പ്രതീകാത്മകചിത്രം | Photo: canva.com
എന്തുകൊണ്ട് മാധ്യമസ്വാതന്ത്ര്യത്തിന് ഒരു പ്രത്യേക വകുപ്പ് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നില്ല? ഭരണഘടനാ നിർമാണ സഭയുടെ ചർച്ചകളിൽ ഉയർന്നുവന്ന ഒരു ചോദ്യമാണിത്. അതിന് അധ്യക്ഷനായിരുന്ന അംബേദ്കർ പറഞ്ഞ മറുപടി ഇതായിരുന്നു. ‘‘അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ കാര്യത്തിൽ ഭരണഘടനയുടെ വ്യവസ്ഥപ്രകാരം ഒരു വ്യക്തിയും ഒരു പൗരനും മാധ്യമങ്ങളും എല്ലാവരും ഒന്നുതന്നെ ആയതിനാൽ മാധ്യമസ്വാതന്ത്ര്യത്തിന് ഒരു പ്രത്യേകവകുപ്പ് ആവശ്യമില്ല.’’ അതായത്, രാജ്യത്തെ ജനങ്ങൾക്ക് ആർട്ടിക്കിൾ 19(1)(a) പ്രകാരം നൽകുന്ന അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യം ഇന്ത്യയിലെ മാധ്യമങ്ങൾക്കും അവകാശപ്പെട്ടതുതന്നെയാണ്. റോമേഷ് ഥാപ്പർ കേസിലും മറ്റു സമാന കേസുകളിലും ഈ തത്ത്വം സുപ്രീംകോടതി പലവട്ടം പറഞ്ഞുകഴിഞ്ഞതിനാൽ അതുതന്നെയാണ് ഈ വിഷയത്തിൽ നിലനിൽക്കുന്ന നിയമം.
ഇന്ത്യയിലെ മാധ്യമമേഖല ഏറ്റവും പ്രതിസന്ധിനിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അധികാരവർഗം ആൾക്കൂട്ടത്തിന്റെ കൈയടിക്കുവേണ്ടി മാധ്യമ സ്വാതന്ത്ര്യ സംരക്ഷകരായി അവതരിക്കുമ്പോഴും കിട്ടുന്ന അവസരങ്ങളിലെല്ലാംതന്നെ മാധ്യമസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങണിയിക്കാൻ അശ്രാന്തപരിശ്രമം ചെയ്യുകയും ചെയ്യുന്നു. ഇതിനു കണ്ടെത്തിയ ഏറ്റവും നൂതനമായ ആയുധമാണ് 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്. സൈബർ ലോകത്തെ ഒരുപാട് ദുഷ്‌പ്രവണതകളെ നേരിടുന്നതിനുള്ള സത്യസന്ധമായ ശ്രമങ്ങൾ പ്രസ്തുത ആക്ടിലുണ്ടെന്നുള്ളത് വസ്തുതതന്നെയാണ്. പക്ഷേ, അതിനൊടൊപ്പംതന്നെ മാധ്യമ സ്വാതന്ത്ര്യത്തെ ശക്തമായി നിയന്ത്രിക്കാനുള്ള ചില ഘടകങ്ങളും ഇതിൽ വന്നത് യാദൃച്ഛികമാണെന്ന് കരുതാനാവില്ല.
ഓൺലൈനിന്റെപേരിൽ മാധ്യമനിയന്ത്രണം
ഓൺലൈൻ മാധ്യമമേഖലയിൽ നിയമങ്ങളും നിയന്ത്രണവും വേണമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. വ്യക്തിഹത്യ, ജാതി, മത, വർഗീയ ചേരിതിരിവ്, സാന്പത്തിക കുറ്റകൃത്യങ്ങൾ, സ്ത്രീകളെ അപമാനിക്കുക, വിവാഹത്തട്ടിപ്പുകൾ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്ന വ്യാജവാർത്തകൾ എന്നീ ഒട്ടേറെ ഓൺലൈൻ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇവയെ നേരിടാൻ ഒരു സമഗ്ര നിയമം ആവശ്യമാണ്. അതിനാലാണ് ഐ.ടി. ആക്ട് പ്രസക്തമാകുന്നതും. പക്ഷേ, അതിനൊടൊപ്പം മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാകുന്നെന്നു കരുതേണ്ടിയിരിക്കുന്നു.
ഇന്ന് ചർച്ചചെയ്യപ്പെടുന്ന ഈ ഐ.ടി. ആക്ട് 2000-ൽ കൊണ്ടുവന്നത് അന്നത്തെ എൻ.ഡി.എ. സർക്കാരായിരുന്നു. അന്നുതന്നെ അതിലെ മാധ്യമസ്വാതന്ത്ര്യവിരുദ്ധ വകുപ്പുകൾ ചർച്ചചെയ്യപ്പെട്ടിരുന്നു. എന്നാൽ, 2015-ൽ ശ്രേയാ സിംഘാൽ കേസ് സുപ്രീംകോടതിയിൽ വന്നതോടെയാണ് ഇത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പ്രസ്തുത കേസിൽ ഈ നിയമത്തിലെ 62 (a) എന്ന വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കി. പ്രസ്തുതവകുപ്പ് റദ്ദാക്കാൻ കോടതി കണ്ടെത്തിയ കാരണങ്ങൾ ഇവയാണ്. പൊതുജനത്തിന്റെ അറിയാനുള്ള അവകാശത്തെ ഇത് പ്രത്യക്ഷമായി ബാധിക്കുന്നു. സംസാരിക്കാനും ആശയവിനിമയത്തിനുമുള്ള മൗലികാവകാശത്തെ ഇത് നേരിട്ടുതന്നെ ബാധിക്കുന്നു. ഈ നിയമത്തിലെ അസൗകര്യം, അസ്വസ്ഥത, മൊത്തത്തിൽ കുറ്റകരം എന്നീ പ്രയോഗങ്ങൾക്ക് വേണ്ടത്ര വ്യക്തതയില്ലാത്തതിനാൽ നിയമപാലകർക്കോ, കുറ്റാരോപിതനോ കുറ്റത്തിന്റെ ഘടന മനസ്സിലാക്കാൻ കഴിയുകയില്ല.
പ്രയോഗങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ ഒരാൾക്ക് കുറ്റകരം എന്നുതോന്നുന്നത് മറ്റൊരാൾക്ക് കുറ്റകരമായി തോന്നണമെന്നില്ല. മാത്രമല്ല, ഭരണഘടന ആർട്ടിക്കിൾ 19(2) പ്രകാരം അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണങ്ങൾ ഇവിടെ നിലനിൽക്കുകയുമില്ല. പ്രസ്തുത വകുപ്പ് ദുരുപയോഗം ചെയ്യില്ല എന്നൊരു ഉറപ്പ് അന്നത്തെ കേന്ദ്ര ഗവൺമെന്റ് നൽകിയെങ്കിലും കോടതി അത് സ്വീകരിച്ചില്ല. ഗവൺമെന്റുകൾ വരുകയും പോവുകയും ചെയ്യും. മാത്രമല്ല, അടുത്തുവരുന്ന ഗവൺമെന്റ് ഇത് ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പിക്കാനും കഴിയുകയില്ല, എന്നാണ് ഇതിന് മറുപടിയായി കോടതി പറഞ്ഞത്. കോടതി എത്ര ദീർഘവീക്ഷണത്തോടെയാണ് ഇത് പറഞ്ഞതെന്ന് പിന്നീടുനടന്ന കാര്യങ്ങൾ വ്യക്തമാക്കുന്നു. 2022-ൽ പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ് ഇതേ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചു. 2015-ൽ സുപ്രീംകോടതി റദ്ദാക്കിയ 62(a) വകുപ്പുപ്രകാരം ഇന്ത്യയിലാകമാനം ആയിരത്തിൽപ്പരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് അവർ സുപ്രീംകോടതിയിൽ നൽകിയത്. അടിയന്തരമായി ഇടപെട്ട കോടതി അത്തരം എല്ലാ കേസുകളും റദ്ദാക്കിക്കൊണ്ടും ഭാവിയിൽ ഈ വകുപ്പുപ്രകാരം ഒരു കേസും എടുക്കരുതെന്ന നിർദേശം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കാർ നിയമിക്കുന്ന മേൽനോട്ട സംവിധാനം
2021-ൽ ഇതേ നിയമത്തിന്റെ ചില ചട്ടങ്ങൾ ബോംബെ ഹൈക്കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും ചോദ്യംചെയ്യപ്പെട്ടു. ചട്ടം 9(1), 9(3) എന്നിവയാണ് ഇവിടെ കോടതിയുടെ പരിഗണനയ്ക്കുവന്നത്. ചട്ടം 9(1) പ്രകാരം വാർത്തയുടെയും സമകാലിക വിവരങ്ങളുടെയും പ്രസാധകരും മറ്റു ഓൺലൈൻ വിവരങ്ങൾ നൽകുന്ന പ്രസാധകരും ഒരു കോഡ് ഓഫ് എത്തിക്സ് അതായത്, ഒരു ധാർമിക പെരുമാറ്റച്ചട്ടം പാലിക്കാൻ നിർബന്ധിതരാകുന്നു. സദുദ്ദേശ്യപരമായ ഒരു നിർദേശമായിരുന്നു ഇതെങ്കിൽ ആശങ്കയ്ക്ക് കാരണമില്ലായിരുന്നു. പക്ഷേ, ചട്ടം 9(3) പ്രകാരം ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ത്രിതല മേൽനോട്ട സംവിധാനം ഏർപ്പെടുത്തുന്നു. അതിന്റെ ആദ്യത്തെ രണ്ടുതലവും സ്വയംനിയന്ത്രണ സംവിധാനങ്ങളാണെങ്കിൽ മൂന്നാം തലത്തിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ഒരു മേൽനോട്ടസംവിധാനം നിലവിൽവരും. നോക്കൂ, മാധ്യമസ്വാതന്ത്ര്യത്തിനു തടയിടുന്ന ഈ നിയമത്തിലെ വകുപ്പുകൾക്കെതിരേ പരമോന്നത നീതിപീഠത്തിന്റെ വിധി നിലനിൽക്കുമ്പോഴും മാധ്യമ സ്വാതന്ത്ര്യത്തെ വളഞ്ഞിട്ട് പൂട്ടാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
പക്ഷേ, ഈ ചട്ടങ്ങൾ അടിസ്ഥാന നിയമത്തിന്റെ പരിധിക്കപ്പുറമാണെന്നും ഭരണഘടന നൽകുന്ന മൗലികാവകാശത്തിലെ 19(1)(a)യ്ക്ക് വിരുദ്ധമാണെന്നും വിലയിരുത്തിയ ബോംബെ ഹൈക്കോടതി രണ്ടുചട്ടങ്ങളും സ്റ്റേ ചെയ്തു. പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയും ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷനും ഇതേ വിഷയത്തിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോടതിയും പ്രസ്തുത വകുപ്പുകൾ സ്റ്റേചെയ്യുകയും ബോംബെ ഹൈക്കോടതിയുടെ വിധിക്ക് ഇന്ത്യയിലാകമാനം പ്രാബല്യം ഉണ്ടെന്നു പറയുകയും ചെയ്തു. ഈ കേസിൽ പ്രസ്തുത നിയമത്തിന്റെ ദൂരവ്യാപകമായ അപകടസാധ്യത കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാർ ഏർപ്പെടുത്തുന്ന മേൽനോട്ടസംവിധാനം മാധ്യമങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം കവരുകയും ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമസംവിധാനംതന്നെ ഇല്ലാതാവുകയും ചെയ്യുമെന്നാണ് കോടതി നിരീക്ഷിച്ചത്. നേരത്തേ വിവാദമായ ഐ.ടി. റൂൾസിന്റെ അടിസ്ഥാനത്തിൽ നടപടികൾ എടുക്കുന്നതിൽനിന്ന് കേന്ദ്രസർക്കാരിനെ തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതിയും ഉത്തരവ് നൽകിയിരുന്നു. ഈ നിയമത്തിന്റെ ഭരണഘടനാ വിരുദ്ധതയും ദുരുദ്ദേശ്യവും ചൂണ്ടിക്കാണിക്കുന്ന ഇത്രയും കോടതിവിധികൾ വന്നിട്ടും വിവാദമായ പുതിയ ചട്ടഭേദഗതിയുമായി കേന്ദ്ര സർക്കാർ വരുന്നതിൽനിന്ന് ലക്ഷ്യം വ്യക്തമാണ്, മാധ്യമസംവിധാനത്തെ വരുതിയിലാക്കുക എന്നതു തന്നെയാണ് ആത്യന്തികമായ ലക്ഷ്യം.
കോടതി തടഞ്ഞെങ്കിലും പുതുവഴികളിലൂടെ
ഏറ്റവുമൊടുവിൽ വന്ന ഭേദഗതിനിർദേശ പ്രകാരം ഓൺലൈൻ മാധ്യമത്തിലോ സാമൂഹികമാധ്യമത്തിലോ വരുന്ന ഒരു വിവരം വ്യാജമാണെന്നോ, തെറ്റാണെന്നോ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതപരിശോധനാ വിഭാഗമോ, കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തുന്ന വസ്തുതപരിശോധനാ സംവിധാനമോ, പ്രസ്തുത വിവരവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പോ, കണ്ടെത്തിക്കഴിഞ്ഞാൽ ആ വിവരം എടുത്തുമാറ്റേണ്ടിവരും. അതായത്, ആരോപിതൻതന്നെ വിധികർത്താവായി മാറുന്ന അസാധാരണ സാഹചര്യം. ഇതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഫലങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തെയും സ്വതന്ത്രമായ വിവരവിനിമയത്തെയും എങ്ങനെ ബാധിക്കുമെന്ന് ഊഹിക്കാൻ കഴിയുമല്ലോ. ഒരു ജനാധിപത്യരാജ്യത്ത് വരാനിരിക്കുന്ന ഏറ്റവും സമ്പൂർണവും ലളിതമെന്നു തോന്നിക്കുന്നതുമായ സെൻസർഷിപ്പ്.
ഫ്രഞ്ച് ദാർശനികനായ വോൾട്ടയർ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞത് ഓർക്കുക: ‘‘നിങ്ങൾ പറയുന്ന ഒരു വാക്കിനോടും എനിക്ക് യോജിപ്പില്ല. പക്ഷേ, അതു പറയാനുള്ള നിങ്ങളുടെ അവകാശത്തെ എന്റെ ജീവൻ നൽകിയും ഞാൻ സംരക്ഷിക്കും.’’ ആധുനികകാലത്തെ വോൾട്ടയർമാർ ഇതിനെ കാണുന്നത് ഈ രീതിയിലല്ല. നിങ്ങൾ പറയുന്ന ഏതെങ്കിലും ഒരു വാക്കിനോടുപോലും യോജിപ്പില്ലെങ്കിൽ അതു പറയാനുള്ള നിങ്ങളുടെ അവകാശത്തെ നിങ്ങളുടെ ജീവനെടുത്തും അവർ ഇല്ലാതാക്കും.
(ഇൻവിസ് മൾട്ടിമീഡിയ സ്ഥാപക ഡയറക്ടറാണ് ലേഖകൻ)
Content Highlights: IT Act 2000 and press freedom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..