ താഴ്ന്ന ജാതിക്കാര്‍ക്ക് പോലും വിദ്യാഭ്യാസം നല്‍കിയിരുന്ന സ്കൂള്‍ ആണിതെന്നും, ചരിത്രം വളരെ വലുതാണെന്നും സുധ കൂട്ടിച്ചേര്‍ത്തു.
മാതൃഭൂമി ഡോട്ട് കോമിന്റെ നേതൃത്വത്തില്‍ 2021 നവംബറിൽ 'അണിയാം തുല്യതയുടെ യൂണിഫോം' എന്ന ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. അതേത്തുടർന്ന് ജെൻഡർ ന്യൂട്രൽ യൂണിപോം കേരളത്തിൽ ചർച്ചാ വിഷയമാവുകയും കോഴിക്കോട് ബാലുശ്ശേരി സ്കൂളടക്കം സംസ്ഥാനത്തെ ചില സ്കൂളുകൾ ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് ചുവടുമാറ്റുകയും ചെയ്തിരുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..