വിധേശ്
കോഴിക്കോട്: ഹീമോഫീലിയ രോഗം ബാധിച്ച് അതിസങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വടകര ചോറോട് സ്വദേശി വിധേശിന് ആരോഗ്യമന്ത്രിയുടെ കൈത്താങ്ങ്. ഹീമോഫീലിയ രോഗ ശമനത്തിനായി നൽകി വരുന്ന നാലുലക്ഷം രൂപ വില വരുന്ന എമിസുമാബ് ഇന്‍ജക്ഷന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഇന്നലെയാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. രണ്ടാഴ്ചയില്‍ ഒരിക്കൽ ഉപയോഗിക്കേണ്ട മരുന്ന് ഒരു വർഷത്തേക്കു കൂടി ഇനി വിധേശിനു സൗജന്യമായി ലഭിക്കും.
മാതൃഭൂമി ഡോട്ട്‌കോമില്‍ വന്ന "പോറിയും പല്ലുകൊഴിഞ്ഞും ഒഴുകിത്തീര്‍ന്ന ചോര, നാട്ടിലെ മുഴുവന്‍ ബി പോസിറ്റീവ്കാരുടെയും രക്തമോടുന്ന ശരീരം" എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയെതുടര്‍ന്നാണ് സഹായം. വാര്‍ത്ത കണ്ട് 70,000 രൂപയുടെ സാമ്പത്തിക സഹായം സുമനസ്സുകളില്‍ നിന്ന് വിധേശിനെത്തേടിയെത്തിയിരുന്നു.
കാലങ്ങളായി കിടപ്പുരോഗിയായിരുന്ന വിധേശിന് 2023 ലാണ് കുട്ടികള്‍ക്ക് മാത്രമായി സര്‍ക്കാര്‍ നല്‍കിവന്നിരുന്ന വിലയേറിയ എമിസീസുമാബ് ഇന്‍ജക്ഷന്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കിയത്. വെറും 3 മാസത്തേക്ക് മാത്രം പരീക്ഷാണടിസ്ഥാനത്തിൽ നൽകാനായിരുന്നു അനുമതി. ഈ മരുന്നുപയോഗത്തോടെ രക്ത സ്രാവത്തിന് ശമനം വന്നെങ്കിലും ഇടുപ്പെല്ലില്‍ ഉണ്ടായിരുന്ന മുഴ വളര്‍ന്നതും പെടുന്നനെ ഉണ്ടായ മൂത്രാശയത്തിലെ കല്ലും ഇദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ സങ്കീർണ്ണമാക്കി. ശസ്ത്രക്രിയയ്ക്ക് സാധിക്കാതെ വന്നപ്പോൾ പെടുന്നനെ ഉണ്ടായ ഇന്‍ഫെക്ഷന്‍ ജീവന്‍ തന്നെ അപകടത്തിലാക്കുമെന്ന ഭീതിയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹെമറ്റോളജി വിഭാഗത്തിന്റെയും കമ്മറ്റിയുടെയും നിര്‍ദേശ പ്രകാരം വിധേശിനെ തമിഴ്‌നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മരുന്ന് അവിടെ നിന്ന് വാങ്ങാൻ കൂടുതൽ ചെലവ് വരുന്നതിനാൽ സർക്കാർ വിധേശിനായി മരുന്ന് വെല്ലൂർ ആശുപത്രിയിലേക്ക് കൊടുത്തുവിടാനുള്ള പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്. രോഗിയുടെ അതിദയനീയ അവസ്ഥ പരിഗണിച്ച് മന്ത്രി പ്രത്യേക താത്പര്യത്തോടെയാണ് മരുന്ന് വെല്ലൂരിലേക്ക് കൊടുത്തുവിടാനുള്ള നിർദേശം നൽകിയത്. ആദ്യമായാണ് വിലയേറിയ ഇമിസുമാബ് ഇന്‍ജക്ഷന്‍ ഇത്തരത്തില്‍ കേരളത്തിന് പുറത്തേക്ക് കൊടുത്തു വിടാന്‍ അനുമതി നല്‍കുന്നത്.
സാധാരണ കുട്ടികൾക്കാണ് ഈ മരുന്ന് നൽകാറുള്ളത്. എന്നാൽ ആന്തരിക രക്തസ്രാവം മൂലം ജീവൻ അപകടത്തിലാവുന്ന സ്ഥിതിവിശേഷമായതിനാലാണ് വിധേശിന് പ്രത്യേക പരിഗണന നൽകി മരുന്ന് അനുവദിക്കുന്നതെന്ന് ആശാധാര പദ്ധതി സംസ്ഥാന നോഡൽ ഓഫീസർ രാഹുൽ യു. ആർ മാതൃഭൂമി ഡോട്ടകോമിനോട് പറഞ്ഞു.
Also Read
ആരോഗ്യ മന്ത്രിയുടെയും മാതൃഭൂമിയുടെയും ഇടപെടലുകളില്‍ ഹീമോഫീലിയ സൊസൈറ്റി കാലിക്കറ്റ് ചാപ്റ്റര്‍ അവരുടെ നന്ദി അറിയിച്ചു.
രക്തം കട്ടപ്പിടിക്കാത്ത ഹീമോഫീലിയ രോഗം കാരണം ജനിച്ച ദിവസം മുതല്‍ ദുരിത ജീവിതം നയിക്കുകയാണ് വടകര ചോറോട് സ്വദേശിയായ വിദേശ്. ഹീമോഫീലിയ രോഗാവസ്ഥ കാരണം വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പരസഹായമില്ലാതെ കിടക്കാനോ ഇരിക്കാനോ പറ്റാതെ തല മേല്‍പ്പോട്ടാക്കി ഇരുന്നാണ് ഉറക്കം. ഹീമോഫീലിയ രോഗം മൂലം വയറിനുള്ളില്‍ നട്ടെല്ലിലേക്ക് വളര്‍ന്നുണ്ടായ മുഴ കാരണം നേരാം വണ്ണം ഭക്ഷണം കഴിക്കാനോ വെള്ളം കുടക്കാനോ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. എത്രയും പെട്ടെന്ന് മുഴ നീക്കം ചെയ്തില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാവുന്ന അവസ്ഥയിലായിരുന്നു. മുഴ നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യയും പ്രാഗത്ഭ്യവും വെല്ലൂരിലെ ആശുപത്രിയിലുള്ളതിനാല്‍ അങ്ങോട്ടേക്ക് മാറ്റേണ്ടി വരുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ അതിനു കഴിയാതെ നരക ജീവിതം നയിക്കുകയായിരുന്നു വിദേശ്. തുടർന്നാണ് വിധേശിനെ വെല്ലൂർ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത്.
വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി ആർ. ബിന്ദു സാമൂഹിക നീതി വകുപ്പിന്റെ കെയര്‍ പദ്ധതിയില്‍പ്പെടുത്തി ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കുന്നത് പരിശോധിക്കാമെന്ന് മാതൃഭൂമിയെ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ഹീമോഫീലിയ ചാപ്റ്ററിന്റെ സഹായത്തോടെയാണ് പ്രത്യേക ആംബുലന്‍സ് വിളിച്ച് വിദേശിനെ വെല്ലൂരിലേക്ക് കൊണ്ടു പോയിരിക്കുന്നത്. ആംബുലന്‍സ്, താമസം, യാത്ര ചിലവ് എന്നിവയെടുക്കാനുള്ള പണം കുടുംബത്തിന്റെ കൈവശമില്ലാത്തതിനാല്‍ കോഴിക്കോട് ഹീമോഫീലിയ ചാപ്റ്റര്‍ അതിനുള്ള പണം കണ്ടെത്താനായി പരിശ്രമിക്കുകയാണെന്ന് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സാദിഖ് വി.പി അറിയിച്ചു. നിലവില്‍ ആംബുലന്‍സിന്‍റെ പകുതി ചിലവ് സന്നദ്ധ സംഘടന ഏറ്റെടുത്തിട്ടുണ്ട്. താമസത്തിനും മറ്റു ചിലവുകൾക്ക് വേണ്ട കാശിനായുള്ള ഓട്ടത്തിലാണെന്ന് സാദിഖ് അറിയിച്ചു. വിദേശിന്റെ വികലാംഗ പെന്‍ഷനിലും ഭര്‍ത്താവിന്റെ ക്ഷേമ പെന്‍ഷനും മൂലം കിട്ടുന്ന മൂവായിരം രൂപയിലാണ് ഈ മൂന്നംഗ കുടുംബത്തിന്റെ ജീവിതം.
Content Highlights: Hemophilia patient videsh,costly medicine, Mathrubhumi impact, social, help aid


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..