ന്യൂഡല്‍ഹി: സ്വച്ച് ഭാരത് മിഷന്‍ ആരംഭിച്ച്‌ നാലുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 9 കോടി കക്കൂസുകള്‍ നിര്‍മിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ബാബാ സാഹിബ് അംബേദ്കര്‍ സ്‌കൂളില്‍ വച്ച് സ്വച്ഛതഹി സേവ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പരിസരം അടിച്ചുവാരികൊണ്ടാണ് പുതിയ ശുചിത്വ ക്യാമ്പെയ്ന്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. ഉന്നത നിലവാരത്തില്‍ ശുചീകരണ പ്രവര്‍ത്തനം രാജ്യത്ത് നടപ്പിലാക്കുകയാണ് പുതിയ ക്യാമ്പെയ്‌ന്റെ ലക്ഷ്യം. 

മാഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 വരെ 15 ദിവസം നീണ്ടുനില്‍ക്കുന്ന പദ്ധതിയാണ് സ്വച്ഛതാ ഹി സേവ. ശുചിത്വമുള്ള ഇന്ത്യ മഹാത്മാഗാന്ധിയുടെ വലിയൊരു സ്വപ്‌നമായിരുന്നുവെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.  

'' നാലുവര്‍ഷം കൊണ്ട് ഒന്‍പത് കോടി കക്കൂസുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് ആരും കരുതികാണില്ല. 4.5 ലക്ഷം ഗ്രാമങ്ങളെ, 450 ജില്ലകളെ, 20 സംസ്ഥാനങ്ങളെയാണ് പൊതുങ്ങളിലെ മലവിസര്‍ജ്ജനത്തില്‍ നിന്നും മോചിപ്പിച്ചത്. ഇത് സ്വച്ച് ഭാരത് മിഷന്റെ ഫലമാണ്'' പ്രധാനമന്ത്രി പറഞ്ഞു. 

സ്വച്ച് ഭാരത് യജ്ഞം 90 ശതമാനവും ലക്ഷ്യം കൈവരിച്ചുവെന്നും. ശുചീകരിക്കാനുള്ള യജ്ഞത്തില്‍ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ളവര്‍ പങ്കാളിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. 2019-ല്‍ രാജ്യത്തെ പൂര്‍ണമായും പൊതു ഇടങ്ങളിലെ വിസര്‍ജ്ജനത്തില്‍ നിന്നും മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlight:  India Construct 9 Crore Toilets In 4 Years,Says PM Modi