Rashtrapati Bhavan | Photo: AFP
ജമ്മു-കശ്മീർ നിയമസഭ നിലവിലില്ലാത്തതിനാൽ ഒരു എം.പിയുടെ വോട്ടുമൂല്യം ഇത്തവണ 700 ആയിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒരു എം.എൽ.എയുടെ ഏറ്റവു൦ ഉയർന്ന വോട്ടു മൂല്യം യു.പിയിലും (208) ഏറ്റവും കുറവ് സിക്കിമിലും (07) ആയിരിക്കും. സാധാരണയായി, മൂന്നോ അതിലധികമോ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതായിരിക്കും ഒരു ലോക്സഭ മണ്ഡലത്തിന്റെ വ്യാപ്തി. ജനസംഖ്യയുടെ വലിപ്പമനുസരിച്ച് സംസ്ഥാനങ്ങൾക്കിടയിൽ ഇതിൽ പ്രകടമായ വ്യതിയാനങ്ങൾ കാണാം. ആയതിനാൽ, ഒരു സംസ്ഥാനത്തു നിന്നുള്ള എം.പി അതേ സംസ്ഥാനത്തുനിന്നുള്ള എം.എൽ.എയെക്കാൾ വളരെയധികം ജനങ്ങളെ പ്രതിനിധാനം ചെയ്യേണ്ടതായി വരും. ഇതിന്റെ പ്രതിഫലനം ഉൾകൊണ്ടുകൊണ്ടാണ് എം.പിയുടെയും എം.എൽ.എയുടേയും വോട്ടു മൂല്യങ്ങൾ നിര്‍ണ്ണയിച്ചിരിക്കുന്നത്.
ഉദാഹരണത്തിന്, 1971-സെൻസസ് ആസ്പദമാക്കി കേരളത്തിലെ ഒരു എം.പി. 10.67 ലക്ഷം ജനങ്ങളുടെ പ്രതിനിധിധിയാകുമ്പോൾ ഒരു എം.എൽ.എയുടെ സമാന വിഹിതം 1.52 ലക്ഷം ജനങ്ങൾ മാത്രമാണ്. തെരെഞ്ഞെടുപ്പ് കമ്മിഷൻറെ കണക്കുകൾ പ്രകാരം സംസ്ഥാനത്തുനിന്നുള്ള ഒരു എം. എൽ.എയുടെയുടേയും എം.പിയുടേയും വോട്ടുമൂല്യം യഥാക്രമം 152-ഉം 708-ഉം ആണ്. അതായത്, സംസ്ഥാനത്തെ ഒരു എം.പി. സംസ്ഥാനത്തുനിന്ന് തന്നെയുള്ള എംഎൽ.എയെക്കാൾ 7 മടങ്ങ് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നെങ്കിലും വോട്ടുമൂല്യത്തിൽ ഇവർ തമ്മിലുള്ള അന്തരം ഏകദേശം 4.5 മടങ്ങിൽ താഴെ മാത്രമാണ്.
ചുരുക്കത്തിൽ, ഇത് എം.പിയുടെ വോട്ടുമൂല്യം ദുര്‍ബലപ്പെടുത്തുകയും ജനസംഖ്യ പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാർക്കും തുല്യപരിഗണന നൽകുന്ന ഇലക്ട്റൽ കോളേജിന്റെ അശാസ്ത്രീയ പ്രാതിനിധ്യത്തിലേക്കും നയിച്ചിരിക്കുകയാണ്. സമാന വ്യതിയാനങ്ങൾ മറ്റുസംസ്ഥാനങ്ങളിൽ നില നിൽക്കുന്നുണ്ടെങ്കിലും ഇത് ഏറ്റവും അധികം പ്രകടമാവുക ജനസംഖ്യാ ആധിക്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും. ഈ രീതി പിന്തുടർന്നാൽ എം.പിമാരുടെയും, എം.എൽ.എമാരുടെയും വ്യക്തിഗത വോട്ടുമൂല്യത്തിലുള്ള അന്തരം വരും വർഷങ്ങളിലും വർദ്ധിക്കുമെന്ന് ഉറപ്പാണ് (ഗ്രാഫ്.2).
ഗ്രാഫ് 2: ദേശീയതലത്തിൽഎം.എൽ.എയുടെയും, എം.പിയുടെയുംവ്യക്തിഗതവോട്ടുമൂല്യം (1971-2047)
വ്യക്തിഗത എം.എൽ.എയുടെയും, എം.പിയുടെയും വോട്ടുമൂല്യങ്ങൾ തമ്മിൽ പ്രകടമായ അന്തരം നിലനിൽക്കുന്നു. എന്നാൽ, രാജ്യത്തുള്ള ആകെ എം.എൽ.എയുടെയും എം.പിയുടെയും വോട്ടുമൂല്യത്തിൽ തുല്യത നിലനിൽക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിൽ വിശദമാക്കുന്നു. ഈ നിലക്ക് പോയാൽ രണ്ടു കക്ഷികളുടെയും വോട്ടുമൂല്യം വർദ്ധിക്കുന്നതോടൊപ്പം വോട്ടുമൂല്യത്തിൽ നിലനിൽക്കുന്ന തുല്യത വരും വർഷങ്ങളിലും മാറ്റമില്ലാതെ തുടരും എന്നാണ് തിട്ടപ്പെടുത്തിയ കണക്കുകൾ നൽകുന്ന സൂചന ( ഗ്രാഫ്.3).
Also Read
ഗ്രാഫ് 3: എം.എൽ.എയുടെയും, എം.പിയുടെയുംആകെവോട്ടുമൂല്യം (1971-2047)
വികലമായരീതിശാസ്ത്രം
മുകളിൽ നൽകിയിരിക്കുന്ന വിശകലനത്തിൽനിന്നു സുവ്യക്തമാകുന്ന കാര്യം തിരഞ്ഞെടുപ്പു കമ്മീഷൻ തിട്ടപ്പെടുത്തിയതും രാഷ്ട്രീയപാർട്ടികൾ ഉയർത്തിക്കാട്ടുന്നതുമായ വോട്ടുമൂല്യത്തിന്റെ കണക്കുകളോ വാദമുഖങ്ങളോ യാഥാർത്ഥ്യവുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. തദ്ഫലമായി, രാഷ്ട്രീയ കക്ഷികൾ അവർക്ക് ലഭിച്ചു എന്ന് വാദിക്കുന്ന വോട്ടുമൂല്യം യാഥാർഥ്യത്തോട് യാതൊരു തരത്തിലും നീതിപുലർത്തുന്ന കണക്കുകൾ അല്ലാതായി മാറുന്നു എന്നതാണ് വാസ്തവം. ഇതിലുപരിയായി, അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂടി (2027) 1971-ലെ ജനസംഖ്യ അടിസ്ഥാനമാക്കിയുളള വോട്ടുമൂല്യമായിരിക്കും പരിഗണിക്കുക. മുൻപ് സൂചിപ്പിച്ചതുപോലെ, ജനപ്രതിനിധികളുടെ പ്രാതിനിധ്യ മരവിപ്പ് 2026-ന് ശേഷം തുടർന്നാൽ വോട്ടുമൂല്യത്തിന്റെ സ്ഥിരത വീണ്ടും അനിശ്ചിതകാലത്തേക്ക് നീളുമെന്ന് ഉറപ്പാണ്.
സംസ്ഥാനങ്ങളുടെ ലോകസഭയിലേയും നിയമസഭകളിലേയും അംഗങ്ങളുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നതിനാൽ, രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന വോട്ടുമൂല്യത്തിൽ കഴിഞ്ഞ നാലര ദശാബ്ദക്കാലമായി യാതൊരു വ്യതിയാനവും രേഖപ്പെടുത്തിയിട്ടില്ല എന്ന് സൂചിപ്പിച്ചല്ലോ. കനേഷുമാരി കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ 1971-ൽ 54.8 കോടിയായിരുന്നത് 2011-ൽ 121 കോടിയായി വർദ്ധിച്ചു. ലേഖകരുടെ തന്നെ ജനസംഖ്യാ പ്രവചന കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യ 2021-ൽ 136.4 കോടിയും 2022-ൽ 137.6 കോടിയുമാണ്. അതായത്, കഴിഞ്ഞ അര നൂറ്റാണ്ടിൽ (1971-2021) രാജ്യത്ത് ജനസംഖ്യയിലുണ്ടായ വർദ്ധനവ് ഏകദേശം 149 ശതമാനത്തോളമാണ്. തദവസരത്തിൽ ഉയർന്നു വരേണ്ട പ്രധാന ചർച്ചാവിഷയം 2022 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 1971 സെൻസസ് അടിസ്ഥാനമാക്കിയ ജനസംഖ്യ വോട്ടുമൂല്യ നിർണ്ണയത്തിനായി ഉപയോഗിക്കുന്നതിലെ അനൗചിത്യമാണ്. ഇത് 1977-ന് ശേഷം നടന്ന ഒമ്പത് രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും വ്യത്യസ്ത തോതിൽ ബാധിച്ചു എന്ന് വേണം അനുമാനിക്കാൻ. ദൗർഭാഗ്യവശാൽ, ഈ വിഷയം രാഷ്ട്രീയതലത്തിലോ, അക്കാദമിക തലത്തിലോ അർഹിച്ച പ്രാധാന്യത്തോടെ ഇത് വരെ ചർച്ചക്ക് വിധേയമാക്കിയിട്ടില്ല എന്നത് മുഖ്യ പോരായ്മയായി തുടർന്നുപോരുന്നു.
2011-ലെ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്നുള്ള ഒരു എം.പി. പ്രതിനിധീകരിക്കുന്ന ജനസംഖ്യ 16.7 ലക്ഷത്തിന് മുകളിലാണ്. ഇതേ കണക്കുകൾ ഉത്തർപ്രദേശുമായി താരതമ്യം ചെയ്താൽ ഒരു എം.പിയുടെ പ്രാതിനിധ്യം 25 ലക്ഷ൦ ജനങ്ങളായി ഉയരും. കഴിഞ്ഞ ഒരു ദശാബ്ദകാലത്തുണ്ടായ ജനസംഖ്യാ വർദ്ധനവ് കൂടി പര്യാലോചിച്ചാൽ പ്രാതിനിധ്യത്തിലുള്ള അന്തരം വീണ്ടും വർദ്ധിച്ചിട്ടുണ്ടാകണം. സമാനമായ സ്ഥിതിവിശേഷം എല്ലാ സംസ്ഥാനങ്ങൾക്കിടയിലും ദൃശ്യമാണെങ്കിലും ഇത് ഏറ്റവും കൂടുതൽ പ്രകടമാവുക ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിലായിരിക്കും. ഈ സാഹചര്യത്തിൽ, കേരളത്തിൽ നിന്നും യു.പിയിൽ നിന്നുള്ള എം.പിയ്ക്കും ഒരേ വോട്ടു മൂല്യം കല്പിച്ചു നൽകുന്നതിലെ യുക്തി ചോദ്യ൦ ചെയ്യപ്പെടേണ്ടതാണ്.
രീതിശാസ്ത്രം ഉടച്ചുവാര്‍ക്കല്‍ അനിവാര്യമോ?
മേല്‍വിവരിച്ച പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ജനസംഖ്യാ വളര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥയാണ്. ആയതിനാല്‍ ഇന്ത്യന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ രീതി ശരിയായ ദിശയിലല്ല എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ ക്ലേശം നേരിടുകയില്ല. ഇതിന് ഉപോല്‍ബലകമായി നിരത്തുന്ന കാരണങ്ങള്‍ അനവധിയാണ്. അവയില്‍ ചിലത് ഇവിടെ രേഖപ്പെടുത്തുന്നു.
രാജ്യത്തെ ജനസംഖ്യയിൽ ഉണ്ടായ വർദ്ധന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഇലക്ട്റൽ കോളേജിലോ, വോട്ടുമൂല്യത്തിലോ പ്രതിഫലിച്ചോ എന്നതാണ് ഇവിടെ ഉയരുന്ന സുപ്രധാന ചോദ്യം. ജനസംഖ്യയിൽ ഉണ്ടായ വർദ്ധനവും സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം സഭകളിൽ (ലോകസഭയിലും, നിയമസഭകളിലും) ആനുപാതികമായി വർദ്ധിപ്പിക്കാത്തതും 1977-നു ശേഷം നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടുമൂല്യത്തിൽ ഇടം നേടിയില്ല എന്ന് വ്യക്തം. ആയതിനാൽ, കാലാകാലങ്ങളായി ഇലക്ട്റൽ കോളേജിന്റെ വോട്ടുമൂല്യം യഥാർത്ഥത്തിൽ വിലകുറച്ചു നിരൂപിക്കുകയാണെന്ന് (underestimate) നിസ്സംശയം പറയാം. ഇത് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന രീതിശാസ്ത്രത്തിന്റെ ഗൗരവമേറിയ വൈകല്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ജനസംഖ്യാ വർദ്ധനവിന് ആനുപാതികമായി ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ജനപ്രതിനിധികളുടെ പ്രാതിനിധ്യം മാറ്റിയില്ലെങ്കിൽ തെരഞ്ഞെടുക്കപ്പെടുന്നവർ ഭരണസിരാകേന്ദ്രങ്ങളിൽ പൊതു ജനങ്ങളെ വേണ്ട രീതിയിൽ പ്രാതിനിധ്യം ചെയ്യപ്പെടാതിരിക്കുന്ന അവസ്ഥ സംജാതമാകും. ഇത് ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ജനസംഖ്യ-പ്രാതിനിധ്യ അനുപാതം പ്രാവർത്തികമാക്കുന്നതിന് വിഘാതമാണ്. ജനസംഖ്യ കൂടിയ പ്രദേശങ്ങളിലെ പ്രതിനിധികൾ സംസ്ഥാന നിയമസഭയിലും ലോക്സഭയിലും ആനുപാതികമായി പ്രാതിനിധ്യം ചെയ്യപ്പെടാതിരുന്നാൽ അവർ ജനങ്ങളെ എങ്ങനെ ഉന്നത ജനാധിപത്യ പ്രക്രിയയിൽ പ്രതിനിധാനം ചെയ്യും? തത്ഫലമായി ജനസംഖ്യാ വളർച്ച കുറഞ്ഞ പ്രദേശങ്ങൾ ആനുപാതികമായി അമിത പ്രാതിനിധ്യം നേടുമ്പോൾ ജനസംഖ്യ കൂടിയ പ്രദേശങ്ങൾ പ്രാതിനിധ്യത്തിൽ പിന്തള്ളപ്പെടും. തദ്വാര, ജനസംഖ്യാ വർദ്ധനവ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് മൂല്യത്തെ പ്രത്യക്ഷത്തിൽ വിപരീതമായി സ്വാധീനിക്കുന്നു.
എം.പി.മാരുടെയും നിയമസഭാസാമാജികരുടെയും വോട്ട്മൂല്യം കണക്കാക്കാനായി ഭരണഘടനയിൽ നിർദ്ദേശിച്ചിരിക്കുന്നതും തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ ഉപയോഗിക്കുന്നതുമായ സൂത്രവാക്യത്തിന് ജനാധിപത്യത്തിന്റെ യാഥാർത്ഥ്യത്തെ എത്രത്തോളം പരോക്ഷമായെങ്കിലും ഉൾക്കൊള്ളുവാൻ കഴിയും എന്നതു സംബന്ധിച്ച അനിശ്ചിതത്വം കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കേണ്ടതാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന സൂത്രവാക്യം ഒരു നിയമസഭാ സാമാജികന് പ്രതിനിധാനം ചെയ്യുന്ന ജനങ്ങളെ ആയിരം തുല്യഭാഗങ്ങളായി ഭാഗിക്കുന്നു എന്നതിലുപരിയായി മറ്റൊന്നും തന്നെ ലഭിക്കുന്നില്ല. ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആയിരത്തിന് പകരം ലക്ഷം കൊണ്ടോ കോടികൾ കൊണ്ടോ ഗുണിക്കുന്നത് കൂടുതൽ കാര്യക്ഷമമായേക്കാം. ഇതൊക്കെയാണ് വസ്തുതകളെങ്കിലും ഈ സൂത്രവാക്യങ്ങൾ ജനങ്ങളെ പരോക്ഷമായിപോലും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു തരത്തിലും പ്രതിനിധീകരിക്കുന്നില്ല എന്നതാണ് വാസ്തവം. മുൻപ് സൂചിപ്പിച്ചതുപോലെ, 1971 ലെ വോട്ട് മൂല്യം 2022-ൽ തെരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയപാർട്ടികളും ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രായോഗികവശം തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മറ്റൊരു പ്രധാന വിഷയം, ഏതൊരു മാനകത്തിന്റെ മൂല്യത്തിനും ഒരു അളവുകോൽ ആവശ്യമാണ്. പക്ഷെ, രാഷ്ട്രപതിയെ തെരഞ്ഞെടുക്കുമ്പോൾ ജനപ്രതിനിധികൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ വോട്ട് മൂല്യം മാത്രമേയുള്ളൂ മറിച്ച് വോട്ടിന് ഒരു പ്രത്യേക അളവ് ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷനും, രാഷ്ട്രീയ പാർട്ടികളും, ഭരണഘടനയും ഈ വിഷയത്തിൽ നിശബ്ദമാണ്.
മേൽ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ, രാഷ്ട്രപതിയെ തെരഞ്ഞെടുക്കുമ്പോൾ പൊതുജനങ്ങളുടെ പ്രാതിനിധ്യം പരോക്ഷമായിപോലും ശരിയായ ദിശയിൽ പ്രതിഫലിക്കാത്തതുകൊണ്ടുള്ള അസമത്വവും, ശാസ്ത്രീയമായ വോട്ട്മൂല്യ നിർണ്ണയ രീതികളുടെ അഭാവവും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വളരെ പ്രകടമാണ്. ആയതിനാൽ, കാലഹരണപ്പെട്ട വോട്ടുമൂല്യ രീതിയിൽനിന്ന് മാറി കൂടുതൽ കുറ്റമറ്റതും, ജനങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്ന രീതിശാസ്ത്രത്തിലേക്കുള്ള ചുവടുമാറ്റം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതിന്റെ അനിവാര്യതയിലേക്കാണ് മുകളിൽ സൂചിപ്പിച്ച വിശകലനം വിരൽ ചൂണ്ടുന്നത്.
(ഡോ. ജെ. രത്നകുമാർ ന്യൂഡൽഹി സ്പീക്കേഴ്സ് റിസേർച്ച് ഇനിഷ്യേറ്റീവ് സെല്ലിലെ റിസേർച്ച് ഫെല്ലോയും, ഡോ. കെ.പി. വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ് )
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..