മെഡിക്കൽകോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ പേവാർഡിൽ വീൽച്ചെയർ പ്രവേശിപ്പിക്കാനാവാത്ത ഇടുങ്ങിയവഴിയുള്ള ശൗചാലയം
കോഴിക്കോട്: സർക്കാർ മെഡിക്കൽകോളേജ് ഉൾപ്പെടെ മിക്ക ആശുപത്രികളിലും ഭിന്നശേഷിസൗഹൃദമായ ശൗചാലയസൗകര്യമില്ലാതെ രോഗികൾ വലയുന്നു. ചികിത്സയ്ക്കെത്തുന്ന, ഒട്ടും നടക്കാൻകഴിയാതെ വീൽച്ചെയർ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരാണ് ഏറെ ദുരിതംപേറുന്നത്.
രണ്ടുകാലുംതളർന്ന് വീൽച്ചെയറിലായ താമരശ്ശേരി സ്വദേശി റുമൈസ അൻവറിനെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത് രണ്ടാഴ്ചമുമ്പാണ്. ആശുപത്രിയിലെ ശൗചാലയത്തിലേക്ക് വീൽച്ചെയർ കൊണ്ടുപോകാൻ സൗകര്യമില്ലാതെ വന്നതോടെ പെയിന്റിങ് തൊഴിലാളിയായ ഭർത്താവും ബന്ധുക്കളും 550 രൂപ ദിവസവാടകയുള്ള പേവാർഡിലേക്ക് മാറ്റി. എന്നാൽ, പേവാർഡിലെ ശൗചാലയത്തിന്റെ വാതിലും ഇടുങ്ങിയതായതിനാൽ പ്രയാസം ഒഴിഞ്ഞില്ല.
മെഡിക്കൽകോളേജ് ആശുപത്രിയിലെ വാർഡുകളിലെ ശൗചാലയത്തിൽ യൂറോപ്യൻ ക്ളോസറ്റുണ്ടെങ്കിലും പഴയനിർമാണമായതിനാൽ വാതിലുകൾ ഇടുങ്ങിയതാണ്. ഇതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. മിക്ക സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും ശൗചാലയങ്ങൾ ഭിന്നശേഷിസൗഹൃദമല്ലെന്നത് ആശങ്ക ഉണർത്തുന്ന വസ്തുതയാണ്. പല ഭിന്നശേഷിക്കാരും ഇത്തരം സൗകര്യമുള്ള അപൂർവം സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാവാർഡുകളിൽ വീൽച്ചെയർ സൗഹൃദ ശൗചാലയസൗകര്യം ഏർപ്പെടുത്തണമെന്ന് ഓൾ കേരള വീൽച്ചെയർ റൈറ്റ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കും സാമൂഹ്യനീതിവകുപ്പിനും പരാതി നൽകി. അധികൃതർ സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എ.കെ.ഡബ്ള്യു.ആർ.എഫ്. ജില്ലാ നേതൃത്വം അറിയിച്ചു.
അതേസമയം, രോഗികൾക്കാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Content Highlights: Hospitals are not disability friendly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..