ഹരിപ്പാട് ബ്ലോക്ക് റിസോഴ്സ് സെന്ററിൽ അമ്മമാർക്കു കുട നിർമാണത്തിൽ പരിശീലനം നൽകുന്നു
ഹരിപ്പാട്: ഹരിപ്പാട്ടെ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (ബി.ആർ.സി.) ഓട്ടിസം കേന്ദ്രത്തിനുമുന്നിൽ അമ്മമാരുടെ കാത്തിരിപ്പ് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നീളാറുണ്ട്. കളിയും ഫിസിയോതെറപ്പിയും സംസാര ചികിത്സയുമൊക്കെയായി കുട്ടികൾ ഓട്ടിസംകേന്ദ്രത്തിൽ തിരക്കിലാകുമ്പോൾ രാവിലെ അവരോടൊപ്പമെത്തുന്ന അമ്മമാർ പുറത്തെ തിണ്ണയിൽ വെറുതേയിരിക്കാറായിരുന്നു പതിവ്. എന്നാലിപ്പോൾ, ബി.ആർ.സി. കോ-ഓർഡിനേറ്റർമാരായ അധ്യാപകർ ഇവർക്കു കുട നിർമാണത്തിനും തുണിതുന്നാനും അവസരമൊരുക്കുകയാണ്. കുട്ടികൾക്കൊപ്പം ഇവർക്ക് ഉച്ചഭക്ഷണവും നൽകുന്നു.
ഒരു ചുമരിനപ്പുറം മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കിക്കൊണ്ടുതന്നെ ജോലിചെയ്യാം. ജോലിയിൽ മുഴുകുന്നതിനാൽ കുറച്ചുനേരത്തേക്കെങ്കിലും സങ്കടങ്ങൾ മറക്കാം. ചെറിയ വരുമാനവും കിട്ടും. ഇപ്പോൾ 15 അമ്മമാരാണ് ഇങ്ങനെ സ്വയംതൊഴിൽ ചെയ്യുന്നത്. കൂടുതൽപേർ മുന്നോട്ടുവന്നാലും അവസരമുണ്ട്.
കുടയ്ക്കുള്ള സാമഗ്രികൾ വാങ്ങാൻ കോ-ഓർഡിനേറ്റർമാരും ബ്ലോക്ക് പ്രോജക്ട് ഓഫീസറും ചേർന്ന് 40,000 രൂപയോളം ചെലവാക്കി. സന്നദ്ധരായ അമ്മമാർക്ക് വിദഗ്ധ പരിശീലനം നൽകി. കഴിഞ്ഞദിവസംമുതൽ കുട നിർമിച്ചുതുടങ്ങി. ഓണത്തോടെ ഇവിടെനിന്നുള്ള കുടകൾ വിപണിയിലെത്തിക്കാനാണു ശ്രമം. ഇക്കാര്യമറിഞ്ഞ ഹരിപ്പാട് നഗരസഭാ കൗൺസിലർ അനസ് അബ്ദുൾനസിം തന്റെ വാർഡിൽ വിതരണംചെയ്യാൻ 500 കുടകൾ ആവശ്യപ്പെട്ടിരിക്കുകയാണ്.
രണ്ടു തയ്യൽമെഷീനുകൾ സ്പോൺസർമാരുടെ സഹായത്തോടെ വാങ്ങി. മൂന്നെണ്ണത്തിനുകൂടി സ്പോൺസർമാരെ കണ്ടെത്താൻ ശ്രമിക്കുന്നു. അതോടെ, തയ്യൽ വശമുള്ളവർക്ക് പാവാടയും നൈറ്റിയും ഉൾപ്പെടെ കൂടുതൽ തുണിത്തരങ്ങൾ തുന്നാം. തയ്യൽ അറിയാത്തവരെ പരിശീലിപ്പിക്കും.
ഓട്ടിസംകേന്ദ്രത്തിൽ രാവിലെ കുട്ടികളെ വിട്ടശേഷം വീട്ടിൽപ്പോയി വൈകുന്നേരം വീണ്ടും വരാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് മിക്കവരും അവിടെത്തന്നെയിരിക്കുന്നത്. ചില കുട്ടികൾക്ക് അമ്മമാർ എപ്പോഴും അടുത്തുവേണം. ചെറുതെങ്കിലും ഒരുജോലിയും അതിലൂടെ ഇത്തിരി വരുമാനവും സന്തോഷവും കിട്ടുന്നതിന്റെ ആശ്വാസമാണ് ഈ അമ്മമാർക്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..