അത് ഇഷ്ടദാനം മാത്രമായിരുന്നു, പിതൃസ്വത്തിന്റെ പങ്കായിരുന്നില്ല, മേരിയുടെ ഒറ്റയാള്‍പ്പട്ടാളം


ജോളി അടിമത്ര

Movement

മേരി റോയ്

മേരി പോരാടി നേടിയെടുത്തത് പിറന്ന വീടിന്റെ അവകാശം മാത്രമായിരുന്നില്ല, മക്കളില്‍ ആണും പെണ്ണും തുല്യരെന്ന വലിയ സാമൂഹിക വിളംബരംകൂടിയായിരുന്നു

അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുമക്കളുമായി മുപ്പതാം വയസ്സില്‍ മേരി റോയ് ജീവിതത്തെനോക്കി പകച്ചുനിന്ന ഒരു നിമിഷമുണ്ടായിരുന്നു. ക്രിസ്ത്യന്‍ സ്ത്രീകളുടെ ഗതികേടിന്റെ ആഴം അനുഭവിച്ചറിഞ്ഞ ആ ദിവസം, മേരിറോയിക്ക് നിയോഗമുഹൂര്‍ത്തമായി വഴിമാറി. പ്രശസ്തമായ ഒരു അതിജീവന പോരാട്ടത്തിന്റെ തുടക്കം അവിടെ തുടങ്ങി. നെഞ്ചില്‍ വീണ അപമാനത്തിന്റെ തീപ്പൊരിയുമായി അവര്‍ ഒറ്റയ്ക്ക് പോര്‍മുഖത്തേക്കിറങ്ങി. ഉടപ്പിറന്നവനുമായി വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം. പോരാടി നേടിയെടുത്തത് പിറന്ന വീടിന്റെ അവകാശം മാത്രമായിരുന്നില്ല, മക്കളില്‍ ആണും പെണ്ണും തുല്യരെന്ന വലിയ സാമൂഹിക വിളംബരംകൂടിയായിരുന്നു.

ശൂന്യതയില്‍നിന്ന് തുടക്കമിട്ട ജീവിതം തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ അഭിമാനം മാത്രമായിരുന്നു. കുഞ്ഞുമകള്‍ സൂസി (അരുന്ധതി റോയ്) കോട്ടയത്തെയും അയ്മനത്തെയും ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രശസ്ത എഴുത്തുകാരിയായി. മകന്‍ ലളിത് റോയ് അറിയപ്പെടുന്ന എക്‌സ്പോര്‍ട്ടര്‍. ഏഴുകുട്ടികളുമായി തുടങ്ങിയ കോര്‍പ്പസ് ക്രിസ്റ്റി സ്‌കൂള്‍ പില്‍ക്കാലത്ത് പള്ളിക്കൂടം എന്ന പേരില്‍ പുകള്‍പെറ്റതായി. എല്ലാനേട്ടങ്ങള്‍ക്കും പിന്നില്‍ മേരി റോയിയുടെ ദൃഢനിശ്ചയം മാത്രം.

സ്വന്തം കുടുംബങ്ങളില്‍നിന്ന് നേരിട്ട അവഗണനയുടെയും തിരസ്‌കാരത്തിന്റെയും കയ്പുനീര് കുടിച്ച തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് മേരിറോയ് നല്‍കിയ ആശ്വാസം സമാനതകളില്ലാത്തതായിരുന്നു. പുരുഷനെക്കാള്‍ മേധാശക്തിയും ഇച്ഛാശക്തിയും അപാരമായ തന്റേടവും ഒക്കെയാണ് വ്യക്തിജീവിതത്തിലെ പരീക്ഷണങ്ങളുടെമേല്‍ വിജയപതാക ഉയര്‍ത്താന്‍ അവരെ തുണച്ചത്. തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം ചോദ്യംചെയ്ത് മേരി റോയ് സുപ്രീംകോടതി കയറിയത് അവരെ ചരിത്രത്തിന്റെ ഭാഗമാക്കി. ആയിരക്കണക്കിനു ക്രിസ്ത്യന്‍ സ്ത്രീകള്‍ കാത്തിരുന്ന വിധി കേരളചരിത്രത്തില്‍ പ്രകമ്പനം സൃഷ്ടിച്ചു. അതുവരെ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ സ്ത്രീയുടെ അവകാശം ദയനീയമായിരുന്നു. പിതൃസ്വത്തില്‍ സഹോദരന് അവകാശപ്പെട്ടതിന്റെ നാലിലൊന്ന് ഭാഗമോ അയ്യായിരം രൂപയോ ഏതാണോ കുറവ് അതു മാത്രമായിരുന്നു അവകാശം. അതേപ്പറ്റി മേരിറോയ് പറയുന്നതിങ്ങനെ: ''ഒരേ അപ്പനും അമ്മയ്ക്കും ജനിച്ച മക്കള്‍ ആണും പെണ്ണും ആയിപ്പോയെന്ന ഒറ്റക്കാരണത്താല്‍ രണ്ടു തട്ടിലാവുന്നു. ആ അനീതിയെയാണ് ഞാന്‍ ചോദ്യം ചെയ്തത്.''

ഈ അനീതി സ്വന്തം വീട്ടില്‍ അനുഭവിച്ചത് അവരെ പൊള്ളിച്ചിരുന്നു. 1933-ല്‍ കോട്ടയത്തെ ആഢ്യകുടുംബത്തിലാണ് അവരുടെ ജനനം. ചീഫ് എന്‍ജിനിയര്‍ ജോണ്‍ കുര്യന്റെ മകളുടെ മകള്‍. നാലു മക്കളില്‍ ഇളയവളായിരുന്നു മേരി. ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റിലും ബിരുദത്തിന് ചെന്നൈ ക്വീന്‍ മേരീസ് കോളേജിലുമായിരുന്നു പഠനം. തുടര്‍ന്ന് കൊല്‍ക്കൊത്തയില്‍ ഉദ്യോഗസ്ഥനായിരുന്ന സഹോദരന്റെ അടുത്തേക്ക് ജോലിതേടി മേരി ചെന്നു.

രാജീബ് റോയ് ജീവിതത്തിലേക്ക്

കൊല്‍ക്കത്തയില്‍വെച്ചാണ് മേരി ബംഗാളി ബ്രാഹ്‌മണനായ രാജീബ് റോയിയെ (­പ്രണയ് ­റോയ്യുടെ അമ്മാവന്‍) കണ്ടുമുട്ടുന്നത്. രാജീബ് തന്റെ ജീവിതത്തിലേക്ക് മേരിയെ ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെ അവര്‍ സമ്മതം മൂളി. അസമിലെ തേയിലത്തോട്ടത്തില്‍ മാനേജരായ രാജീബിനൊപ്പം രാജകീയ ജീവിതമായിരുന്നു. നല്ല മനുഷ്യനായിരുന്നു രാജീബെങ്കിലും കടുത്ത മദ്യപാനം ബന്ധത്തെ ഉലച്ചു. അപ്പോഴേക്കും രണ്ടുകുഞ്ഞുങ്ങളും ജനിച്ചുകഴിഞ്ഞിരുന്നു. ജീവിതം ദുസ്സഹമായതോടെ അവര്‍ കുഞ്ഞുങ്ങളുമായി കൊല്‍ക്കത്ത വിട്ടു. അന്ന് അവര്‍ക്ക് മുപ്പതുവയസ്സ്.

ഊട്ടിയില്‍ പിതാവിന്റെ പൂട്ടിക്കിടന്ന കോട്ടേജിലേക്കാണവര്‍ പോയത്. തരക്കേടില്ലാത്ത ഒരു ജോലി കിട്ടിയതോടെ ജീവിതം ഒരുവിധം മുന്നോട്ടുപോയി. അപ്പോഴാണ് അപ്പന്റെ വീട്ടില്‍നിന്ന് ഇറങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജോര്‍ജ് രംഗത്തെത്തുന്നത്. മേരിറോയ് വീടിന് അവകാശം പറഞ്ഞ് കൈവശമാക്കിയാലോ എന്നായിരുന്നു സഹോദരന്റെ ഭയം. അപ്പന്റെ വീട്ടില്‍നിന്ന് പെരുവഴിയിലിറങ്ങേണ്ടി വന്നതോടെയാണ് 1916-ലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമത്തെ ചോദ്യംചെയ്ത് മേരിറോയ് കോടതി കയറുന്നത്. പില്‍ക്കാലത്ത് 1966-ല്‍ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേര്‍ന്ന് മേരിക്കു നല്‍കി. പക്ഷേ, അതുകൊണ്ടൊന്നും മേരിയുടെ നെഞ്ചില്‍ വീണ തീക്കനലിനെ അണയ്ക്കാനായില്ല. ''അത് ഇഷ്ടദാനം മാത്രമായിരുന്നു, പിതൃസ്വത്തിന്റെ പങ്കായിരുന്നില്ല.'' -മേരി അതേപ്പറ്റി പ്രതികരിച്ചതിങ്ങനെ.

ഊട്ടിയിലെ കോട്ടേജ് വിറ്റുകിട്ടിയ പണവുമായി മേരിറോയ് കോട്ടയത്തേക്കു മടങ്ങി. പണത്തിന്റെ ഒരു ഭാഗംകൊണ്ട് കളത്തിപ്പടിയില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങി. അവിടെ ലാറി ബേക്കറുടെ കരവിരുതില്‍ തീര്‍ത്ത മനോഹരമായ കെട്ടിടത്തില്‍ സ്‌കൂള്‍ തുടങ്ങി, 1967-ല്‍ ലളിതും അരുന്ധതിയും ലാറി ബേക്കറുടെ മകളും ഉള്‍പ്പെടെ വെറും ഏഴുകുട്ടികള്‍ മാത്രമുള്ള സ്‌കൂളിന് അവര്‍ 'കോര്‍പ്പസ് ക്രിസ്റ്റി' എന്നു പേരിട്ടു. പില്‍ക്കാലത്ത് പള്ളിക്കൂടം എന്ന് പേരു മാറ്റി. സ്‌കൂള്‍ കോംപൗണ്ടിനു നടുവിലെ കോട്ടേജില്‍ത്തന്നെ മേരിറോയ് താമസിച്ചു. വിദ്യാഭ്യാസ വിചക്ഷണയായ മേരി റോയിയുടെ മേല്‍നോട്ടത്തില്‍ നിലവിലെ പഠനസമ്പ്രദായത്തില്‍നിന്ന് ഭിന്നമായ കാല്‍ വെപ്പായിരുന്നു അത്. സ്‌കൂള്‍ നടത്തിപ്പിനിടയിലും കോടതിക്കാര്യം മുറയ്ക്കുനടന്നു. 1986-ല്‍ സുപ്രീംകോടതി, തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം അസാധുവാക്കി.

ആരുമറിയാത്ത മുഖം

അധികം ആര്‍ക്കുമറിയാത്ത മറ്റൊരു മുഖം മേരിറോയിക്കുണ്ടായിരുന്നു. അനാഥരും സാധുക്കളുമായ കുഞ്ഞുങ്ങളെ സൗജന്യമായി അവര്‍ പഠിപ്പിച്ചു. തന്നെ കാണാനെത്തിയ ഒരു സ്ത്രീസംരക്ഷണകേന്ദ്രം നടത്തിപ്പുകാരിക്ക് തന്റെ വലിയ ജിമിക്കി നല്‍കിയിട്ട് പറഞ്ഞു: ''ഇത് രണ്ടുപവന്‍ വരും. നിങ്ങളുടെ വളര്‍ത്തുമകളുടെ വിവാഹത്തിന് ഒരുപക്ഷേ, ഞാനുണ്ടാവില്ല, എന്റെ സമ്മാനമായി ഇതവള്‍ക്ക് കൊടുക്കണം.''

സമൂഹത്തിന്റെ അളവുകോലുകളെ അവര്‍ തെല്ലും വകവെച്ചില്ല. മനുഷ്യര്‍ എന്തു ചിന്തിക്കും, പറയും എന്നതൊന്നും മേരിയെ അലട്ടിയില്ല. അരുന്ധതി റോയിയുടെ 'ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്സി'ലെ ചില പരാമര്‍ശങ്ങള്‍ വിഷമിപ്പിച്ചോ എന്നു ചോദിച്ചപ്പോള്‍ ''ആ സ്വാതന്ത്ര്യം അമ്മയോടല്ലാതെ ആരോടാണ് അവള്‍ എടുക്കുക.'' എന്നുചോദിച്ച് വരികള്‍ക്കിടയിലൂടെ വായിച്ചവരുടെ വായടപ്പിച്ചുകളഞ്ഞു.


Content Highlights: Journey of Mary Roy, Mathrubhumi, Social


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented