ഭരണക്കൂടത്തിന് മതമില്ല എന്ന അടിസ്ഥാന തത്ത്വത്തിന്മേല്‍ നിലനില്‍ക്കേണ്ട രാഷ്ട്രം 


പി.ഡി.ടി. ആചാരിമതരാഷ്ട്രം എന്ന അടിസ്ഥാനത്തില്‍ ഇന്ത്യക്ക് നിലനില്‍ക്കാന്‍ സാധിക്കുകയില്ല. രണ്ടു പ്രധാന കാരണങ്ങളുണ്ട്; ഒന്ന്, പല മതങ്ങളുള്ള ഒരു രാജ്യമാണിത്. പ്രധാന ന്യൂനപക്ഷ മതവിശ്വാസികള്‍തന്നെ 20 കോടിയുണ്ട്.

പ്രതീകാത്മക ചിത്രം

ഗവദ്ഗീതയുടെ 11-ാം അധ്യായത്തിലെ ­55-ാം ശ്ലോകത്തില്‍ പറയുന്നത് 'നിര്‍വൈരഃ സര്‍വ ഭൂതേഷു യഃ സ മാമേതി പാണ്ഡവ' എന്നാണ്. ഇതിന്റെ അര്‍ഥം, 'സചേതനങ്ങളായ ഒന്നിനോടും വൈരമില്ലാത്തവന്‍ എന്നിലേക്ക് വന്നുചേരുന്നു' എന്നാണ്. ഈ ഭഗവദ് വചനത്തെ ഗീതയിലെ സര്‍വോത്കൃഷ്ടമായ ശ്ലോകമെന്നാണ് ഡോ. രാധാകൃഷ്ണന്‍ വിശേഷിപ്പിച്ചത്. മനുഷ്യനോടുമാത്രമല്ല, ജീവജാലങ്ങളിലൊന്നിനോടും വൈരം അഥവാ വിദ്വേഷം അരുത് എന്നുള്ള ഉദ്ബോധനമാണ് ഈ ഗീതാവാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. തന്റെ അയല്‍ക്കാരനെ തന്നെപ്പോലെത്തന്നെ സ്‌നേഹിക്കണമെന്നും തന്നോട് ശത്രുതയില്‍ വര്‍ത്തിക്കുന്നവരെ സ്‌നേഹിക്കണമെന്നും ഉദ്ബോധിപ്പിക്കുന്ന ക്രിസ്തുവചനങ്ങളും ഗീതാവാക്യങ്ങളെപ്പോലെത്തന്നെ മനുഷ്യനെ ദൈവികമായ തലങ്ങളിലേക്കുയര്‍ത്താന്‍ കഴിയുന്നവയാണ്. വിദ്വേഷംനിറഞ്ഞ വാക്കുകളും പ്രസംഗങ്ങളും മനുഷ്യനെ ഈശ്വരനില്‍നിന്നും ഉയര്‍ന്ന ധാര്‍മികതയില്‍നിന്നും അകറ്റുന്നെന്നും അവന്‍ ഈശ്വരസമീപ്യത്തിന് അര്‍ഹനല്ലാതാകുന്നുവെന്നും വ്യക്തമായി വിളിച്ചറിയിക്കുന്ന വചനങ്ങളാണ് ഇവ. കേരളത്തില്‍ ഇന്ന് സജീവമായി ചര്‍ച്ചചെയ്യപ്പെടുന്ന വിദ്വേഷപ്രസംഗങ്ങളുടെ പശ്ചാത്തലത്തില്‍ മുകളിലുദ്ധരിച്ച ഭഗവദ് വാക്യങ്ങളും ക്രിസ്തുവചനങ്ങളും ഓര്‍ത്തുപോയതാണ്.

പല്ലും കണ്ണുമില്ലാത്തവരുടെ തലമുറ

ഉത്തരേന്ത്യന്‍ ജനതയുടെ മനസ്സിന്റെ അടിത്തട്ടില്‍ മുഗള്‍ ഭരണത്തിന്റെയും വിഭജനത്തിന്റെയും ചരിത്രാനുഭവങ്ങള്‍ ഒരളവില്‍ വിദ്വേഷമായി നിലനില്‍ക്കുന്നു എന്നുള്ളത് ഒരു യഥാര്‍ഥ്യമാണ്. ഏഴു ദശാബ്ദമായി നാം നടത്തിക്കൊണ്ടിരുന്ന ജനാധിപത്യപരീക്ഷണങ്ങളും മതേതരരാഷ്ട്രീയവും ഈ വിദ്വേഷത്തെ തുടച്ചുമാറ്റാന്‍ പര്യാപ്തമായിരുന്നില്ല എന്നുള്ള ദുഃഖസത്യം അവശേഷിക്കുന്നു. അതുകൊണ്ടാണ് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ ഉണ്ടായപ്പോള്‍ ഈ വികാരം ശക്തമായിത്തന്നെ ജനങ്ങളുടെ ബോധമനസ്സിലേക്കെത്തിച്ചേര്‍ന്നത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഭരിച്ചിരുന്ന ഭരണകൂടങ്ങളുടെ ഏതാനും പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുജനവിഭാഗത്തോട് പകപോക്കുന്നത് ചരിത്രപരമായ തെറ്റുതന്നെയാണ്. ലോകചരിത്രത്തില്‍ അനേകമനേകം ജനവിഭാഗങ്ങള്‍ക്ക് പല കാലഘട്ടങ്ങളിലൂടെ ഉണ്ടായിട്ടുള്ള തിക്താനുഭവങ്ങള്‍ നാം വായിച്ചറിഞ്ഞിട്ടുള്ളതാണ്. അവയ്‌ക്കൊക്കെ ഇന്ന് പകരംവീട്ടാനൊരുങ്ങിയാല്‍ എന്തായിരിക്കും ഈ ലോകത്തില്‍ നടക്കുക?

ഗാന്ധിജി ഒരിക്കല്‍ പറയുകയുണ്ടായി, 'കണ്ണിനു കണ്ണും പല്ലിനു പല്ലും എന്നുള്ള സിദ്ധാന്തം നടപ്പാക്കിയാല്‍ പല്ലും കണ്ണുമില്ലാത്ത ഒരു തലമുറയായിരിക്കും ഇവിടെ അവശേഷിക്കുക.'

മനുഷ്യജീവിതത്തെയും മനുഷ്യചരിത്രത്തെയും ആഴത്തില്‍ പഠിച്ച ഒരു ക്രാന്തദര്‍ശിയുടെ വാക്കുകളാണിവ. ഇതുമനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്ത ഒരു രാഷ്ട്രീയസംസ്‌കാരം ഇവിടെ വളര്‍ന്നുവന്നതുകൊണ്ടാണ് വിദ്വേഷപ്രസംഗങ്ങള്‍ ചെയ്യാന്‍ കഴിയുന്നതും അതിനെ പിന്തുണയ്ക്കാന്‍ ആളുകള്‍ തെരുവിലിറങ്ങുന്നതും. കേരളത്തിലെ ജനങ്ങള്‍ക്ക് ഉത്തരേന്ത്യയിലെ ജനങ്ങളുടെ ചരിത്രാനുഭവങ്ങളില്ല. അതുകൊണ്ടുതന്നെ വൈകാരികമായ സ്ഥിരത കൈവന്നിട്ടുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് ഈ വിദ്വേഷത്തിന്റെ തീക്ഷ്ണത എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് മനസ്സിലാകുന്നില്ല.

അഭിപ്രായസ്വാതന്ത്ര്യം ഏതറ്റംവരെ?

കേരളരാഷ്ട്രീയത്തിലെ സമുന്നത നേതാവായ പി.സി. ജോര്‍ജ് കഴിഞ്ഞദിവസം നടത്തിയ വിദ്വേഷപ്രസംഗം അഭിപ്രായസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ പരിധിയില്‍ വരുന്നതാണ് എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 19-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധികളുണ്ട് എന്ന് ഭരണഘടനതന്നെ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ വകുപ്പ് അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ്. അതുകൊണ്ട് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവില്‍ മതസ്പര്‍ധ, ജാതിസ്പര്‍ധ മുതലായവ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ശിക്ഷാനിയമത്തിലുണ്ട്.

എന്നാല്‍, വിദ്വേഷപ്രസംഗങ്ങള്‍ ചെയ്യുന്നവര്‍ നിയമത്തിന്റെ നിയന്ത്രണങ്ങളൊന്നും മനസ്സിലാകാത്തവരല്ല. ഇതാണ് യഥാര്‍ഥ പ്രശ്‌നം. ഒരാള്‍ അറിഞ്ഞുകൊണ്ട് നിയമവാഴ്ചയെ തകിടംമറിക്കാന്‍ ശ്രമിക്കുന്നത് നിയമവാഴ്ചയോടുള്ള പുച്ഛവും വ്യവസ്ഥാപിതമായ നിയമസംവിധാനത്തെ ഭയപ്പെടാത്തതുകൊണ്ടുമാണ്. ഒരുപക്ഷേ, രാഷ്ട്രീയലാഭമെന്നുള്ള ലക്ഷ്യവുമുണ്ടാകാം. ഏതായാലും മതസ്പര്‍ധയും മതസംഘട്ടനങ്ങളുംകൊണ്ട് കലുഷിതമായ ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കൂ എന്നുള്ളത് തീര്‍ച്ചയാണ്. മതേതരസമൂഹം നേരിടുന്ന ഒരു വലിയ വെല്ലുവിളിതന്നെയാണിത്.

മതേതരത്വത്തിന്റെ വ്യാഖ്യാനം

യഥാര്‍ഥത്തില്‍ മതേതരത്വം എന്ന ആശയത്തെ നാം മനസ്സിലാക്കിയതില്‍ത്തന്നെ സാരമായ പിശകുണ്ട്. എല്ലാ സംഘടിതമതങ്ങളെയും ആശ്ലേഷിക്കുക എന്നുള്ളതാണ് ഇന്ത്യയുടെ മതേതരത്വം എന്ന് നാം തെറ്റായി മനസ്സിലാക്കി. ഫലമോ, സംഘടിതമതങ്ങളുടെ അതിപ്രസരംകൊണ്ട് സാമൂഹിക-രാഷ്ട്രീയാന്തരീക്ഷം കലുഷിതമായി. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് മതേതരത്വമെന്നുപറഞ്ഞാല്‍ ഭരണകൂടത്തിന് മതമില്ല എന്നുള്ളതുതന്നെയാണ്.

ഏതെങ്കിലുമൊരു മതത്തിനുവേണ്ടി നികുതിചുമത്താന്‍ പാടില്ലെന്നും സര്‍ക്കാര്‍വക വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാരിന്റെ സഹായം സ്വീകരിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും മതപരമായ ഒരു ശിക്ഷണവും നല്‍കാന്‍ പാടില്ലെന്നും ഭരണഘടനയുടെ 27-ഉം 28-ഉം വകുപ്പുകള്‍ പ്രഖ്യാപിക്കുന്നു. അതുപോലെത്തന്നെ മതവിശ്വാസം മറ്റുമൗലികാവകാശങ്ങള്‍ക്കു വിധേയമായിരിക്കും എന്നും പറഞ്ഞിരിക്കുന്നു. ഇതാണ് മതേതരത്വത്തെക്കുറിച്ച് ഭരണഘടനയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍മാത്രമേ ഇന്ത്യ എന്ന രാഷ്ട്രത്തിന് നിലനില്‍ക്കാന്‍ പറ്റൂ.

മതരാഷ്ട്രം എന്ന അടിസ്ഥാനത്തില്‍ ഇന്ത്യക്ക് നിലനില്‍ക്കാന്‍ സാധിക്കുകയില്ല. രണ്ടു പ്രധാന കാരണങ്ങളുണ്ട്; ഒന്ന്, പല മതങ്ങളുള്ള ഒരു രാജ്യമാണിത്. പ്രധാന ന്യൂനപക്ഷ മതവിശ്വാസികള്‍തന്നെ 20 കോടിയുണ്ട്. അതുകൊണ്ട് മതരാഷ്ട്രം എന്ന ആശയം അപ്രായോഗികമാണ്. രണ്ടാമത്തെ കാരണം, ഭൂരിപക്ഷത്തിന്റെ സാമൂഹികഘടനയില്‍ നിലനില്‍ക്കുന്ന തീക്ഷ്ണമായ വൈരുധ്യങ്ങളാണ്. ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തില്‍ ആയിരമായിരം വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്ന സാമൂഹികവ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ മതരാഷ്ട്രം ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള അവസരവും നീതിയും നിഷേധിക്കപ്പെടുന്ന ഒരു സംവിധാനമായിത്തീര്‍ന്നേക്കാം.

(ലോക്സഭാ മുന്‍ സെക്രട്ടറി ജനറലാണ് ലേഖകന്‍)

Content Highlights: India can exist as a nation if it believes in the basic principle that government has no religion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented