Representative image
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍നിന്ന് റേഷനരി കടത്തിക്കൊണ്ടുവരുന്നത് വ്യാപകമാണെന്ന് പാലക്കാട് ജില്ലാ സപ്ലൈ ഓഫീസര്‍വരെ സമ്മതിക്കുമ്പോഴും അത് തടയാനോ അരി കടത്തുന്നര്ക്കെതിരേ ശക്തമായ നടപടിയെടുക്കാനോ കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കോവിഡ് കാലത്ത് അതിര്‍ത്തി പരിശോധന ശക്തമായപ്പോള്‍ അനധികൃതകടത്തിന് കുറവുണ്ടായെങ്കിലും ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ നടക്കുന്നുണ്ട്. പാവങ്ങള്‍ക്ക് സൗജന്യമായി നല്കുന്ന റേഷനരി കേരളത്തില്‍ ഉയര്‍ന്ന വിലയ്ക്ക്
വില്ക്കുന്നവര്ക്കെതിരേ കര്‍ശന നടപടിയാണ് വേണ്ടത്. അതിന് ഇരുസംസ്ഥാനങ്ങളും സംയുക്തമായി രംഗത്തുവരണം.
പരിശോധനയും ശിക്ഷയുമുണ്ട്, കടത്തിന് കുറവില്ല
കടത്ത് തടയാന്‍ സംവിധാനങ്ങള്‍ നിരവധി. റേഷനരികടത്ത് തടയാന്‍ തമിഴ്നാട്ടില്‍ പ്രത്യേക ഫോഴ്സ് തന്നെ നിലവിലുണ്ട്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ സിവില്‍സപ്ലൈസ് ഉദ്വോഗസ്ഥര്‍ ഉള്‍പ്പെടുന്ന ടീം. പിന്നെ പോലീസിലെ ഭക്ഷ്യ സ്ക്വാഡുമുണ്ട്. ഈ രണ്ടു ടീമുകളും അതിര്‍ത്തികളിലും മറ്റും നിരന്തരം പരിശോധന നടത്തിയിട്ടും അരികടത്ത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
തമിഴ്നാട്ടില്‍ റേഷനരിക്കടത്ത് പിടിച്ചാല്‍ കടുത്തശിക്ഷ ഉറപ്പാണ്. പിടിക്കുന്ന അരി സിവില്‍ സപ്ലൈസ് വിഭാഗം ഏറ്റെടുക്കും. കടത്താനുപയോഗിച്ച വാഹനം പോലീസ് കസ്റ്റിയിലെടുക്കും. അരി കടത്തയിവരെ കോടതിയില്‍ ഹാജരാക്കി റിമാന്ഡുചെയ്യുന്നതും പതിവാണ്.
ഒരാളെ ഒന്നില്ക്കൂടുതല്തവണ അരികടത്തിന് പിടികൂടിയാല്‍ അവരെ ഗുണ്ടാനിയമം ചുമത്തി ജയിലിലടയ്ക്കും. പാലക്കാട് സ്വദേശികളായ മൂന്നുപേരെ അരി കടത്തിയതിന്റെ പേരില്‍ ഗുണ്ടാനിയമം ചുമത്തി കോയമ്പത്തൂര്‍ ജയിലിലടച്ചത് അടുത്തിടെയാണ്.
പിടികൂടിയാലും കേരളത്തില്‍ ശിക്ഷയില്ല
തമിഴ്നാട്ടില്‍നിന്നും ഊടുവഴികളിലൂടെയും ചെക്ക്പോസ്റ്റുകളിലൂടേയും കൊണ്ടുവരുന്ന റേഷനരിമുഴുവന് സംഭരിക്കുന്നത് പാലക്കാട് കേന്ദ്രീകരിച്ചാണ്. പ്രത്യേകിച്ച് ചിറ്റൂര്‍, പാലക്കാട് താലൂക്കുകളില്‍. നിസ്സാര തുകയ്ക്ക് തമിഴ്നാട്ടില്‍ നിന്നും വാങ്ങുന്ന അരി പോളിഷ് ചെയ്തും അല്ലാതെയും പുതിയ ചാക്കുകളിലാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നു. പോളീഷ് ചെയ്ത അരി കിലോയ്ക്ക് 30 രൂപയ്ക്ക് മുകളിലാണ് വില്‍ക്കുന്നത്.
പാലക്കാട്ട് കൊണ്ടുവരുന്ന അരി പുതിയ ചാക്കുകളിലാക്കിയാല്പ്പിന്നെ തമിഴ്നാട് റേഷനരിയാണെന്ന് തെളിയിക്കുക ഏറെ ബുദ്ധിമുട്ടാണെന്ന് പാലക്കാട് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു. കോടതിയില്‍ കേസ് നില്ക്കണമെങ്കില് റേഷനരിയാണെന്ന് തെളിയിക്കാന്‍ കഴിയണം. ഇത് പലപ്പോഴും സാധിക്കാത്തതിനാല്‍ അരി കടത്തുന്നവര്‍ക്ക് വലിയ ശിക്ഷയും കിട്ടാറില്ല. പിടിക്കുന്ന അരി സിവില്‍സപ്ലൈസ് ഡിപ്പോകളില്‍ സൂക്ഷിച്ച് റേഷന്‍കടവഴി വിതരണം ചെയ്യലാണ് ആകെ നടക്കുന്നത്.
നേരത്തേ റേഷനരി കടത്തുന്നത് പിടിക്കുമായിരുന്നെങ്കിലും കാര്യമായ നടപടികളുണ്ടായിരുന്നില്ല. പക്ഷേ, കേസുകള്‍ കൂടിയതോടെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ശുപാര്‍ശ പരിഗണിച്ച്, കേസുകള്‍ രജിസ്റ്റര്‍ചെയ്ത് നടപടിയെടുക്കാന്‍ രണ്ടുമാസം മുമ്പ് ജില്ലാ പോലീസ് സൂപ്രണ്ട് നിര്‍ദേശം നല്‍കിയിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. എങ്കിലും തമിഴ്നാട്ടിനെ അപേക്ഷിച്ച് കേരളത്തില്‍ അരികടത്തലില് നടപടികളും ശിക്ഷയും കുറവാണെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു. റേഷനരി കടത്ത് നിര്‍ബാധം തുടരാന്‍ ഇതുതന്നെ കാരണം.
അരി വാങ്ങാന്‍ ആവശ്യക്കാരേറെ
തമിഴ്നാട് റേഷനരി വാങ്ങാന്‍ ഇവിടെ ആവശ്യക്കാരേറെയുണ്ട്. നല്ല പുഴുക്കലരി കിലോയ്ക്ക് 40 രൂപയ്ക്ക് മുകളില്‍ വിലയുള്ളപ്പോള്‍ 25, 30 രൂപയ്ക്ക് കിട്ടുന്ന അരിവാങ്ങാന്‍ ആവശ്യക്കാര്‍ കൂടുതുലുണ്ടാവും.
റേഷനരി കിട്ടാത്ത മറുനാടന്‍ തൊഴിലിളികള്‍, ഹോട്ടലുകാര്‍, പിന്നെ ചില അരി മില്ലുകാര്‍ എന്നിവരാണ് അരി വാങ്ങുന്നത്.
സാധാരണക്കാര്‍ക്ക് ചില്ലറയായും അരി വില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കടത്തുകാര്‍ക്ക് വിപണിയൊരു വിഷയമല്ല. എത്ര അരി കൊണ്ടുവന്നാലും അത് വിറ്റുപോകുന്നു.
(അവസാനിച്ചു)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..