പഠാന്‍കോട്ട്: ഒന്നരവര്‍ഷം പഴക്കമുള്ള കഠുവ കൂട്ടബലാത്സംഗക്കേസില്‍ തിങ്കളാഴ്ച വിധി പറയും. രാവിലെ 10 മണിക്കായിരിക്കും വിധി പറയുക. കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചിരുന്നു.
സുരക്ഷാകാരണങ്ങളാല്‍ കശ്മീരില്‍നിന്ന് മാറ്റി പഞ്ചാബിലെ പഠാന്‍കോട്ടെ പ്രത്യേക കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. അറസ്റ്റിലായ പ്രതികളെ അവിടുത്തെ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. വിധി പറയുന്ന പഠാന്‍കോട്ടെ പ്രത്യേക കോടതിയില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി.
ജമ്മുകശ്മീരിലെ കഠുവ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17-ന് കണ്ടെത്തുകയായിരുന്നു. അതി ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെൺകുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തിനു പിന്നാലെ കശ്മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.
കഠുവാ ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു പെണ്‍കുട്ടിയെ കുറ്റവാളികള്‍ പാര്‍പ്പിച്ചിരുന്നതെന്നും അവിടെ വെച്ച് ലഹരി മരുന്ന നല്‍കി കുട്ടിയെ നാല് ദിവസത്തോളം പ്രതികള്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് കുറ്റപത്രം. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളടക്കം എട്ടു പേര്‍ കേസില്‍ പ്രതികളാണ്.
പ്രതികളുടെ അറസ്റ്റിനെതിരേ രണ്ട് ജമ്മുകശ്മീര്‍ മന്ത്രിമാരുള്‍പ്പെടെ ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത് വലിയ വിമര്‍ശനത്തിന് ഇടവെച്ചിരുന്നു
Content Highlights: Kathua case verdict today