സന്നിധാനത്തെ തിരക്ക് | ഫോട്ടോ: ജി ശിവപ്രസാദ്/ മാതൃഭൂമി
കൊച്ചി: ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിന് മലയാളബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്ന് കോടതിയിൽ ഹർജിക്കാർ. പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണിതെന്നും മാറ്റനാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡും വ്യക്തമാക്കി.
മേൽശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്ന ദേവസ്വംബോർഡ് വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജിയിലാണ് വാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണെന്ന് ഹർജിക്കാർ ഉന്നയിച്ചു
ഹർജിയിൽ വാദംകേൾക്കാൻ ശനിയാഴ്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു. സിറ്റിങ് യുട്യൂബ് വഴി തത്സമയം സംപ്രേഷണം ചെയ്തു. ആദ്യമായാണ് കേരള ഹൈക്കോടതിയിൽ ഹർജിയിൽ വാദംകേൾക്കുന്നത് തത്സമയം സംപ്രേഷണം ചെയ്തത്. അന്തിമവാദത്തിന് 17-ന് വീണ്ടും പരിഗണിക്കും.
മേൽശാന്തി നിയമനത്തിന് അപേക്ഷിച്ച ടി.എൽ. സജിത്ത്, പി.ആർ. വിജീഷ്, സി.വി. വിഷ്ണുനാരായണൻ എന്നിവരാണ് ഹർജിക്കാർ. മലയാളബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. മലയാളബ്രാഹ്മണർ എന്നത് മലബാർ മാനുവൽ പ്രകാരവും 1881-ലെ സെൻസസ് രേഖകളിലും ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹർജിക്കാരിലൊരാൾക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ മോഹൻ ഗോപാൽ വാദിച്ചു. വ്യവസ്ഥ ജാതിവിവേചനമാണെന്ന് ഹർജിക്കാർക്കായി ഹാജരായ ബി.ജി. ഹരീന്ദ്രനാഥും വാദിച്ചു.
പുരാതനകാലംമുതലുള്ള രീതി മാറ്റാനാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കോൺസൽ ജി. ബിജു വാദിച്ചു. ഒരു സമുദായത്തിൽനിന്നുള്ള പൂജാരിമാരെ ശബരിമല മേൽശാന്തിമാരായി ക്ഷണിക്കുന്നത് കീഴ്വഴക്കമാണെന്നും ഇത് തുടരാനേ കഴിയൂവെന്നും അദ്ദേഹം വാദിച്ചു.
പുരാതനകാലംമുതൽ മലയാളബ്രാഹ്മണരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നതെന്നതിന് രേഖകളുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം തെറ്റാണെങ്കിൽ തെളിയിക്കേണ്ടത് ഹർജിക്കാരാണെന്ന് ദേവസ്വം ബോർഡ് മറുപടിനൽകി.
Content Highlights: head priest in Sabarimala temple
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..