അംബേദ്കറെ 'ബൂര്‍ഷ്വ' എന്ന് വിശേഷിപ്പിച്ച ഇഎംഎസ്; ജയ് ഭീം എന്ന മുദ്രാവാക്യം


ഡോ. എസ്. മുഹമ്മദ് ഇർഷാദ്

കോൺഗ്രസ് മുന്നോട്ടുെവച്ച ദേശരാഷ്ട്രസങ്കല്പത്തിലെ സവർണാധിപത്യത്തെ നിഷേധിക്കുന്നതായിരുന്നു ജയ് ഭീം എന്ന മുദ്രവാക്യം. ഇടതുപക്ഷത്തിന് ഒരിക്കലും സ്വീകരിക്കാൻ കഴിയാത്തതാണ്‌ ജയ് ഭീം എന്ന മുദ്രാവാക്യവും അംബേദ്കർ എന്ന ചിന്തകനേയും.

ബി.ആർ അംബേദ്കർ

രണഘടനയെ സംബന്ധിച്ച ചർച്ചയിൽ കേരള നിയമസഭയിൽ ഒരു പ്രതിഷേധമെന്ന നിലയ്ക്കെങ്കിലും പ്രതിപക്ഷം ജയ് ഭീം മുഴക്കിയത് ചരിത്രപരമാണ്. ഭീം എന്ന പേരിനെ അഴിമതികൊണ്ട് കുപ്രസിദ്ധിനേടിയ ഒരു പാലത്തിന്റെ തൂണിനോട് ഉപമിച്ച ഇടത്‌ എം.എൽ.എ. പാർട്ടി സംവിധാനത്തിൽ സുരക്ഷിതനാണ്. അദ്ദേഹത്തോട് വിശദീകരണം ചോദിക്കാൻ പാർട്ടിയോ സ്വയം വിശദീകരിക്കാൻ എം.എൽ.എ.യോ തയ്യാറായിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് പാർട്ടിക്കും എം.എൽ.എ.യ്ക്കും തോന്നിയിട്ടില്ല എന്നുവേണം കരുതാൻ.

കരുത്തുറ്റ മുദ്രാവാക്യം

‘ജയ് ഭീം’ എന്നത് ഒരു കരുത്തുറ്റ രാഷ്ട്രീയമുദ്രാവാക്യമാണ്. ഒരുപക്ഷേ, ഇന്ത്യൻ മുഖ്യധാരാ ഇടത്‌-വലത് രാഷ്ട്രീയപ്പാർട്ടികൾക്ക് അസ്വസ്ഥതയുണ്ടാകുന്ന ഒരു രാഷ്ട്രീയമുദ്രാവാക്യം. കോൺഗ്രസ് മുന്നോട്ടുെവച്ച ദേശരാഷ്ട്രസങ്കല്പത്തിലെ സവർണാധിപത്യത്തെ നിഷേധിക്കുന്നതായിരുന്നു ജയ് ഭീം എന്ന മുദ്രവാക്യം.

ഇടതുപക്ഷത്തിന് ഒരിക്കലും സ്വീകരിക്കാൻ കഴിയാത്തതാണ്‌ ജയ് ഭീം എന്ന മുദ്രാവാക്യവും അംബേദ്കർ എന്ന ചിന്തകനേയും. എം.എൻ. റോയ് മുതൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് അടക്കമുള്ളവർ അംബേദ്കറെ ഗൗരവമായി കണ്ടിട്ടില്ല. ഇ.എം.എസ്. ഒരു പടികൂടി കടന്ന് അംബേദ്കറെ ‘ബൂർഷ്വ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ബൂർഷ്വാസിയുടെ ചരിത്രവും അവർക്ക് രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ള അധികാരത്തെയും മനസ്സിലാക്കാൻ കഴിയാതിരുന്നയാളല്ല ഇ.എം.എസ്. എന്നാൽ, അംബേദ്കറെ ബൂർഷ്വ എന്ന് വിലയിരുത്താൻ നമ്പൂതിരിപ്പാട് ഉപയോഗിച്ചത് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ യാന്ത്രികമായ വായനയും വിശകലനവുമായിരുന്നു. അതൊരു മാർക്സിസ്റ്റ് വീക്ഷണംപോലുമായിരുന്നില്ല. എന്നിട്ടും കേരളത്തിലെ ഇടതുബുദ്ധിജീവികൾ ഇ.എം.എസിന്റെ ഈ മാർക്സിസ്റ്റ്‌വിരുദ്ധ നിലപാടിനെ ചോദ്യംചെയ്തില്ല.

അംബേദ്കറെ മനസ്സിലാക്കിയില്ല

ഇടതുപക്ഷം അംബേദ്കറെ വായിക്കണം എന്നൊരു അഭിപ്രായം ഇപ്പോൾ രൂപപ്പെടുന്നുണ്ട്. എന്നാൽ, അത്തരം വായനകൾ പ്രായോഗികമാകണമെങ്കിൽ കേരളത്തിലെ പാർട്ടിചിന്തകർ മുന്നോട്ടുെവച്ച യാന്ത്രികമായ മാർക്സിസ്റ്റ് ആഖ്യാനങ്ങൾ റദ്ദുചെയ്യപ്പെടണം. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ അംബേദ്കർവായന എന്നത് അപ്രായോഗികമാണ്. ‘തൊഴിലാളിയെന്നാൽ ജീവിക്കുന്ന മൂലധനമാണ്’ എന്ന അംബേദ്കർ കാഴ്ചപ്പാട് ഇന്ത്യൻ സാഹചര്യത്തിൽ മാർക്സിന്റെ തൊഴിലാളിയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ മറികടക്കുന്നതാണ്. ഇന്ത്യയിലെ ഇടതുപക്ഷ സാമ്പത്തികചിന്തകരും അത്തരമൊരാശയം മുന്നോട്ടുെവച്ചിട്ടില്ല. കേരളത്തിലെ ഭൂപരിഷ്കരണകാലത്തുപോലും അംബേദ്കറുടെ ഈ ആശയം ഇടതുപക്ഷത്തിന് മനസ്സിലായിട്ടില്ല. ജീവിക്കുന്ന മൂലധനമായ തൊഴിലാളികൾ എന്തുകൊണ്ട് കൃഷിഭൂമി എന്ന മൂലധനത്തിന്റെ ഉടമകളായില്ല എന്ന ചോദ്യം ഇന്നും രാഷ്ട്രീയചരിത്രത്തിൽ പ്രസക്തമാണ്. ഇത്തരം ചോദ്യങ്ങളും അന്വേഷണങ്ങളുമാണ് ഇടതുപക്ഷത്തിന്റെ അംബേദ്കർ വായനയെ വൈജ്ഞാനികമായി പ്രതിരോധിക്കുന്നത്.

മാർക്സിസം എക്കാലത്തെയും വിമോചനപ്രത്യയശാസ്ത്രമാണ് എന്ന സംഘടിത ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടിനെയാണ് ജയ് ഭീം പോലുള്ള മുദ്രാവാക്യങ്ങൾ ചോദ്യംചെയ്യുന്നത്. മാർക്സിസം എക്കാലത്തെയും വിമോചന മുദ്രാവാക്യമായിരുന്നെങ്കിൽ, അംബേദ്കറും മാർട്ടിൻ ലൂഥർ കിങ്ങും മാൽകം എക്സും സെഡ്രിക് റോബിൻസണുമൊന്നും ചരിത്രത്തിൽ ഉണ്ടാകുമായിരുന്നില്ല. ഇവരെല്ലാം ഇന്ത്യയിലെ, അമേരിക്കയിലെ, ആഫ്രിക്കയിലെ മാർക്സിസ്റ്റ് നേതാക്കളോ ചിന്തകരോ ഒക്കെയായി മാറിയേനെ. ഇവരാരും മാർക്സിസ്റ്റ് വിരുദ്ധരായിരുന്നെന്ന്‌ അർഥമില്ല. എന്നാൽ, ഇവരുടെ പ്രശ്നം കറുത്തവരും വെളുത്തവരും ബ്രാഹ്മണരും ദളിതരും ഒരുപോലെ വിമോചിതരാകുന്ന ഒരു കാലത്തെക്കുറിച്ചായിരുന്നില്ല.

വെളുത്തവരും സവർണരും അനുഭവിക്കുന്ന സാമൂഹികാധികാരം അതാത് കാലത്തെ രാഷ്ട്രീയാധികാരവും മുതലാളിത്തവും സംരക്ഷിക്കുകയോ നിലനിർത്തുകയോ ചെയ്തിട്ടുണ്ട്. സാമൂഹിക/ മത/ജാതി ശ്രേണിയിൽ ഉയർന്ന വിഭാഗത്തിന്റെ പ്രശ്നം സാമ്പത്തിക സുരക്ഷതിത്വമാണ് എന്ന് തിരിച്ചറിയാനുള്ള വിവേചനബുദ്ധി അവർക്കുണ്ടായി എന്നതുകൊണ്ടാണ് മാർക്സിയൻ വർഗ വിശകലനം നൽകുന്ന ബൃഹദ്‌ ആഖ്യാനത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താതെ അതാത് സമൂഹത്തിന്റെ ജീവിതപരിസരത്തുനിന്നു കൊണ്ടുള്ള വിമോചന സാധ്യതകൾ ഈ ചിന്തകർ അന്വേഷിച്ചത്.

വിമോചനചിന്ത ഏകശിലാത്മകമല്ല

ഈ പറഞ്ഞ വ്യക്തികളും പ്രസ്ഥാനങ്ങളുമൊക്കെ മുഖ്യധാരാ ഇടതുപക്ഷത്തിന് ബൂർഷ്വാമൂല്യങ്ങളുടെ വാഹകരായിരുന്നു. മാർക്സിന്റെ രചനകളെമാത്രം അടിസ്ഥാനപ്പെടുത്തി, പ്രത്യേകിച്ചും അടിമകളെക്കുറിച്ച് മാർക്സ്‌ എഴുതിയതുമാത്രം അടിസ്ഥാനപ്പെടുത്തി രൂപപ്പെടേണ്ടതാണ് വിമോചനചിന്തയും പ്രസ്ഥാനങ്ങളും എന്ന ചിന്തയല്ല സെഡ്രിക് റോബിൻസണിനെപ്പോലുള്ളവരെ മറ്റൊരന്വേഷണത്തിന് പ്രേരിപ്പിച്ചത്. സെഡ്രിക് റോബിൻസൺ എഴുതിയ കറുത്ത മാർക്സിസം എന്ന പുസ്തകം ഓർമിക്കാം. മാർക്സിന്റെ രചനകൾ വായിച്ചതുകൊണ്ട് കറുത്തവരും വെളുത്തവരും മോചിപ്പിക്കപ്പെടുന്ന കാലത്തെക്കുറിച്ച് സ്വപ്നംകാണേണ്ട ബാധ്യത കറുത്തവർഗക്കാർക്കില്ല എന്ന സത്യമാണ് റോബിൻസൺ സൂചിപ്പിച്ചത്. അവരെ സംബന്ധിച്ചിടത്തോളം മാർക്സിന്റെ രചനകളെക്കാൾ അവരുടെ ചരിത്രമാണ് വിമോചനത്തിനുള്ള ആയുധം. അംബേദ്കർ അന്വേഷിച്ചതും ഈ രാഷ്ട്രീയംതന്നെയാണ്.

കേരളത്തിനുപുറത്ത്‌ ഇടതുപക്ഷം ശ്രമിക്കുന്നത് അംബേദ്കർ സംഘടനകളുമായി ചേർന്നുകൊണ്ടുള്ള സമരങ്ങൾക്കാണ്. പലപ്പോഴും സംഘപരിവാർ സംഘടനകളെ വെല്ലുവിളിക്കുന്നത് ഇത്തരം സമരങ്ങൾതന്നെയാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം മതരാഷ്ട്രവാദത്തിനുപിന്നിലെ സാമൂഹികാധികാരത്തെ ചോദ്യംചെയ്യുന്നതുകൊണ്ടുകൂടിയാണ് ഇത്തരം സമരങ്ങൾ ഭരണകൂടത്തിന് ഭീഷണിയാകുന്നത്. അടുത്തകാലത്തായി ഉയർന്നുവന്ന ഇത്തരം സമരങ്ങളിലെല്ലാം ഉയർന്ന മുദ്രാവാക്യം ‘ജയ് ഭീം’ തന്നെയാണ്. ഇതൊരു സ്വത്വവാദ മുദ്രാവാക്യമായി ഇടതുപക്ഷം അവതരിപ്പിക്കാം. അതോടൊപ്പം സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് അവരുടെ സാമൂഹികാധികാരത്തെ ചോദ്യംചെയ്യുന്ന ഒന്നായി അനുഭവപ്പെടാം. ഈ മുദ്രാവാക്യത്തിനുപിന്നിലെ സ്വത്വം എന്നത് ജാതിതന്നെയാണ്. എന്നാൽ, ഈ ജാതി സ്വത്വം സാമൂഹികാധികാരത്തെ ചോദ്യംചെയ്യുന്നതുകൂടിയാണെന്ന് തിരിച്ചറിയുന്നിടത്താണ് ജയ് ഭീം പ്രസക്തമാകുന്നത്‌.

(ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് മുംബൈയിലെ അധ്യാപകനാണ് ലേഖകൻ)

Content Highlights: Jai Bheem Slogan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented